Kerala News

ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് ഞായറാഴ്ച രാവിലെ 10ന് തുറക്കും

Keralanewz.com

തൊടുപുഴ: ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ട് ഞായറാഴ്ച രാവിലെ 10ന് തുറക്കും. ഡാമിന്റെ ഒരു ഷട്ടര്‍ 70 സെന്റിമീറ്റര്‍ ഉയര്‍ത്തി 50 ക്യുമെക്‌സ് ജലം ഒഴുക്കി വിടാനാണ് തീരുമാനം.

ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തിലും മഴ തുടരുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിന്‍റെയും പശ്ചാത്തലത്തിലാണ് ഡാം തുറക്കല്‍. വെള്ളിയാഴ്ച രാത്രി ജലനിരപ്പ് 2381.53 അടിയെത്തിയപ്പോള്‍ ഓറഞ്ച് അലര്‍ട്ടും ശനിയാഴ്ച രാവിലെ 7.30ന് ജലനിരപ്പ് 2382.53 അടിയിലെത്തിയപ്പോള്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച വൈകീട്ടത്തെ കണക്കുപ്രകാരം 2383.10 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. സംഭരണശേഷിയുടെ 77.25 ശതമാനമാണിത്. 2403 അടിയാണ് പരമാവധി സംഭരണശേഷി. നിലവില്‍ 2383.53 അടിയാണ് അപ്പര്‍ റൂള്‍ ലെവല്‍. ശനിയാഴ്ച രാവിലെവരെയുള്ള 24 മണിക്കൂറില്‍ 38.6 മില്ലിമീറ്റര്‍ മഴയാണ് വൃഷ്ടിപ്രദേശത്ത് പെയ്തത്. അണക്കെട്ട് തുറക്കുന്നതിന്‍റെ മുന്‍കരുതലെന്ന നിലയില്‍ 79 വീടുകളില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഇടുക്കി, കഞ്ഞിക്കുഴി, ഉപ്പുത്തോട്, തങ്കമണി വാത്തിക്കുടി, എന്നീ അഞ്ചു വില്ലേജുകളിലൂടെയും വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, കൊന്നത്തടി, വാത്തിക്കുടി എന്നീ പഞ്ചായത്ത് പരിധികളിലൂടെയുമാണ് വെള്ളമൊഴുകുന്നത്. ഇവിടങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരിയാറിന്‍റെ ഇരുകരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ഡാം തുറക്കുന്ന സമയം വെള്ളപ്പാച്ചില്‍ ഉണ്ടാകുന്ന സ്ഥലങ്ങളിലെ പുഴ മുറിച്ചു കടക്കുന്നതും ഈ സ്ഥലങ്ങളിലെ മീന്‍പിടിത്തവും നിരോധിച്ചതായും ഇടുക്കി ജില്ല ഭരണകൂടം അറിയിച്ചു.

ഷട്ടറുകള്‍ തുറന്നാല്‍ വെള്ളം ആദ്യമെത്തുക ചെറുതോണിപ്പുഴയിലും തുടര്‍ന്ന് കരിമ്ബന്‍ ചപ്പാത്തിലൂടെ ലോവര്‍പെരിയാര്‍ അണക്കെട്ടിലുമാണ്. ഇവിടെ നിന്ന് ഭൂതത്താന്‍കെട്ട് ഡാമിലൂടെ മലയാറ്റൂര്‍, കാലടി, ആലുവവഴി വരാപ്പുഴ കായലിലെത്തും

Facebook Comments Box