Kerala News

പാർട്ടി ഓഫിസുകളെ ജനസേവന കേന്ദ്രങ്ങളാക്കി മാറ്റാനൊരുങ്ങി മുസ്‌ലിം യൂത്ത് ലീഗ്

Keralanewz.com

കോഴിക്കോട്: പാർട്ടി ഓഫിസുകളെ സൗജന്യ ജനസേവന കേന്ദ്രങ്ങളാക്കി മാറ്റാനൊരുങ്ങി മുസ്‌ലിം യൂത്ത് ലീഗ്. ആദ്യഘട്ടത്തിൽ സംസ്ഥാനമൊട്ടാകെ 50 ‘ജനസഹായി കേന്ദ്രങ്ങൾ’ തുടങ്ങും. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രാദേശിക തലത്തിലുള്ള പാര്‍ട്ടി ഓഫിസുകളിൽ സൗജന്യ സേവന കേന്ദ്രങ്ങൾ ഒരുക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ സഹായങ്ങളും ഓണ്‍ലൈന്‍ സേവനങ്ങളും പൊതുജനങ്ങള്‍ക്ക് അതിവേഗം സൗജന്യമായി ലഭ്യമാക്കുകയാണ് ജനസഹായി കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.

നിലവിൽ ലീഗ് ഓഫിസുകൾ വഴി പ്രാദേശികതലത്തിൽ പാലിയേറ്റീവ്, സാമൂഹികസേവന സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനൊപ്പം ജനസഹായി കേന്ദ്രങ്ങൾ കൂടി തുറക്കുന്നതോടെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുമായി സൗഹൃദം സൃഷ്ടിക്കാനാവും. ലക്ഷങ്ങള്‍ ചെലവഴിച്ചുനിര്‍മിച്ച ഓഫിസ് മന്ദിരങ്ങൾ സജീവമാക്കി മാറ്റാനും കഴിയും.സംസ്ഥാനമൊട്ടാകെയുള്ള ജനസഹായി കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ കോഴിക്കോട്ടുള്ള യൂത്ത് ലീഗ് ആസ്ഥാനമന്ദിരം കേന്ദ്രമാക്കിയാണ് ഏകോപിപ്പിക്കുക. ഇതിനായി പ്രത്യേകം സോഫ്റ്റ്‌വെയറും തയാറാക്കിയിട്ടുണ്ട്. 

യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തിലിന്റെ നേതൃത്വത്തില്‍ വിദഗ്ധരായ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരാണു സേവനങ്ങൾ ഏകോപിപ്പിക്കുക. ജനസഹായി സെന്ററുകളില്‍ സേവനം ചെയ്യുന്ന റിസോഴ്സ് പേഴ്സൻമാര്‍ക്ക് സംസ്ഥാന തലത്തില്‍ പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ടെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, സംസ്ഥാന ജന.സെക്രട്ടറി പി.കെ.ഫിറോസ് എന്നിവർ പറഞ്ഞു. ജനസഹായി കേന്ദ്രങ്ങളുടെ ഉദ്ഘാടനം 16ന് വൈകിട്ട് നാലിന് യൂത്ത് ലീഗ് ആസ്ഥാന മന്ദിരത്തില്‍ ലീഗ് സംസ്ഥാന പ്രഡിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായിരിക്കും

Facebook Comments Box