Fri. May 17th, 2024

അനധികൃത ഭക്ഷണശാലകൾക്കെതിരെ പരിശോധന കർശനമാക്കി

By admin Jun 25, 2022 #news
Keralanewz.com

സംസ്ഥാനത്തെ അനധികൃത ഭക്ഷണ ശാലകൾക്കെതിരെ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ പരിശോധന കർശനമാക്കിയതായി   തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.  സംസ്ഥാനത്തുടനീളം പഞ്ചായത്തുകളിലും നഗരസഭകളിലും ആരോഗ്യ വകുപ്പുമായി ചേർന്നു നടത്തിയ സംയുക്ത പരിശോധനയിൽ അനധികൃതമായി കണ്ടെത്തിയ ഭക്ഷണശാലകൾക്കെതിരെ സ്ഥാപനം അടിച്ചുപൂട്ടുന്നതും പിഴ ഈടാക്കുന്നതുമുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിച്ചുവരികയാണ്.

സംസ്ഥാനത്ത് നഗരസഭാ പരിധിയിലെ  3,599 ഭക്ഷണശാലകളിൽ നഗരസഭാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 545 ഭക്ഷണശാലകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനം പിടിച്ചെടുത്തു. 1,613 ഭക്ഷണശാലകൾക്ക് നോട്ടീസ് നൽകുകയും 627 ഭക്ഷണശാലകൾക്ക് പിഴ ചുമത്തുകയും ചെയ്തു. 19,03,020 രൂപയാണ് പിഴ ചുമത്തിയത്. അഞ്ച് ഭക്ഷണശാലകളുടെ ലൈസൻസ് റദ്ദാക്കി. 92 ഭക്ഷണശാലകൾ പരിശോധന സമയത്തുതന്നെ അടപ്പിച്ചു. ലൈസൻസില്ലാതെ പ്രവർത്തിച്ചുവന്നിരുന്ന 131 ഭക്ഷണശാലകൾക്കെതിരെ നടപടി സ്വീകരിച്ചു.

 ഗ്രാമപഞ്ചായത്തുകളിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഫീൽഡ് പരിശോധന നടക്കുന്നുണ്ട്. പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിക്കുകയും ലൈസൻസില്ലാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. ഉപയോഗശൂന്യമായ ഭക്ഷണസാധനങ്ങൾ, പഴകിയ എണ്ണ എന്നിവ  പിടിച്ചെടുത്തു നശിപ്പിച്ചു. ഹാനികരമായ ആഹാര  സാധനങ്ങൾ വിൽപ്പന നടത്തിയ ഭക്ഷണശാലകളുടെ പ്രവർത്തനം നിർത്തലാക്കുകയും ചെയ്തു. അനധികൃതമായി പ്രവർത്തിക്കുന്ന, ഭക്ഷണം പാകം ചെയ്തും അല്ലാതെയും വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ തുടർന്നും സ്വീകരിക്കുമെന്നും, ആരോഗ്യ വകുപ്പുമായി ചേർന്ന് തുടർ പരിശോധനകൾ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടത്തുമെന്നും മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു

Facebook Comments Box

By admin

Related Post