FilmsKerala News

മമ്മൂ‌ട്ടിയ്ക്ക് കുടലില്‍ അര്‍ബുദം സ്ഥിരീകിരിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍; പ്രതികരണവുമായി നടന്റെ പിആര്‍ ടീം

Keralanewz.com

പ്രായത്തിന്റെ പാടുകള്‍ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്ബരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ് ആരാധകർക്ക്.

ഏറ്റെടുക്കുന്ന വേഷങ്ങളോടുള്ള നടന്റെ ആത്മാർത്ഥത, ഏത് മേഖലയിലുള്ളവർക്കും കണ്ട് പഠിക്കാവുന്നതാണ്. കലാപാരമ്ബര്യത്തിൻറെ തഴമ്ബുകളില്ലാതെ സിനിമാ ലോകത്തേയ്ക്കെത്തിയ പി.ഐ.മുഹമ്മദ് കുട്ടി മമ്മൂട്ടിയായി പിന്നെ മമ്മൂക്കയാക്കി ആരാധകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിയുടേതായി പ്രചരിക്കുന്ന വാർത്തകളാണ് ആരാധകർക്കിടയില്‍ ആശങ്കയുയർത്തുന്നത്. മമ്മൂ‌ട്ടിയ്ക്ക് കുടലില്‍ അർബുദം സ്ഥിരീകിരിച്ചെന്ന തരത്തിലാണ് വാർത്തകള്‍ പ്രചരിക്കുന്നത്. 73 കാരനായ നടൻ കാൻസർ ചികിത്സയ്ക്ക് വേണ്ടി ഷൂട്ടിംഗില്‍ നിന്നും മാറി നില്‍ക്കുകയാണെന്നും താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അദ്ദേഹത്തന്റെ അടുത്ത് മക്കളായ സുറുമിയും ദുല്‍ഖർ സല്‍മാനും ഉണ്ടെന്നുമാണ് പ്രചരിച്ചിരുന്നത്.

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മമ്മൂട്ടിയുടെ പിആർ ടീം. നിലവില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്നും മമ്മൂട്ടിക്ക് കാൻസറില്ലെന്നും ഇവർ വ്യക്തമാക്കുന്നു. അത് വ്യാജ വാർത്തയാണ്. റമദാനില്‍ നോമ്ബുള്ളതിനാല്‍ ഇപ്പോള്‍ വെക്കേഷനിലാണ് അദ്ദേഹം. ഷൂട്ടിംഗുകളില്‍ നിന്നും മാറി നില്‍ക്കുന്നു. ബ്രേക്ക് കഴിഞ്ഞ് മോഹൻലാലിനൊപ്പമുള്ള മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിംഗിന് തിരിച്ചെത്തും എന്നാണ് മമ്മൂട്ടിയുടെ പിആർ ടീം പ്രതികരിച്ചത്.

പിന്നാലെ വ്യക്തത ലഭിച്ചതിന്റെ ആശ്വാസത്തിലാണ് മമ്മൂട്ടി ആരാധകരും മലയാളികളും. പ്രിയ താരത്തിന് എന്ത് സംഭവിച്ചുവെന്നറിയാതെ ആരാധകരും പരിഭ്രാന്തിയിലായിരുന്നു. ഇപ്പോള്‍ എന്തായാലും അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ ഇല്ലെന്ന് അറിഞ്ഞതോടെ സമാധാനമായി എന്നാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. അതോടൊപ്പം ഇത്തരത്തില്‍ വ്യാജവാർത്തകള്‍ പടച്ച്‌ വിടുന്നവര്ക്കെതിരെ കർശന നടപടിയെടുക്കണമെന്നും പലരും പ്രതികരിച്ചിട്ടുണ്ട്.

ആരോഗ്യ കാര്യങ്ങളില്‍ വലിയ ശ്രദ്ധ നല്‍കുന്ന താരമാണ് മമ്മൂട്ടി. കൃത്യമായ ഡയറ്റിംഗ് താരത്തിനുണ്ട്. 73 വയസിലും ചെറുപ്പം നിലനിർത്തുന്നതിന് കാരണവും ഇതാണ്. മമ്മൂട്ടിയുടെ ഭക്ഷണ രീതികളെക്കുറിച്ച്‌ സഹപ്രവർത്തകരില്‍ പലരും പലപ്പോഴും സംസാരിക്കാറുണ്ട്. ഇഷ്ടമുള്ളതെന്തും കഴിക്കും എന്നാല്‍ ഇഷ്ടമുള്ള അത്രയും കഴിക്കാറില്ലെന്നതാണ് തന്റെ ഡയറ്റിംഗിനെക്കുറിച്ച്‌ പലപ്പോഴും ആരാധകരോട് മമ്മൂട്ടി പറയാറുള്ളത്.

അതേസമയം, കരിയറില്‍ തുടരെ സിനിമകളുമായി തിരക്കുകളിലാണ് മമ്മൂട്ടി. മഹേഷ് നാരായണൻ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിട്ടില്ല. മമ്മൂട്ടിയും മോഹൻലാലും 16 വർഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച്‌ അഭിനയിക്കുന്ന സിനിമയാണിത്. ഇതിന് മുമ്ബ് ട്വന്റി ട്വന്റി എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ച്‌ അഭിനയിച്ചത്. നയൻതാരയാണ് ചിത്രത്തില്‍ നായികയെന്ന പ്രത്യേകതയുമുണ്ട്. ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നു.

കഴിഞ്ഞ വർഷം നവംബർ മാസത്തിലാണ് സിനിമയുടെ പൂജ നടന്നത്. ശ്രീലങ്കയില്‍ വെച്ചായിരുന്നു ചടങ്ങ്. മമ്മൂട്ടിയും മോഹൻലാലും ചട‌ങ്ങിനെത്തിയിരുന്നു. ശ്രീലങ്ക, ലണ്ടൻ, അബു ദാബി, അസർബെെജാൻ, തായ്ലന്റ്, വിശാഖ പട്ടണം, ഹെെദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായാണ് ഷൂട്ടിംഗ്. ഈ മള്‍ട്ടി സ്റ്റാർ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ബസൂക്കയാണ് മമ്മൂട്ടിയുടെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ.

നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ബസൂക്ക. ഏപ്രില്‍ 10 ന് ചിത്രം തിയറ്ററുകളിലെത്തും. മെഗാസ്റ്റാറിന്റെ അഭിനയം കണ്ട് അത്ഭുതപ്പെട്ട് പോയ ഒരു അനുഭവത്തെ കുറിച്ച്‌ അടുത്തിടെ നടൻ നന്ദു പറഞ്ഞ വാക്കുകളും വൈറലായിരുന്നു. മമ്മൂട്ടിയുടെ കൂടെ കുറച്ച്‌ സിനിമകളിലെ ഞാൻ വർക്ക് ചെയ്തിട്ടുള്ളു. അദ്ദേഹത്തെ ഞാനിപ്പോഴും സാർ എന്നാണ് വിളിക്കുന്നത്. വിഷ്ണു എന്ന സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ച്‌ അഭിനയിക്കുകയാണ്.

അതിലെനിക്ക് കരയുന്നൊരു സീനുണ്ട്. പക്ഷേ കരയാൻ അറിയത്തില്ല. കാരണം ഞാനത് വരെ തമാശയും വളിപ്പുമൊക്കെയാണ് ചെയ്തിട്ടുള്ളത്. നല്ലതൊന്നും കാണിക്കുന്നില്ലല്ലോ. നല്ലൊരു വേഷം കിട്ടിയാലല്ലേ സീരിയസായി അഭിനയിക്കാൻ സാധിക്കുകയുള്ളു. അതുവരെ എനിക്ക് ഗ്ലിസറിൻ ഇടുകയോ കണ്ണീർ വരുത്തി അഭിനയിക്കുകയോ ചെയ്തിട്ടില്ല. വിഷ്ണു എന്ന സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെ തൂക്കിക്കൊല്ലാൻ വിധിക്കുന്നുണ്ട്.

തൂക്കുന്നതിന് തലേദിവസം കൊടുക്കുന്ന ഭക്ഷണത്തിനാണ് കൊലച്ചോർ എന്ന് പറയുന്നത്. തടവില്‍ കഴിയുന്ന ആളുകള്‍ തന്നെയാണ് പോലീസിന്റെ നിർദ്ദേശപ്രകാരം ഈ ഭക്ഷണം കൊണ്ട് കൊടുക്കുന്നത്. വിഷ്ണുവിനെ അത്രയും സ്‌നേഹിക്കുന്ന ഞാനാണ് അതിലൊരു കഥാപാത്രം. ഞങ്ങള്‍ രണ്ടാളും ജയിലിലെ സഹമുറിയനാണ്. വിഷ്ണുവേട്ടനെ തൂക്കികൊല്ലില്ല, സർക്കാർ വെറുതേ വിടും എന്നൊക്കെ ഞാൻ പറഞ്ഞോണ്ട് കരയണം.

ബാക്കി ഷോട്ട് ഒക്കെ എടുത്തു. ശേഷം ഞാൻ കരയുന്നത് ക്ലോസ് എടുക്കുകയാണ്. ഗ്ലിസറിനിട്ടിട്ടും എനിക്ക് കരച്ചില്‍ വരുന്നില്ല. കരച്ചില്‍ മാത്രമല്ല ഫീലിങ്ങ്‌സും വരുന്നില്ല. മമ്മൂക്ക അവിടെ തന്നെ കസേര ഇട്ട് ഇരുപ്പുണ്ട്. എന്റെ റിഹേഴ്‌സല്‍ രണ്ട് മൂന്ന് തവണ എടുത്തത് മമ്മൂക്ക ആള്‍ക്കൂട്ടത്തിലിരുന്ന് കാണുന്നുണ്ടായിരുന്നു. എന്നിട്ട് എന്നോട് നീയൊന്ന് ചെയ്‌തേ, കാണട്ടേ എന്ന് പറഞ്ഞു. ആക്ഷൻ പറഞ്ഞപ്പോള്‍ ഞാൻ ചെയ്ത് കാണിച്ചു. പക്ഷേ കരച്ചില്‍ വരുന്നില്ല. ഗ്ലിസറിൻ ഇട്ടിരുന്നോന്ന് പുള്ളി ചോദിച്ചു. എന്നിട്ടും വരുന്നില്ലെന്നായി ഞാൻ.

ഇതോടെ പുള്ളി ഞാൻ ചെയ്യുന്നത് എങ്ങനെയാണെന്ന് നോക്കിക്കോളാൻ പറഞ്ഞു. എന്നിട്ട് എന്റെ ഡയലോഗ് നോക്കിയിട്ട് പറയാൻ തുടങ്ങി. അദ്ദേഹം ഡയലോഗ് പറയുന്നത് കേട്ടപ്പോള്‍ എനിക്ക് ശരിക്കും കരച്ചില്‍ വന്നു. അതുപോലെ തന്നെ ഞാനും പറയാൻ ശ്രമിച്ചു. പക്ഷേ പുള്ളി ചെയ്തതിന്റെ ആയിരത്തിലൊരു ശതമാനം പോലും എനിക്ക് നന്നായി വന്നില്ല. പക്ഷേ മുൻപ് ചെയ്തതിനെക്കാളും മനോഹരമായി. ഞാൻ അത്ഭുതപ്പെട്ടത് അദ്ദേഹം അവിടെ വന്ന് നിന്നിട്ട് ഗ്ലിസറിൻ പോലുമിടാതെ എനിക്ക് കാണിച്ച്‌ തരാൻ വേണ്ടി കരഞ്ഞു.

അഭിനയിച്ച്‌ കാണിച്ച്‌ തന്നപ്പോള്‍ പോലും ശരിക്കും വെള്ളം വന്നു. അതിപ്പോള്‍ ആലോചിക്കുമ്ബോള്‍ എനിക്ക് കരച്ചില്‍ വരും. അസാധ്യ അഭിനയമാണ്. ജീവിതത്തിലെനിക്കത് മറക്കാൻ സാധിക്കില്ല. ഭയങ്കര അനുഭവമായിരുന്നുവെന്നും നന്ദു പറയുന്നു. നന്ദുവിന്റെ വാക്കുകള്‍ വളരെപ്പെട്ടെന്നാണ് വൈറലായി മാറിയിരിക്കുന്നത്. കരിയറില്‍ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് മമ്മൂട്ടി ഇപ്പോള്‍ കടന്ന് പോകാറെന്ന് ആരാധകർ പറയാറുണ്ട്.

