Kerala News

അടിച്ച ഒ പി ആര്‍ ചതിച്ചതാണ് സാര്‍; മദ്യപിച്ച്‌ ടവറിന് മുകളില്‍ കിടന്നുറങ്ങി യുവാവ്, നിരാശാ കാമുകനെ താഴെയെത്തിക്കാന്‍ പണിപെട്ട് ഫയര്‍ഫോഴ്‌സ്

Keralanewz.com

തിരുവനന്തപുരം: മദ്യപിച്ച ശേഷം ടവറിന് മുകളില്‍ കിടന്നുറങ്ങിയ യുവാവിനെ ഫയര്‍ഫോഴ്‌സ് താഴെയെത്തിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂടാണ് സംഭവം.

പ്രണയനൈരാശ്യം മൂലമാണ് യുവാവ് മദ്യപിച്ച്‌ ടവറിന് മുകളില്‍ കയറിയതെന്നാണ് വിവരം.

ടവറിന് മുകളില്‍ ആരോ കിടക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയത്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലാണ് സംഭവം ആദ്യം നാട്ടുകാര്‍ വിളിച്ച്‌ പറഞ്ഞത്. ഉടന്‍ തന്നെ പൊലീസ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.

മുകളിലേക്ക് ടോര്‍ച്ചടിച്ച്‌ നോക്കിയപ്പോള്‍ കാലുകള്‍ പുറത്തേക്ക് നീണ്ട നിലയില്‍ ഒരു യുവാവ് കിടക്കുന്നത് കണ്ടു. മെയിന്റനന്‍സ് ജോലിക്കായി കയറി നില്‍ക്കാന്‍ കഴിയുന്ന സ്ഥലത്താണ് ഇയാള്‍ കിടന്നുറങ്ങിയത്. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മുകളില്‍ കയറിയാണ് മദ്യലഹരിയിലായിരുന്ന യുവാവിനെ താഴെ ഇറക്കിയത്. കയറുകൊണ്ട് ഇടുപ്പില്‍ കെട്ടി, ഏറെ പണിപ്പെട്ടാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഇയാളെ താഴെ എത്തിച്ചത്.

എന്തിനാ മുകളില്‍ കയറിയതെന്ന് പൊലീസ് ചോദിച്ചപ്പോള്‍ ‘സാര്‍ അടിച്ച ഒ.പി.ആര്‍ ചതിച്ചതാണ്’ എന്നാണ് യുവാവ് പറഞ്ഞത്. പ്രണയനൈരാശ്യത്തില്‍ ഇയാള്‍ ലഹരി ഉപയോഗിച്ചതാണെന്നാണ് വിവരം. ടവറില്‍ നിന്നും താഴെയിറക്കിയ യുവാവിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു

Facebook Comments Box