പാലക്കാട് ഹണി ട്രാപ്പില്‍ രണ്ട് പേര്‍ കൂടി കുടുങ്ങി; ആകെ അറസ്റ്റിലായത് എട്ട് പേര്‍
പാലക്കാട്: പാലക്കാട് ഹണി ട്രാപ്പ് കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. ചാലക്കുടി സ്വദേശി ഇന്ദ്രജിത്ത്, റോഷിത്ത് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഇന്‍സ്റ്റഗ്രാം താരങ്ങളായ ദമ്പതികള്‍ ഉള്‍പ്പെടെയാണ് നേരത്തേ അറസ്റ്റിലായത്. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയില്‍ നിന്ന് പണവും ആഭരണങ്ങളും, എടിഎം കാര്‍ഡുകളും തട്ടിയ കേസിലാണ് അറസ്റ്റ്.
കൊല്ലം സ്വദേശിനി ദേവു, ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി ഗോകുല്‍ ദ്വീപ്, കോട്ടയം പാല സ്വദേശി ശരത്, ഇരിങ്ങാലകുട സ്വദേശികളായ ജിഷ്ണു, അജിത്ത്, വിനയ് എന്നിവരെയാണ് ടൗണ്‍ സൗത്ത് പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തത്
ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും നേരില്‍ കാണാന്‍ പാലക്കാട്ടേക്ക് എത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. പാലക്കാട്ടേക്കെത്തിയ ഇദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന പണവും സ്വര്‍ണവും എടിഎം കാര്‍ഡുകളും ദേവും സംഘവും ചേര്‍ന്ന് തട്ടിയെടുത്തു. തുടര്‍ന്ന് ഇദ്ദേഹത്തെ മറ്റൊരിടത്തേക്ക് മാറ്റാന്‍ സംഘം ശ്രമിക്കുന്നതിനിടയില്‍ വാഹനത്തില്‍ നിന്ന് പുറത്തേക്കോടി പാലക്കാട് സൗത്ത് പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. അങ്ങനെ പൊലീസിന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ പിടികൂടാനായത്
തേന്‍ കെണി എന്ന് കൃത്യമായി പറയാവുന്ന തരത്തിലുള്ള തട്ടിപ്പാണ് സംഘം നടത്തി വന്നിരുന്നത്. മറ്റേതെങ്കിലും ആളുകളില്‍ നിന്നും സംഘം മുന്‍പ് പണം തട്ടിയിരുന്നോയെന്നും പാലക്കാട് സൗത്ത് പൊലീസ് പരിശോധിക്കുകയാണ്