Fri. Apr 19th, 2024

മാർ ജോസഫ് പൗവത്തിൽ അന്തരിച്ചു

By admin Mar 18, 2023
Keralanewz.com

മാര്‍ ജോസഫ് പവ്വത്തില്‍ കാലം ചെയ്തു.

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ അധ്യക്ഷൻ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ കാലം ചെയ്തു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു ഇന്നലെ ചെത്തിപ്പുഴ സെൻറ് തോമസ് ആശുപത്രിയില്‍ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരിന്നു. ഇന്ന് ഉച്ചയ്ക്ക് 01:17നായിരിന്നു അന്ത്യം. 92 വയസ്സുണ്ടായിരിന്ന അദ്ദേഹം വിശ്രമജീവിതത്തിലായിരിന്നെങ്കിലും ആത്മീയ കാര്യങ്ങളിലും എഴുത്തിലും സജീവമായിരിന്നു. തിരുസഭ പ്രബോധനങ്ങള്‍ മുറുകെ പിടിച്ചുള്ള അദ്ദേഹത്തിന്റെ ശക്തമായ നിലപാടുകള്‍ ഏറെ ശ്രദ്ധ നേടിയിരിന്നു. ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി, കേരള കത്തോലിക്ക മെത്രാന്‍ സമിതി എന്നിവയുടെ പ്രസിഡന്റുമായി മാര്‍ ജോസഫ് പവ്വത്തില്‍ സേവനം ചെയ്തിരിന്നു. മൃതസംസ്കാര വിവരങ്ങള്‍ നിശ്ചയിച്ചിട്ടില്ല.

1930 ആഗസ്ത് 14-നാണ് ജോസഫ്, മറിയക്കുട്ടി ദമ്പതിമാരുടെ മകനായി ചങ്ങനാശ്ശേരി കുറുമ്പനാടം പൗവത്തിൽ വീട്ടിൽ പിജെ ജോസഫ് എന്ന ജോസഫ് പവ്വത്തിൽ ജനിച്ചത്. 1962 ഒക്ടോബര്‍ മൂന്നിന് പൗരോഹിത്യ സ്വീകരിച്ചു. 1962 ഒക്ടോബര്‍ മൂന്നിനു പൗരോഹിത്യം സ്വീകരിച്ചു. 1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായ മാര്‍ പവ്വത്തിലിനെ 1972 ഫെബ്രുവരി 13ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍വച്ച് പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് മെത്രാനായി അഭിഷേകം ചെയ്തത്.

1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായി. 1977 മേയ് 12ന് ബിഷപ്പായി ചുമതലയേറ്റു. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി പടിയറക്കു ശേഷം മാര്‍ പവ്വത്തില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പായി 1985 നവംബര്‍ അഞ്ചിനു നിയമിതനായി. 1986 ജനുവരി 17ന് ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റു. 1986 ജനുവരി 17 മുതല്‍ 2007 മാര്‍ച്ച് 19വരെ ചങ്ങനാശേരി അതിരൂപതയെ നയിച്ചു. 1993മുതല്‍ 96വരെ കെസിബിസി ചെയര്‍മാന്‍, 1994 മുതല്‍ 98വരെ സിബിസിഐ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2007-ല്‍ ആണ് അദ്ദേഹം വിരമിച്ചത്. സീറോ മലബാര്‍ സഭയുടെ കിരീടം എന്ന പേരില്‍ അദ്ദേഹം വിശേഷിക്കപ്പെട്ടിരിന്നു…

Facebook Comments Box

By admin

Related Post