Kerala News

വനംവകുപ്പിന്റെ പുതിയ മേധാവിയായി ബെന്നിച്ചന്‍ തോമസിനെ നിയമിച്ചു

Keralanewz.com

സംസ്ഥാന വനംവകുപ്പ് മേധാവിയായി ബെന്നിച്ചന്‍ തോമസിനെ നിയമിച്ചു. സെര്‍ച്ച് കമ്മറ്റിയുടെ ശുപാര്‍ശ ഇന്ന് ചേര്‍ന്ന മന്ത്രിസഭ അംഗീകരിച്ചു.നിലവില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ്ബെന്നിച്ചന്‍ തോമസ്.  വനംമന്ത്രി എകെ ശശീന്ദ്രനാണ് നിയമനം സംബന്ധിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. നിലവിലെ വനംമേധാവി പി കെ കേശവന്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. 

വനം വകുപ്പ് ആസ്ഥാനത്ത് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആയിരിക്കെയാണ് ബെന്നിച്ചന്‍ തോമസ്  വൈല്‍ഡ് ലൈഫ് വാര്‍ഡനായി നിയമിക്കപ്പെട്ടത്. തുടര്‍ച്ചയായി 33 വര്‍ഷക്കാലം വനംവകുപ്പില്‍ തന്നെ സേവനമനുഷ്ഠിച്ച വ്യക്തി എന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്

മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തപ്പെടുത്താന്‍ മരംമുറിക്കാന്‍ അനുമതി നല്‍കിയതില്‍ ചീഫ് വൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിന് ക്ലീന്‍ ചിറ്റ് ലഭിച്ചിരുന്നു. നേരത്തെ സംഭവം വിവാദമായതോടെ ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.ബെന്നിച്ചന്റെ സസ്‌പെന്‍ഷന് എതിരെ ഐ എഫ് എസ് ഉദ്യോഗസ്ഥര്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തിനൊടുവില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഒരു മാസത്തിനകം ബെന്നിച്ചനെ തിരിച്ചെടുത്തിരുന്നു. 

ഐഎഫ്എസ് പ്രൊബേഷന് ശേഷം മൂന്നാർ എഡിസിഎഫ് ആയി സർവ്വീസിൽ പ്രവേശിച്ച ഇദ്ദേഹം വനം വകുപ്പിൽ മാങ്കുളം , നിലമ്പൂർ, മൂന്നാർ,കോന്നി, കോട്ടയം എന്നിവിടങ്ങളിൽ ഡിഎഫ്ഓ ആയി സേവനം ചെയ്തു. പിടിപി നഗറിലുള്ള സാമൂഹ്യ വനവത്ക്കരണ വിഭാഗം മോണിറ്ററിംഗ് ആന്റ് ഇവാല്യുവേഷൻ ഡിസിഎഫ്, തേക്കടി വൈൽഡ് ലൈഫ് പ്രിസർവേഷൻ ഓഫീസർ, തേക്കടി ഇക്കോ ഡെവലപ്മെന്റ് ഓഫീസർ, തിരുവനന്തപുരം വൈൽഡ് ലൈഫ് ഡിസിഎഫ് , സിസിഎഫ് ഇക്കോ ഡവലപ്മെന്റ് ആന്റ് ട്രൈബൽ വെൽഫെയർ,വർക്കിംഗ് പ്ലാൻ ആന്റ് റിസർച്ച് എന്നിങ്ങനെയും ജോലി നോക്കി. കോട്ടയം പ്രോജക്റ്റ് ടൈഗർ ഫീൽഡ് ഡയറക്ടർ, എബിപി കൺസർവേറ്റർ, ഹൈറേഞ്ച് സർക്കിൾ സി.സി.എഫ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന നിർമ്മിതി കേന്ദ്രം ഡയറക്ടർ, സംസ്ഥാന വനവികസന കോർപ്പറേഷൻ ചെയർമാൻ-മാനേജിംഗ് ഡയറക്ടർ എന്നീ ചുമതലകളും നിർവ്വഹിച്ചിട്ടുണ്ട്.  പിസിസിഎഫ് (എഫ്.എൽ.ആർ), പിസിസിഎഫ് ഫോറസ്റ്റ് മാനേജ്മെന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഔദ്യോഗിക രംഗത്ത് ബെന്നിച്ചൻ തോമസ് നടപ്പാക്കിയ പദ്ധതികൾ ഏറെയാണ്. 1997-2000 കാലത്ത് തേക്കടി ഇക്കോ ഡവലപ്മെന്റ് ഓഫീസറായിരിക്കെ നടപ്പാക്കിയ പെരിയാർ മോഡൽ (ഇന്ത്യാ ഇക്കോ ഡവലപ്മെന്റ് പ്രോജക്റ്റ്)  രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു

സുവോളജി, ലൈഫ് സയൻസ്, ഫോറസ്ട്രി എന്നീ വിഷയങ്ങളിൽ മാസ്റ്റേഴ്സ് യോഗ്യതയുണ്ട്. രണ്ടു വർഷം കൊച്ചി സർവ്വകലാശാല പരിസ്ഥിതി വകുപ്പിൽ എൻവയേൺമെന്റൽ ബയോ കെമിസ്ട്രി എന്ന വിഷയത്തിൽ യുജിസി ഫെല്ലോ ആയി ഗവേഷണവും നടത്തിയിട്ടുണ്ട്. മികച്ച സേവനത്തിന് നിരവധി ഗുഡ് സർവ്വീസ് എൻട്രികളും ദേശീയ അവാർഡുകളും ലഭിച്ചിട്ടുണ്ട്.  കോട്ടയം കിടങ്ങൂർ ചെമ്പിളാവ്കര പുല്ലാട്ടുകുന്നേൽ കെ.വി.തോമസ്, കുട്ടിയമ്മ ദമ്പതികളുടെ ഏഴുമക്കളിൽ നാലാമനാണ് ബെന്നിച്ചൻ തോമസ്. ഭാര്യ ജോളി ബെന്നിച്ചനും മക്കളായ ബിറ്റോ, ജ്യുവൽ,ദിൽ എന്നിവരുമടങ്ങുന്നതാണ് കുടുംബം

Facebook Comments Box