ഒന്നിന് പിറകെ ഒന്നായി താരം ശ്രദ്ധേയ സിനിമകള്‍ ചെയ്തു. ചില സിനിമകള്‍ സ്വന്തം പ്രൊഡക്ഷൻ ഹൗസായ മമ്മൂട്ടി കമ്ബനി തന്നെ നിർമ്മിക്കുന്നു. നിരൂപകര പ്രശംസ നേടിയ നിരവധി സിനിമകളു‌ടെ ഭാഗമാകാൻ മമ്മൂട്ടിക്ക് കഴിയുന്നു എന്നതും ശ്രദ്ധേയമാണ്. ഭ്രമയുഗമാണ് അടുത്ത കാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട മമ്മൂട്ടി ചിത്രം. മമ്മൂട്ടിയുടെ മകൻ ദുല്‍ഖർ സല്‍മാൻ മലയാളത്തേക്കാളും തെലുങ്കിലാണ് ഇന്ന് കൂടുതല്‍ സജീവം.

ഒടുവില്‍ പുറത്തിറങ്ങിയ ലക്കി ഭാസ്ക്കർ എന്ന ദുല്‍ഖർ ചിത്രം വൻ വിജയമായിരുന്നു. തെലുങ്കില്‍ തുടരെ ഹിറ്റുകളുമായി കരിയറില്‍ മുന്നേറുകയാണ് ദുല്‍ഖർ സല്‍മാൻ. താരം മലയാളത്തില്‍ സജീവമാകണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. കരിയറില്‍ താൻ തുടരെ സിനിമകള്‍ ചെയ്യാത്തതിനെക്കുറിച്ച്‌ പിതാവ് ഉപദേശിച്ചിട്ടുണ്ടെന്ന് അടുത്തിടെ ദുല്‍ഖർ പറഞ്ഞിരുന്നു. തുടരെ സിനിമകള്‍ ചെയ്യണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും ദുല്‍ഖർ സല്‍മാൻ അന്ന് വ്യക്തമാക്കി.

എന്നാല്‍, ദുല്‍ഖർ മമ്മൂട്ടിയുടെ വഴിയേ സിനിമയിലേക്ക് എത്തിയപ്പോള്‍ എല്ലാവരും തിരക്കിയത് മമ്മൂട്ടിയുടെ മൂത്ത മകള്‍ സുറുമിയെയാണ്. എന്നാല്‍ സുറുമിക്ക് കമ്ബം അഭിനയത്തിനോട് അല്ല ചിത്രരചനയോടാണ്. ചിത്രകാരി എന്ന നിലയിലാണ് സുറുമി അറിയപ്പെടുന്നത് തന്നെ. സുറുമിയുടെ ചിത്രരചനയിലെ കഴിവ് എപ്പോഴും ആരധകരെ അമ്ബരപ്പിച്ചിട്ടുണ്ട്. ഇതിനോടകം ഒട്ടനവധി ചിത്രപ്രദർശനം സുറുമി നടത്തി കഴിഞ്ഞിട്ടുണ്ട്.

സിനിമയിലേക്ക് വരാൻ തനിക്ക് വലിയ താത്പര്യമുണ്ടായിരുന്നെന്നും പക്ഷേ തനിക്ക് പേടിയായിരുന്നെന്നുമാണ് സുറുമി പറയുന്നത്. താനൊരു നാണം കുണുങ്ങി ആയിരുന്നെന്നും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് തന്നെ പേടിയും ചമ്മലുമായിരുന്നെന്നും സുറുമി പറയുന്നു. ചുറ്റിലും സിനിമ ഉണ്ടായിരുന്നു, വാപ്പച്ചിയായും ദുല്‍ഖറായായും സിനിമ എന്റെ ചുറ്റും ഉണ്ട്. അതുകൊണ്ട് തന്നെ സിനിമ എന്നെ സ്വാധീനിച്ചിരുന്നു.

