Kerala News

നാല് ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയിട്ടും ഉദ്ഘാടനത്തിന് എത്തിയില്ല: നടന്‍ ശ്രീനാഥ് ഭാസിക്കെതിരേ പരാതി

Keralanewz.com

ആലപ്പുഴ: വന്‍ തുക അഡ്വാന്‍സ് വാങ്ങിയിട്ടും ഉദ്ഘാടനത്തിന് എത്തിയില്ല എന്നാരോപിച്ച്‌ ചലച്ചിത്ര നടന്‍ ശ്രീനാഥ് ഭാസിക്കെതിരേ പരാതി.

ആലപ്പുഴ ക്യാബിനറ്റ് സ്പോര്‍ട്സ് സിറ്റി ഭാരവാഹികളാണ് പരാതിയുമായി രംഗത്തെത്തിയത്.

14ന് സ്പോര്‍ട്സ് സിറ്റിയുടെ ടര്‍ഫ്, ടീ പോയിന്റ് കഫെ ഉദ്ഘാടനം ചെയ്യാന്‍ ശ്രീനാഥ് ഭാസിയെ ക്ഷണിച്ചിരുന്നു. ആറ് ലക്ഷം രൂപയാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്. ഇതില്‍ നാല് ലക്ഷം മുന്‍കൂറായി നല്‍കി. ബാക്കി ഉദ്ഘാടന ദിവസം കൈമാറാമെന്നായിരുന്നു ധാരണ.

ചടങ്ങില്‍ എ.എം ആരിഫ് എം.പി, എം.എല്‍.എമാര്‍ തുടങ്ങിയവരെ പങ്കെടുപ്പിക്കാനുള്ള ക്രമീകരണവും സംഘാടകര്‍ ഏര്‍പ്പെടുത്തി. എന്നാല്‍ പരിപാടിക്ക് ഒരു ദിവസം മുന്‍പ് എത്താന്‍ കഴിയില്ലെന്നും താന്‍ യു.കെയില്‍ ആയതിനാല്‍ പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും ശ്രീനാഥ് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഉദ്ഘാടനം 22 ലേക്ക് മാറ്റി. എന്നാല്‍ വീണ്ടും പരിപാടി മാറ്റിവയ്ക്കാന്‍ ശ്രീനാഥ് ഭാസി ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ ഉദ്ഘാടനം വൈകിയാല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന തങ്ങളുടെ ടൂര്‍ണമെന്റ് നടത്താന്‍ കഴിയില്ല. അതിനാല്‍ ടര്‍ഫിന്റെ ഉദ്ഘാടനം നാളെ നടത്താനാണ് സംഘടനയുടെ തീരുമാനം. ഇതുമൂലം ക്ലബ്ബിന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായതെന്ന് ഭാരവാഹികള്‍ പറയുന്നു. പ്രചാരണത്തിനും ലക്ഷങ്ങള്‍ ചെലവായി.

ഇതുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിക്കെതിരേ ജില്ലാ പോലീസ് ചീഫിനു പരാതി നല്‍കുമെന്ന് ക്ലബ് പാര്‍ട്ണര്‍മാരായ സക്കീര്‍ ഹുെസെന്‍, സിനാവ്, ഇജാസ്, വിജയകൃഷ്ണന്‍, സജാദ്, നിയാസ്, അല്‍സര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു

Facebook Comments Box