മോഷ്ടിച്ച ബൈക്കില്‍ കറങ്ങി മോഷണത്തിന് തയ്യാറെടുക്കുന്നതിനിടയില്‍ മോഷ്ടാക്കള്‍ പോലിസ് പിടിയില്‍
പെരുമ്പാവൂര്‍ ; മോഷ്ടിച്ച ബൈക്കില്‍ കറങ്ങി അടുത്ത മോഷണത്തിന് തയ്യാറെടുക്കുന്നതിനിടയില്‍ മോഷ്ടാക്കള്‍ പോലിസ് പിടിയില്‍. വെസ്റ്റ് മോറക്കാല കൊല്ലംകുടി വീട്ടില്‍ മനു (22), കരിമുഗള്‍ കളപ്പുരയ്ക്കല്‍ വീട്ടില്‍ രഞ്ജിത് (19), വെസ്റ്റ് മോറക്കാല പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ജോഷ്വ (19) എന്നിവരാണ് കുന്നത്തുനാട് പോലിസിന്റെ പിടിയിലായത്
കഴിഞ്ഞ 16 ന് പുലര്‍ച്ചെ അരൂരില്‍ നിന്നും മോഷ്ടിച്ച ബൈക്കില്‍ മൂന്നുപേരും കൂടി അടുത്ത മോഷണത്തിന് തയ്യാറെടുക്കുമ്പോഴാണ് ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക ടീം മോറക്കാലയില്‍ നിന്നും രാത്രി ഇവരെ പിടികൂടുന്നത്. പോലിസിനെക്കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ സാഹസികമായി പിന്തുടര്‍ന്നാണ് പിടികൂടിയത്
അടുത്തിടെ ആലുവയില്‍ നിന്നും ഒരു ബൈക്ക് മോഷ്ടിച്ചതായി ഇവര്‍ പോലീസിനോട് സമ്മതിച്ചു. ജോഷ്വ മൂന്നും, രഞ്ജിത്ത് നാലും മോഷണ കേസുകളില്‍ പ്രതിയാണ്. വാഹനങ്ങള്‍ വിറ്റു കിട്ടുന്ന തുക ലഹരിവസ്തുക്കള്‍ വാങ്ങുന്നതിനും, ആഡംബര ജീവിതത്തിനുമാണ് ഉപയോഗിക്കുന്നത്