Mon. May 20th, 2024

ഗോപി കോട്ടമുറിക്കല്‍ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ സ്ഥാനം രാജി വച്ചു

By admin Apr 17, 2022 #news
Keralanewz.com

കൊച്ചി: ജപ്തി വിവാദത്തിനു പിന്നാലെ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ പദവിയില്‍നിന്നു മുതിര്‍ന്ന സി.പി.എം നേതാവ് ഗോപി കോട്ടമുറിക്കല്‍ രാജിവച്ചു.

രക്ഷിതാക്കളില്ലാത്ത സമയത്ത് പ്രായപൂര്‍ത്തിയാകാത്ത മൂന്നു കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്തത് വന്‍ വിവാദമായിരുന്നു. അതേ തുടര്‍ന്ന് പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരമാണ് രാജി.

ബാങ്കിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയും നപടി സ്വീകരിച്ചിട്ടുണ്ട്. ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ഷാന്റി, ബ്രാഞ്ച് മാനേജര്‍ സജീവന്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു.
ഗോപി കോട്ടമുറിക്കല്‍ നിലവില്‍ കേരള ബാങ്ക് ചെയര്‍മാനാണ്.

പായിപ്ര പേഴായ്ക്കാപ്പള്ളി വലിയ പറമ്ബില്‍ വി.എ രാജേഷിന്റെ വീട്ടിലായിരുന്നു കടബാധ്യതയുടെ പേരില്‍ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ജപ്തി നടപടികള്‍ സ്വീകരിച്ചത്. ഹൃദ്രോഗത്തെ തുടര്‍ന്ന് രാജേഷ് ആശുപത്രിയില്‍ കഴിയുമ്ബോഴായിരുന്നു സംഭവം. ഭാര്യയും രാജേഷിനൊപ്പമായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ മാത്യു കുഴല്‍ നാടന്‍ എം.എല്‍.എ വീടിന്റെ പൂട്ട് പൊളിച്ച്‌ അകത്തുകയറുകയും കുടുംബത്തിന് തുണയാകുകയും ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പുറത്താക്കി ജപ്തി നടപടി സ്വീകരിച്ച ബാങ്കിനെതിരേ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഹൃദ്രോഗ ബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ രാജേഷിന്റെ കടം മാത്യു കുഴല്‍ നാടന്‍ ഏറ്റെടുത്തിരുന്നു. ഇത് വന്‍ വാര്‍ത്തയായതോടെ ബാങ്കിലെ സി.ഐ.ടി.യു യൂണിയന്‍ രാജേഷിന്റെ കടം അടച്ചുതീര്‍ക്കുമെന്ന് പ്രഖ്യാപിച്ച്‌ രംഗത്തുവന്നെങ്കിലും അത് വേണ്ടെന്ന് രാജേഷ് പറഞ്ഞിരുന്നു. മാത്യു കുഴല്‍നാടന്‍ നല്‍കിയ ചെക്കുമായി രാജേഷും ഭാര്യയും ബാങ്കിലെത്തിയപ്പോള്‍ ലോണ്‍ അടച്ചു തീര്‍ത്തതായി അറിയിച്ച്‌ ചെക്കു വാങ്ങാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. താന്‍ ലോണ്‍ അടച്ചിട്ടില്ലെന്നും പണം സിഐടിയുവിനു നല്‍കുകയുമില്ലെന്നു നിലപാടെടുത്തതോടെയാണ് ഉദ്യോഗസ്ഥര്‍ ചെക്ക് സ്വീകരിച്ചത്.
ജപ്തി നടപടി സ്വീകരിച്ച ബാങ്ക് ജീവനക്കാരുടെ നടപടി വന്‍ വിവാദമാണ് സൃഷ്ടിച്ചത്. ഉദ്യോഗസ്ഥരുടെ നടപടിയില്‍ സഹകരണ വകുപ്പു വീഴ്ച കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്കു നിര്‍ദേശമുണ്ടായതിനു പിന്നാലെ ബാങ്ക് സി.ഇ.ഒ ജോസ് കെ.പീറ്റര്‍ രാജി വച്ചിരുന്നു. ബാങ്കില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരാണ് ജപ്തി നടപടികള്‍ക്കായി അജീഷിന്റെ വീട്ടിലെത്തിയത്. പൊലീസും കോടതി ജീവനക്കാരും സംഘത്തിലുണ്ടായിരുന്നു. പൊലീസിനാണ് ജപ്തി നടപടിയുടെ ഉത്തരവാദിത്തം എന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥര്‍.
സി.പി.എം ഭരിക്കുന്ന ബാങ്കില്‍ ഇത്തരത്തിലൊരു സംഭവമുണ്ടായത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി. തുടര്‍ന്നാണ് ഗോപി കോട്ടമുറിക്കല്‍ സ്ഥാനമൊഴിഞ്ഞത്

Facebook Comments Box

By admin

Related Post