Kerala News

സിനിമാ സംവിധായകനും ഐ.ടി. വ്യവസായ സംരംഭകനുമായ അശോക് കുമാര്‍ (അശോകന്‍ 60) അന്തരിച്ചു

Keralanewz.com

കൊച്ചി: സിനിമാ സംവിധായകനും ഐ.ടി. വ്യവസായ സംരംഭകനുമായ അശോക് കുമാര്‍ (അശോകന്‍ 60) അന്തരിച്ചു. അശോകന്‍താഹ കൂട്ടുകെട്ടിലും അല്ലാതെയും സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വര്‍ണം, ആചാര്യന്‍ സിനിമകളുടെ സംവിധായകനായിരുന്നു. അശോകന്‍ താഹ കൂട്ടുകെട്ടില്‍ സാന്ദ്രം, മൂക്കില്ലാരാജ്യത്ത് എന്നീ സിനിമകളും സംവിധാനം ചെയ്തു


ശശികുമാറിന്റെ സഹസംവിധായകനായിട്ടാണ് സിനിമാലോകത്ത് എത്തിയത്. 35 ഓളം സിനിമകളില്‍ സഹസംവിധായകനായിരുന്നു. സിനിമാ പ്രവര്‍ത്തനങ്ങള്‍ക്കായി ചെന്നൈയില്‍ താമസമാക്കി. വിവാഹത്തിനുശേഷം സിങ്കപ്പൂരിലേക്ക് മാറി ബിസിനസ്സില്‍ ശ്രദ്ധ പതിപ്പിച്ചു. അതിനിടെ കൈരളി ടി.വി.യുടെ തുടക്കത്തില്‍ ‘കാണാപ്പുറങ്ങള്‍’ എന്ന ടെലിഫിലിം സംവിധാനം ചെയ്തു. അതിന് ആ വര്‍ഷത്തെ മികച്ച ടെലിഫിലിമിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു


ഗള്‍ഫിലും കൊച്ചിയിലും പ്രവര്‍ത്തിക്കുന്ന ഒബ്രോണ്‍ എന്ന ഐ.ടി. കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്നു. സിങ്കപ്പൂരിലായിരുന്നു താമസം. വര്‍ക്കല സ്വദേശിയാണ്. കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകീട്ടാണ് മരണം


ഭാര്യ: സീത. മകള്‍: ഗവേഷണ വിദ്യാര്‍ഥിയായ അഭിരാമി. ചൊവ്വാഴ്ച തിരുവനന്തപുരത്ത് ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിനുശേഷം വര്‍ക്കലയിലെ കുടുംബവീട്ടില്‍ സംസ്‌കാരച്ചടങ്ങുകള്‍

Facebook Comments Box