അപ്പോള്‍ ഇടയ്ക്ക് തോന്നാറുണ്ട് ആ വേഷം ചെയ്താല്‍ എങ്ങനെ ഉണ്ടാവും, ചിലപ്പേള്‍ സിനിമാഭിനയം എനിക്ക് പറ്റിയ പണിയല്ല എന്ന് തോന്നും. എന്നോട് അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊന്നും വാപ്പച്ചി പറഞ്ഞിരുന്നില്ല. എനിക്ക് ചിത്രം വര ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ നല്ല പ്രോത്സാഹനമാണ് വീട്ടില്‍ നിന്ന് കിട്ടിയത് എന്നും സുറുമി പറയുന്നു.

മണിപ്പാല്‍ ഹോസ്പിറ്റലിലെ ചീഫ് കാർഡിയാക് സർജൻ ആണ് സുറുമിയുടെ ഭർത്താവ് ഡോ മുഹമ്മത് റേഹൻ സയീദ്. ചെന്നൈയിലെ സ്റ്റെല്ല മാരിസില്‍ നിന്ന് ഫൈൻ ആർട്‌സില്‍ ബിരുദം നേടിയ സുറുമി തന്റെ സഹോദരൻ ദുല്‍ഖറിനെ പോലെ തന്നെ വിദേശത്താണ് പിന്നീട് ഉപരിപഠനം നടത്തിയത്. ലണ്ടനിലെ ചെല്‍സി കോളേജ് ഓഫ് ആർട്‌സില്‍ നിന്ന് ബിരുദാനന്തര പഠനം പൂർത്തിയാക്കിയ ആളാണ് സുറുമി. സുറുമി നേരത്തെ ഇന്ത്യയിലെ മഹാനഗരങ്ങളിലെ പ്രകൃതിദൃശ്യങ്ങള്‍ ചിത്രീകരിക്കുന്ന ഏതാനും ചിത്രങ്ങള്‍ വില്‍പ്പനയ്ക്ക് വച്ചിരുന്നു. കഴിഞ്ഞ വർഷം പോലും സുറുമിയുടെ എക്‌സിബിഷൻ നടന്നിട്ടുണ്ട്. സുറുമി വരച്ച മമ്മൂട്ടിയുടെ ഫോട്ടോയും വൈറലായിരുന്നു.

വീടിന് പരിസരത്തും യാത്രകള്‍ക്ക് ഇടയിലും കാണുന്ന മരങ്ങളോ ചെടികളോ വള്ളിപ്പടർപ്പുകളോ സുറുമി ഫോട്ടോ എടുത്തുവെക്കും. പിന്നീട് മാസങ്ങളെടുത്ത് പേപ്പറിലേക്ക് പകർത്തും. ഒരോ ദിവസവും മൂന്നും നാലും മണിക്കൂറാണ് വരയ്ക്കാനായി സുറുമി ചെലവഴിക്കുന്നത്. ആശുപത്രി തിരക്കുകളും മക്കളുടെ പഠനവും എല്ലാം ശ്രദ്ധിച്ചശേഷം കിട്ടുന്ന സമയത്താണ് സുറുമി വരയ്ക്കുന്നത്.

ഒമ്ബതാം ക്ലാസ് മുതല്‍ ചിത്രരചന പാഠ്യ വിഷയമായി തിരഞ്ഞെടുത്ത സുറുമി ഇപ്പോള്‍ മുഴുവൻ സമയവും ചിത്രരചനയ്ക്കായി മാറ്റിവെച്ചിരിക്കുകയാണ്. ഭർത്താവ് മുഹമ്മദ് റൈഹാൻ ഷാഹിദിനും മക്കളായ അധ്യാനും എഫ്സിനുമൊപ്പം ബംഗ്ലൂരുവില്‍ താമസിക്കുന്ന സുറുമി ബെംഗളൂരു ലൈറ്റ് ഹൗസ് ഇന്റർനാഷനലില്‍ ചിത്ര രചന പഠിപ്പിക്കുന്നുമുണ്ട്.

Facebook Comments Box