പ്രമുഖ ബോളിവുഡ് നടൻ ദിലീപ് കുമാർ(98) അന്തരിച്ചു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

പ്രമുഖ ബോളിവുഡ് നടൻ ദിലീപ് കുമാർ(98) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ജൂൺ 30നാണ് ദിലീപ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ  രാവിലെ 7.30 ഓടെയായിരുന്നു അന്ത്യം. നടി സൈറ ബാനുവാണ് ഭാര്യ.

ജൂണിൽ തന്നെ രണ്ട് തവണയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജൂൺ ആറിനായിരുന്നു ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ജൂൺ 11 ന് ഡിസ്ചാർജ് ചെയ്തു. ആരോഗ്യനില വഷളായതിനെ തുടർന്ന് ജൂൺ മുപ്പതിന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.1944 ലാണ് ദിലീപ് കുമാർ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ഫിലിംഫെയർ അവാർഡ് ആദ്യമായി നേടിയ നടനാണ് ദിലീപ് കുമാർ. ഷാരൂഖ് ഖാനാണ് അദ്ദേഹത്തിനൊപ്പം ഈ റെക്കോർഡ് പങ്കിടുന്ന മറ്റൊരു നടൻ. 1991ൽ പത്മഭൂഷണും 2015ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു.

1940, 1950, 1960, 1980 കാലഘട്ടത്തിൽ സിനിമകളിൽ സജീവമായിരുന്നു. ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ച നടൻ എന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്

യുസൂഫ് ഖാൻ എന്നാണ് ദിലീപ് കുമാറിന്റെ യഥാർത്ഥ പേര്. നയാ ദൗർ, മുഗൾ-ഇ-അസം, ദേവദാസ്, റാം ഔർ ശ്യാം, അന്ദാസ്, മധുമതി, ഗംഗ ജമുന എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങളിൽ ചിലതാണ്. 1998 ൽ പുറത്തിറങ്ങിയ ഖ്വിലയാണ് അവസാനം അഭിനയിച്ച ചിത്രം.

1944 ൽ പുറത്തിറങ്ങിയ ജ്വർ ബതായാണ് ആദ്യമായി അഭിനയിച്ച ചിത്രം. അഞ്ച് പതിറ്റാണ്ടുകാലം ഹിന്ദി സിനിമാലോകത്ത് സവിശേഷ സാന്നിധ്യമായിരുന്ന നടൻ 62 സിനിമകളിലാണ് അഭിനയിച്ചത്. 1976 ൽ അഞ്ച് വർഷത്തോളം സിനിമാ ലോകത്ത് നിന്ന് വിട്ടു നിന്ന ദിലീപ് കുമാർ പിന്നീട് 1981 ൽ പുറത്തിറങ്ങിയ ക്രാന്തി എന്ന സിനിമയിലൂടെയാണ് തിരിച്ചുവരുന്നത്.

1966 ലാണ് നടി സൈറ ബാനുവുമായുള്ള ദിലീപ് കുമാറിന്റെ വിവാഹം. ദിലീപ് കുമാറിനൊപ്പം ഗോപി, സജിന, ബൈറാഗ് എന്നീ ചിത്രങ്ങളിൽ സൈറ ബാനു അഭിനയിച്ചിരുന്നു.

പത്മഭൂഷൺ, പത്മവിഭൂഷൺ എന്നീ പുരസ്കാരങ്ങൾക്ക് പുറമേ, ദാദാസാഹിബ് ഫാൽകേ അവാർഡ്, പാകിസ്ഥാനിലെ പരമോന്നത ബഹുമതിയായ നിഷാൻ-ഇ-ഇംതിയാസ് എന്നീ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •