Kerala News

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിധി ഇന്ന്

Keralanewz.com

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിചാരണ കോടതി ഇന്ന് വിധി പറയും.
ജാമ്യവ്യവസ്ഥകള്‍ തുടര്‍ച്ചയായി ലംഘിച്ചുവെന്ന് ആരോപിച്ചാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്.

കേസ് അട്ടിമറിക്കുന്നതിന് പ്രതിയുടെ ഭാഗത്തു നിന്നു നീക്കമുണ്ടായി എന്നാരോപിച്ചാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്. അഭിഭാഷകരുടെ നിര്‍ദേശമനുസരിച്ച്‌ ദിലീപ് പത്തിലേറെ സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവുകള്‍ നശിപ്പിച്ചെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഇതുമായി ബന്ധപ്പെട്ട് സാക്ഷിമൊഴികളും, ഡിജിറ്റല്‍ രേഖകളും ഹാജരാക്കി.

ദിലീപിന്റെ മൊബൈല്‍ ഫോണിലെ തെളിവുകള്‍ സൈബര്‍ വിദഗ്ധനെ ഉപയോഗിച്ചു നശിപ്പിച്ചതും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രോസിക്യൂഷന്‍ വിവാദങ്ങളില്‍ കഴമ്ബില്ലെന്നായിരുന്നു ദിലീപിന്റെ വാദം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും, കേസില്‍ പുകമറ സൃഷ്ടിക്കാനാണ് പ്രോസിക്യൂഷന്റെ ശ്രമമെന്നും ദിലീപ് ആരോപിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ തിരക്കഥക്ക് അനുസരിച്ചാണ് പ്രോസിക്യൂഷന്റെ പുതിയ ഹര്‍ജി എന്നും ദിലീപ് വാദിച്ചു. ആഴ്ചകള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഹര്‍ജിയില്‍ വിചാരണ കോടതി ഇന്ന് വിധി പറയുക. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്

Facebook Comments Box