International News

കാമുകനെ എന്നും സ്വന്തമായി കിട്ടാന്‍ സെക്‌സിനു മുമ്പ് കോണ്ടത്തിനു തുളയിട്ട യുവതി ജയിലിലായി

Keralanewz.com

ലൈംഗിക ബന്ധത്തിനു മുമ്പായി കാമുകന്റെ ഗര്‍ഭനിരോധന ഉറകളില്‍ തുളകള്‍ ഉണ്ടാക്കിയ യുവതിക്ക് ശിക്ഷ. ജര്‍മനിയിലാണ് 39 കാരിയായ യുവതിക്ക് കോടതി ആറുമാസം തടവുശിക്ഷ വിധിച്ചത്. പങ്കാളിയുടെ കോണ്ടത്തില്‍ അയാളുടെ അറിവോ അനുമതിയോ ഇല്ലാതെ ബോധപൂര്‍വ്വം തുളകളുണ്ടാക്കി എന്ന കുറ്റത്തിനാണ് ശിക്ഷ. ജര്‍മനിയുടെ നീതിന്യായ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു കേസും ശിക്ഷയുമെന്ന് കോടതി നിരീക്ഷിച്ചു. പടിഞ്ഞാറന്‍ ജര്‍മനിയിലെ ബീലെഫെല്‍ഡ് പ്രാദേശിക കോടതിയാണ് ചരിത്രപ്രധാനമായ വിധിയെഴുതിയതെന്ന് ജര്‍മനിയിലെ ഏറ്റവും പ്രചാരമുള്ള പത്രങ്ങളിലൊന്നായ ബില്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.


ഓണ്‍ലൈനില്‍ പരിചയപ്പെട്ടശേഷം പരസ്പരം ലൈംഗികമായി ബന്ധം പുലര്‍ത്തിപ്പോന്ന യുവതിയും 42കാരനായ യുവാവുമാണ് കേസില്‍ ഉള്‍പ്പെട്ടത്. 2021ലാണ് ഇരുവരും ഓണ്‍ലൈനില്‍ പരിചയപ്പെട്ടത്. സെക്‌സിനു വേണ്ടിയുള്ള ബന്ധത്തില്‍ ഇരുവര്‍ക്കും തമ്മില്‍ മറ്റൊരു വിധത്തിലുമുള്ള കമ്മിറ്റ്‌മെന്റും ഉണ്ടായിരുന്നില്ല. ഇയാളുമായി ആഴത്തിലുള്ള ബന്ധം യുവതിക്ക് ഉണ്ടായിരുന്നുവെങ്കിലും വിവാഹിതനാവാന്‍ യുവാവിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. യുവാവുമായി സാധാരണ ബന്ധം പുലര്‍ത്തിയിരുന്ന യുവതി കൂടുതല്‍ അടുപ്പമുണ്ടാക്കുക എന്ന ആഗ്രഹത്തോടെയാണ് ഈ കാര്യം ചെയ്തത് എന്നാണ് കേസ് രേഖകള്‍ പറയുന്നത്.


ഇതിന്റെ ഭാഗമായി ഇവര്‍ യുവാവ് സൂക്ഷിച്ചിരുന്ന ഗര്‍ഭനിരോധന ഉറകളുടെ പാക്കറ്റ് തുറന്ന് അവയില്‍ രഹസ്യമായി ദ്വാരങ്ങളുണ്ടാക്കി. യുവാവില്‍നിന്നും ഗര്‍ഭിണിയാവുക എന്നതായിരുന്നു ഇവരുടെ ഉദ്ദേശ്യം. എന്നാല്‍, ലൈംഗിക ബന്ധം നടന്നിട്ടും ഇവര്‍ ഗര്‍ഭിണിയായില്ല.


എങ്കിലും, താന്‍ ഗര്‍ഭിണിയാണെന്നും കോണ്ടത്തില്‍ രഹസ്യമായി താന്‍ ദ്വാരങ്ങള്‍ ഉണ്ടാക്കിയിരുന്നുവെന്നും യുവതി ഇയാള്‍ക്ക് പിന്നീട് വാട്ട്‌സാപ്പ് മെസേജ് അയച്ചു. തുടര്‍ന്നാണ് യുവാവ് കോടതിയെ സമീപിച്ചത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് യുവതി ഇങ്ങനെ ചെയ്തതെന്നും ഇത് ബോധപൂര്‍വ്വം കൃത്രിമത്വം കാണിച്ചതാണെന്നും അയാള്‍ പരാതിയില്‍ പറഞ്ഞു. തുടര്‍ന്നാണ് കോടതി കേസ് പരിഗണിച്ചത്.


ജര്‍മനിയുടെ നീതിന്യായ ചരിത്രത്തിലെ അപൂര്‍വ്വ സംഭവമായ ഈ കേസ് എങ്ങനെ പരിഗണിക്കണമെന്ന കാര്യത്തില്‍ ജഡ്ജിക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കും ഏറെ സംശയങ്ങള്‍ ഉണ്ടായിരുന്നു. യുവതി കുറ്റം ചെയ്തതായി തെളിഞ്ഞുവെങ്കിലും എന്ത് കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തുക എന്നതായിരുന്നു സംശയം. ഇത് ബലാല്‍സംഗത്തിന്റെ പരിധിയില്‍ വരുമോ എന്നതായിരുന്നു ആദ്യ അന്വേഷണം. എന്നാല്‍, ആ നിര്‍വചനത്തില്‍ ഇത് പെടില്ലെന്ന് കോടതിക്ക് ബോധ്യമായി. തുടര്‍ന്നാണ് ലൈംഗിക അതിക്രമം എന്ന കുറ്റം ചുമത്തി യുവതിക്ക് ശിക്ഷ വിധിച്ചത്.


ജര്‍മന്‍ നിയമപ്രകാരം, സ്ത്രീകള്‍ അറിയാതെ കോണ്ടത്തില്‍ ദ്വാരങ്ങളുണ്ടാക്കുന്ന പുരുഷന്‍മാര്‍ക്കെതിരെ ചുമത്തുന്ന നിയമമാണ് ഈ കേസില്‍ ഒടുവില്‍ പരിഗണിച്ചത്. സാധാരണ പുരുഷന്‍മാര്‍ക്കെതിരായാണ് ഈ കുറ്റം ചുമത്താറുള്ളത്. ഇവിടെ പ്രതി സ്ത്രീയാണ്. അതിനാല്‍, ഈ നിയമത്തെ തിരിച്ചു വായിക്കുകയാണ് ജഡ്ജുമാര്‍ ചെയ്തത്. കേസില്‍ പ്രതിയായ സ്ത്രീ സമാനമായ കുറ്റമാണ് ചെയ്തതെന്ന് കോടതി കണ്ടെത്തുകയും അതനുസരിച്ചുള്ള തടവുശിക്ഷ വിധിക്കുകയുമായിരുന്നുവെന്ന് ജഡ്ജ് ആസ്ട്രിഡ് സലേവ്‌സ്‌കി പറഞ്ഞു

Facebook Comments Box