കോടഞ്ചേരിയിലെ വിവാദ വിവാഹം: ജോയ്സ്‌നയെ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം
കൊച്ചി: ഏറെ ചര്‍ച്ചയായ കോടഞ്ചേരിയിലെ പ്രണയവിവാഹത്തിലെ വധു ജോയ്‌സ്‌നയെ 19-ന് ഹാജരാക്കാന്‍ പോലീസിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
ജോയ്‌സ്‌നയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് ജോസഫ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. ഇതിലാണ് ജസ്റ്റിസ് സതീഷ് നൈനാന്‍, ജസ്റ്റിസ് സിഎസ് സുധ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ നിര്‍ദ്ദേശം. ഈ ഹര്‍ജിയില്‍ ഈ മാസം 12-നാണ് കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിക്കും കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിഐയ്ക്കും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നല്‍കിയത്.
ജോയ്‌സ്‌നയെ കാണാനില്ലെന്നാരോപിച്ച് പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. കണ്ടെത്താനായില്ലെന്നു വ്യക്തമാക്കി നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിച്ച ദിവസം ജോയ്‌സ്ന ഷെജിനൊപ്പം താമരശ്ശേരി കോടതിയില്‍ ഹാജരായി. സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും വ്യക്തമാക്കി. ഷെജിനൊപ്പം പോകാന്‍ കോടതി അനുമതി നല്‍കി.
എന്നാല്‍, പിതാവിനോട് സംസാരിക്കാന്‍ പോലും അനുവദിക്കാതെ മകളെ കൂട്ടിക്കൊണ്ടുപോയെന്നും, ഹാജരായപ്പോള്‍ തനിക്കു കാണാന്‍ കഴിഞ്ഞില്ലെന്നുമാണ് പിതാവിന്റെ വാദം. മകളെ തട്ടിക്കൊണ്ടുപോയതാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പിതാവ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിര്‍ദ്ദേശം