ഇന്ധന വില കേരളത്തേക്കാൾ കുറഞ്ഞതോടെ, കേന്ദ്രഭരണ പ്രദേശമായ മാഹിയിൽ ഉപഭോക്താക്കളുടെ വൻതിരക്ക്
മാഹി: ഇന്ധന വില കേരളത്തേക്കാൾ കുറഞ്ഞതോടെ, കേന്ദ്രഭരണ പ്രദേശമായ മാഹിയിൽ ഉപഭോക്താക്കളുടെ വൻതിരക്ക്. പെട്രോളിനു ലിറ്ററിനു 93.78 രൂപയും ഡീസലിനു 83.70 രൂപയുമാണ് മാഹിയിലെ പുതിയ നിരക്ക്. വാഹനങ്ങളിൽ ഇന്ധനം നിറക്കുന്നതിനുപുറമെ ബാരലിലും നിറച്ചാണ് വാഹനങ്ങൾ തിരിച്ചുപോകുന്നത്. കണ്ണൂർ ജില്ലയിൽ പെട്രോളിന് 106.06 രൂപയും ഡീസലിന് 95 രൂപയുമാണ്. കേരളത്തിനേക്കാൾ പെട്രോളിന് ലിറ്ററിന് 12.28 രൂപയുടെയും ഡീസലിന് 11.30 രൂപയുടെയും കുറവാണ് മാഹിയിലുള്ളത്
കണ്ണൂർ, കോഴിക്കോട് ജില്ലകളുടെ അതിർത്തി പങ്കിടുന്ന മാഹിയിൽ ഇന്ധനത്തിനായി എത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ആളുകൾ ജോലി കഴിഞ്ഞുമടങ്ങുന്ന സമയങ്ങളിൽ വാഹനങ്ങളുടെ നീണ്ടനിര മാഹി മേഖലയിലുള്ള പമ്പുകളിലുണ്ടാകും. ദേശീയപാതയിലൂടെ പോകുന്ന വലിയ ചരക്കുവാഹനങ്ങൾ ഉൾപ്പെടെ മാഹിയിൽനിന്നാണ് ഇന്ധനം നിറക്കുന്നത്. ഇതുമൂലം മിക്ക സമയങ്ങളിലും ഗതാഗതക്കുരുക്കും നേരിടുന്നു. ഇടുങ്ങിയ റോഡുകളുള്ള കോപ്പാലത്ത് നിരന്തരം ഗതാഗത തടസ്സമാണ്. ദേശീയപാതയിൽ ചിലപ്പോൾ പരിമഠം മുതൽ അഴിയൂർ വരെയും ഗതാഗതതടസ്സം രൂക്ഷമാവാറുണ്ട്. കേരളത്തിൽ വില കൂടിയപ്പോൾ മാഹിയിലെ മിക്ക പമ്പുകളിലും വൈകീട്ടാവുന്നതോടെ സ്റ്റോക്ക് തീരുന്ന കാഴ്ചയാണ്