Kerala News

മൂന്നാഴ്ചമുൻപ് രണ്ടരവയസ്സുകാരനായ മകൻ വീണകിണർ; ഷിഹാബുദ്ദീനെ വീട്ടിലെ കിണർ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്‌

Keralanewz.com

പൊൻകുന്നം: മൂന്നാഴ്ചമുൻപ് രണ്ടരവയസ്സുകാരനായ മകൻ വീണകിണർ; ഇപ്പോൾ അതേകിണർ ചുറ്റുവട്ടം വിണ്ടുകീറി ഇടിഞ്ഞുതാഴുന്ന നിലയിലും. കാവാലിമാക്കൽ തുണ്ടിയിൽ ഷിഹാബുദ്ദീനെ വീട്ടിലെ കിണർ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്‌.

ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് വീട്ടുമുറ്റത്തെ കിണർ വലിയ ശബ്ദത്തോടെ തറയും മണ്ണുമായുള്ള ബന്ധം വേർപെട്ട് അപകടാവസ്ഥയിലായത്. ഭിത്തിയുൾപ്പെടെ ചെരിഞ്ഞു. കിണറിന്റെ പരിസരത്തേക്ക് നടന്നടുക്കാനാവില്ല. എപ്പോൾവേണമെങ്കിലും ഇടിഞ്ഞ് കിണറിനുള്ളിലേക്ക് പതിക്കാം. തറയും കൽക്കെട്ടും മണ്ണുമായുള്ള ബന്ധം വിട്ട് ഭീതിയുളവാക്കുംവിധമാണിപ്പോൾ കിണർ.

ജൂൺ 29-നായിരുന്നു ഇതേകിണർ ഷിഹാബുദ്ദീന് ആദ്യം ഞെട്ടിക്കുന്ന ഓർമ നൽകിയത്. ഇദ്ദേഹത്തിന്റെ മകൻ രണ്ടരവയസ്സുകാരൻ ഷെഹബാൻ(ഫൈസി) ബന്ധുവായ അബാൻ എന്ന കുട്ടിക്കൊപ്പം മുറ്റത്ത് സൈക്കിളോടിക്കുന്നതിനിടെയാണ് കിണറ്റിലേക്ക് വീണത്. രണ്ടരയടി പൊക്കമുള്ള ആൾമറയ്ക്കുമുകളിലൂടെയാണ് ഷെഹബാൻ തെറിച്ചുവീണത്. അമ്മ സെലീനയുടെ അലമുറകേട്ട് ഓടിയെത്തിയ ഷിഹാബുദ്ദീൻ കിണറ്റിലേക്ക് ചാടിയാണ് ഷെഹബാനെ കരവലയത്തിലാക്കിയത്. ഷിഹാബുദ്ദീന്റെ കഴുത്തൊപ്പമുണ്ടായിരുന്ന വെള്ളത്തിലേക്ക് ഷെഹബാൻ മുങ്ങിപ്പോയിരുന്നു. 30 അടി ആഴമുണ്ട് കിണറിന്.

Facebook Comments Box