പ്ലസ് ടു വിദ്യാർത്ഥിനിക്ക് പിതാവിന്റെ സുഹൃത്തുക്കളുടെ ക്രൂര പീഡനം ; ഒരാൾ അറസ്റ്റിൽ
പുന്നയൂർക്കുളം(തൃശ്ശൂർ): അച്ഛന്റെ സുഹൃത്തുക്കളായ മൂന്നുപേർ വീട്ടിൽക്കയറി വിദ്യാർഥിനിയെ കെട്ടിയിട്ട് പീഡിപ്പിച്ചു. സംഘത്തിലെ ഒരാളെ അറസ്റ്റുചെയ്തു. പാലപ്പെട്ടി കാപ്പരിക്കാട് സ്വദേശി ഷാഫി (26)യാണ് പിടിയിലായത്.
ഒരാൾക്കൂടി കസ്റ്റഡിയിലുള്ളതായാണ് സൂചന. ട്യൂഷൻ സെൻററിൽവെച്ചും ഇതേസംഘം മുൻപ് പീഡിപ്പിച്ചിരുന്നതായി വിദ്യാർഥിനി മൊഴിനൽകുകയും ചെയ്തു.
ഓഗസ്റ്റ് ഒമ്പതിനാണ് വിദ്യാർഥിനി രണ്ടാംതവണ പീഡിപ്പിക്കപ്പെട്ടത്. അർധരാത്രി വീട്ടിൽ ആളില്ലാത്ത സമയം നോക്കി അതിക്രമിച്ച് കയറി കൈകൾ പിന്നിൽ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് മൊഴി. രണ്ടാമത്തെ സംഭവത്തിനുശേഷം സ്കൂളിലെത്തിയ പെൺകുട്ടിയിൽ കണ്ട മാറ്റങ്ങൾ ശ്രദ്ധിച്ച അധ്യാപകർ കൗൺസിലിങ് നടത്തിയപ്പോൾ സംഭവം പുറത്തറിയുകയായിരുന്നു.
കൗൺസിലിങ്ങിന് ശേഷം ചൈൽഡ് ലൈൻ വിവരങ്ങൾ പോലീസിന് കൈമാറി. കുട്ടിയുടെ പിതാവും പ്രതികളും സ്ഥിരമായി കൂട്ടുകൂടി കഞ്ചാവ് ഉപയോഗിച്ചിരുന്നതായും വീട്ടിൽ വന്നിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
മേയിൽ ട്യൂഷൻ സെൻററിൽ ഉച്ചയ്ക്ക് ആളില്ലാത്ത സമയത്താണ് മൂന്നംഗ സംഘം ആദ്യം പീഡിപ്പിച്ചതെന്ന് കുട്ടി മൊഴിനൽകി. തുടർന്ന് ഇക്കാര്യം കുട്ടി വീട്ടിൽ പറഞ്ഞെങ്കിലും ഗൗരവമായി എടുത്തില്ലെന്നും പോലീസ് പറയുന്നു.
രണ്ടുതവണയും പീഡിപ്പിച്ചത് ഒരേ ആളുകൾ തന്നെയാണെന്നാണ് മൊഴി. ഗുരുവായൂർ എ.സി.പി.ക്കാണ് അന്വേഷണച്ചുമതല. ഷാഫിയെ വടക്കേക്കാട് സ്റ്റേഷനിൽ കൊണ്ടുവന്ന് ചോദ്യം ചെയ്തിരുന്നു. രണ്ടുദിവസത്തോളം ചോദ്യം ചെയ്ത് തെളിവുകൾ ശേഖരിച്ചും പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലുമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പെൺകുട്ടിയുടെ അച്ഛൻ നേരത്തെ കഞ്ചാവ് കേസിലും അടിപിടിക്കേസിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു