Fri. Apr 26th, 2024

കൊച്ചിയിലെ ആദ്യ കമ്മ്യൂണിറ്റി റേഡിയോ വെള്ളിയാഴ്ച (ജൂലൈ 16) ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

By admin Jul 15, 2021 #news
Keralanewz.com

കൊച്ചി: എറണാകുളം ജില്ലയിലെ ആദ്യ കമ്മ്യൂണിറ്റി റേഡിയോ റേഡിയോ കൊച്ചി 90 എഫ് എം സെന്റ് തെരേസാസ് കോളജില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4.30-ന് മേയര്‍ എം. അനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഹൈബി ഈഡന്‍ എം പി മുഖ്യ പ്രഭാഷണം നടത്തും. ടാറ്റ സണ്‍സ് മുന്‍ ഡയറക്ടര്‍ ആര്‍.കെ. കൃഷ്ണകുമാര്‍, എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്, മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്ടര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ്, സെന്റ് തെരേസാസ് കോളജ് മാനേജറും റേഡിയോ കൊച്ചി 90 എഫ് എം ഡയറക്ടറുമായ സിസ്റ്റര്‍ വിനീത തുടങ്ങിയവര്‍ ആശംസകള്‍ നേരും.

കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ലൈസന്‍സ് ലഭിച്ചിട്ടുള്ള റേഡിയോ കൊച്ചി എഫ്എം- ലൂടെ വിവര കൈമാറ്റത്തിനൊപ്പം വിനോദത്തിനും പ്രാധാന്യം നല്‍കുമെന്ന് ഡയറക്ടര്‍ സിസ്റ്റര്‍ വിനീത പറഞ്ഞു. കൊച്ചി നിവാസികളുടെ ശബ്ദമാകുക എന്നതാണ് റേഡിയോ ലക്ഷ്യമിടുന്നതെന്നും അവര്‍ വ്യക്തമാക്കി. തീരദേശ പരിപാലനവും അതിന്റെ പ്രാധാന്യവും, കാലാവസ്ഥ വ്യതിയാനം, ഭക്ഷ്യ സുരക്ഷ, പരിസ്ഥിതി സംരക്ഷണം, ദുരന്ത നിവാരണം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, കുട്ടികളുടെ സുരക്ഷ, ആരോഗ്യം, പോഷണം, ശുചിത്വം, ഊര്‍ജസംരക്ഷണം, ശാസ്ത്രം, സാങ്കേതികവിദ്യ, കല, സംസ്‌കാരം, നൈപുണ്യ വികസനം, കൃഷി  തുടങ്ങിയ വിഷയങ്ങളാണ് റേഡിയോ കൊച്ചി 90 എഫ് എം കൈകാര്യം ചെയ്യുക എന്ന് ഡെപ്യൂട്ടി ഡയറക്ടറും സെന്റ് തെരേസാസ് കോളജ് ഇംഗ്ലിഷ് വിഭാഗം മേധാവിയുമായ ഡോ. ലത നായര്‍ അറിയിച്ചു.

റേഡിയോ മാധ്യമ രംഗത്ത് നിരവധി വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള കൃഷ്ണകുമാര്‍ സി.കെ ആണ് റേഡിയോ കൊച്ചി 90 എഫ് എം – ന്റെ സ്റ്റേഷന്‍ ഡയറക്ടര്‍. ആകാശവാണി ഉള്‍പ്പെടെ വിവിധ റേഡിയോകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള താനിയ ലൂയിസ് ആണ് പ്രോഗ്രാം ഹെഡ്.

Facebook Comments Box

By admin

Related Post