കാവ്യമാധവന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി; മൊഴിയെടുക്കല്‍ നീണ്ടത് 4 മണിക്കൂര്‍
നടിയെ ആക്രമിച്ച കേസില്‍ കാവ്യമാധവന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ വീട്ടില്‍ നിന്നും മടങ്ങി. നാലരമണിക്കൂറാണ് അന്വേഷണസംഘം കാവ്യയെ ചോദ്യം ചെയ്തത്.നടന്‍ ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം കാവ്യമാധവനെ ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ്, വധഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന എസ്പി മോഹനചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. നടിയെ ആക്രമിച്ച കേസിനൊപ്പം വധഗൂഢാലോചനക്കേസിലും അന്വേഷണസംഘം കാവ്യയുടെ മൊഴി രേഖപ്പെടുത്തി.
12 മണിയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ 4: 40 വരെ നീണ്ടു. ഇന്നത്തെ വിശദമായ മൊഴി പരിശോധിച്ച ശേഷമായിരിക്കും അന്വേഷണസംഘം തുടര്‍നടപടികള്‍ സ്വീകരിക്കുക.നടിയെ ആക്രമിച്ച കേസിലെ സാക്ഷിയാണ് കാവ്യാ മാധവന്‍. കാവ്യാ മാധവനെക്കുറിച്ച് പരാമര്‍ശിക്കുന്ന ചില ശബ്ദരേഖകളും മറ്റും പുറത്തുവന്നതിന് പിന്നാലെ നടിയെ വിശദമായി തന്നെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം തീരുമാനമെടുക്കുകയായിരുന്നു.
ആക്രമണത്തിന് ഇരയായ നടിയും കാവ്യയും തമ്മിലുള്ള വിരോധമാണ് കേസിനു വഴിയൊരുക്കിയ പീഡനത്തിന് കാരണമായതെന്നു വ്യക്തമാക്കുന്ന ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. കൂടാതെ കേസുമായി ബന്ധപ്പെട്ട് കാവ്യയുടെ സാന്നിധ്യം വ്യക്തമാക്കുന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴികളും ക്രൈംബ്രാഞ്ചിന്റെ പക്കലുണ്ട്