Thu. Apr 25th, 2024

കർക്കടകം പിറന്നു. മറ്റ് 11 മാസത്തേയും പഴമക്കാർ സ്‌നേഹംകൊണ്ട് പൊതിഞ്ഞപ്പോൾ കർക്കടകത്തെ മാത്രം പഞ്ഞമാസമെന്നു വിളിച്ചു

By admin Jul 17, 2021 #news
Keralanewz.com

കർക്കടകം പിറന്നു. മറ്റ് 11 മാസത്തേയും പഴമക്കാർ സ്‌നേഹംകൊണ്ട് പൊതിഞ്ഞപ്പോൾ കർക്കടകത്തെ മാത്രം പഞ്ഞമാസമെന്നു വിളിച്ചു. പുറത്തിറങ്ങാനാവാത്ത മഴയും വെള്ളപ്പൊക്കവും കെടുതിയും രോഗവുമൊക്കെ നിറഞ്ഞതായിരുന്നു അക്കാലത്തെ കർക്കടകം. കാലംമാറി. കോവിഡിന്റെ പിടിവീണതോടെ കർക്കടകത്തിന്റെ പേരുദോഷം മാറി. പറഞ്ഞുവരുമ്പോൾ ഇപ്പോൾ എല്ലാമാസവും പഞ്ഞംതന്നെ. വീടിന് പുറത്തിറങ്ങാനും ജോലിയ്ക്കും പോകാൻ കഴിയുന്ന ദിവസങ്ങൾ കുറഞ്ഞു. എല്ലായിടത്തും രോഗപ്പേടി. ദൈനംദിന വരുമാനക്കാരാകെ കഷ്ടതയിലായി. എങ്കിലും നല്ലതുമായി ചിങ്ങപ്പുലരിയെത്തുമെന്ന പ്രതീക്ഷകളിലാണ് മുന്നോട്ടുപോക്ക്. ദുഃഖവും വിഷമതകളും അകറ്റാൻ രാമായണപാരായണം നടത്തിയും ദശപുഷ്പം ചൂടിച്ചും കർക്കടകത്തിന്റെ ദോഷങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇനിയുള്ള നാളുകളിൽ

മഹാമാരിക്കാലത്ത് രാമായണ മാസത്തിൽ നാലമ്പല ദർശനത്തെ ഭക്തർ ഏറെ പ്രതീക്ഷയോടെയാണു കാണുന്നത്. കോവിഡ് നിയന്ത്രണങ്ങളുണ്ടെങ്കിലും ഒരു സമയം 20 പേരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാമെന്നാണ് നിർദേശം. വരും ദിവസങ്ങളിൽ കൂടുതൽ ഇളവ്‌ പ്രതീക്ഷിക്കുകയാണ് ജില്ലാ നാലമ്പല തീർത്ഥാടന സമിതി. പ്രളയവും വെള്ളപ്പൊക്കവും കോവിഡുമായി കഴിഞ്ഞ മൂന്നു കൊല്ലമായി നാലമ്പല തീർത്ഥാടന മുണ്ടായില്ല.

ദാശരഥികളായ ശ്രീരാമ ഭരത ലക്ഷ്മണ ശത്രുഘ്‌നന്മാരെ കണ്ട് തൊഴാനുള്ള യാത്രയാണ് നാലമ്പല തീർത്ഥാടനം. കർക്കടകത്തിൽ ഉച്ചപ്പൂജയ്ക്കു മുമ്പ് നാല് ക്ഷേത്രങ്ങളിലുമെത്തി ദർശനം നടത്തുന്നതാണു പാരമ്പര്യ രീതി.

ജില്ലയിൽ രാമമംഗലം മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം കേന്ദ്രമാക്കിയാണ്‌ നാലമ്പല തീർത്ഥാടനം. രാമമംഗലത്തുനിന്ന്‌ നാല് കിലോമീറ്റർ തെക്ക് മാറി മാമ്മലശ്ശേരിൽ പുഴയോരത്താണ് പൗരാണികമായ ശ്രീരാമസ്വാമി ക്ഷേത്രം.

നാല് കിലോമീറ്റർ കിഴക്ക് മാറി മേമ്മുറിയിൽ ഭരതസ്വാമി ക്ഷേത്രവും. കിഴുമുറിയിലെ ലക്ഷ്മണസ്വാമി ക്ഷേത്രം നാമാവശേഷമായ സാഹചര്യത്തിൽ മുളക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം ഉൾപ്പെടുത്തിയാണ്‌ നാലമ്പല തീർത്ഥാടനം ചിട്ടപ്പെടുത്തിയത്. മാമ്മലശ്ശേരിയിൽ കാവുങ്കടയ്ക്കടുത്താണ് ശത്രുഘ്‌നസ്വാമി ക്ഷേത്രം. 27 കിലോമീറ്റർ യാത്ര കൊണ്ട് നാലിടത്തും ദർശനം നടത്താം.

മാമ്മലശ്ശേരിയിൽ തീർത്ഥാടനത്തിന് ദീപം തെളിഞ്ഞു

: കർക്കടക സംക്രമ സന്ധ്യയിൽ മാമ്മലശ്ശേരി ശ്രീരാമ സ്വാമി ക്ഷേത്രാങ്കണത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ഇക്കൊല്ലത്തെ നാലമ്പല തീർത്ഥാടനത്തിന് ദീപം തെളിഞ്ഞു. ക്ഷേത്രം തന്ത്രി മണയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരി ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. സമിതി സെക്രട്ടറി പി.പി. സുരേഷ്‌ കുമാർ അധ്യക്ഷനായി.

മേൽശാന്തി തിരുക്കുളി രാമകൃഷ്ണ ശർമ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ജോർജ്, വാർഡംഗം ഷൈജ ജോർജ്, ഊരാണ്മ കുടുംബാംഗങ്ങളായ പ്രൊഫ. എൻ.ആർ. കൃഷ്ണകുമാർ, എൻ.ആർ. ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.

Facebook Comments Box

By admin

Related Post