Kerala News

1000 സ്ക്വയർ ഫീറ്റ് വീടിന് 2,000 ബീയർ കുപ്പികൾ, ഒരടി വീതിയുള്ള 800 മീറ്റർ ചാക്ക്, മണ്ണും ചെളി, ഉമി, പ്ലാസ്റ്റിക് കുപ്പികൾ, പഴയ ഓട്, കമ്പിവേലി, സ്റ്റീൽ ദണ്ഡ്, പാഴ്മുള…

Keralanewz.com

പയ്യന്നൂർ ∙ ബീയർ കുപ്പികളും പ്ലാസ്റ്റിക് കുപ്പികളും പാഴ്മുളയും മണൽ ചാക്കുകളും ഉപയോഗിച്ചൊരു വീട്. അന്നൂരിലാണ് കൗതുകക്കാഴ്ചയായി ഇങ്ങനെയൊരു വീട് ഉയരുന്നത്. ആഫ്രിക്കയിലും നേപ്പാളിലുമൊക്കെയുള്ള വീടുകൾ മാതൃകയാക്കിയാണ് ഇതൊരുക്കുന്നത്. 2,000 ബീയർ കുപ്പികൾ, ഒരടി വീതിയുള്ള 800 മീറ്റർ ചാക്ക്, മണ്ണും ചെളി, ഉമി, പ്ലാസ്റ്റിക് കുപ്പികൾ, പഴയ ഓട്, കമ്പിവേലി, സ്റ്റീൽ ദണ്ഡ്, പാഴ്മുള എന്നവിയൊക്കെയാണ് 1000 സ്ക്വയർ ഫീറ്റ് വീട് നിർമാണത്തിന് താനിയ – അജയ് ആനന്ദ് ദമ്പതികൾ ഉപയോഗിച്ച അസംസ്കൃത വസ്തുക്കൾ.

ചെലവ് കുറഞ്ഞ പരിസ്ഥിതി സൗഹൃദ വീട് നിർമിക്കണമെന്ന ആശയം അജയ്, സഹോദരനായ ആർക്കിടെക്ട് ആകാശിനോട് പറഞ്ഞപ്പോൾ ഭോപാൽ സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ടിലെ പഠന കാലത്ത് അവിടെ പാഴ്വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച വീടിനെ കുറിച്ചുള്ള ആശയം മുന്നോട്ടു വയ്ക്കുകയിരുന്നു. ദമ്പതികൾ അതിനോടു യോജിക്കുകയും ഒരു വർഷം മുൻപ് ലോക്ഡൗൺ കാലത്ത് തന്നെ അസംസ്കൃത വസ്തുക്കൾ കണ്ടെത്തി തുടങ്ങുകയും ചെയ്തു.

4 ലയർ കഴിഞ്ഞാൽ 8എംഎം സ്റ്റീൽ ബാർ അടിച്ച് വീണ്ടും ബലപ്പെടുത്തി. പഴയ ജനലും കട്ടിളയുമാണ് ഉപയോഗിച്ചത്. മേൽക്കൂരയിൽ മരത്തിനു പകരം സ്റ്റീൽ പൈപ്പുകൾ ഉപയോഗിച്ചു. അതിനു മുകളിൽ ഓട് വച്ചു. മണൽ നിറച്ച് ഒരുക്കിയ ചുമരും മേൽക്കൂരയും തമ്മിൽ ബന്ധിപ്പിക്കാൻ ബീയർ കുപ്പികളും പ്ലാസ്റ്റിക് കുപ്പികളും മുളയും ഉപയോഗിച്ചു. കുപ്പികൾ സെറ്റ് ചെയ്യുന്നതിനു മണലും പൂഴിയും വയ്ക്കോലും ചെളിയും സിമന്റും ചേർത്ത മിശ്രിതം ഉപയോഗിച്ചു.

ചുമർ 2 ലെയറായി തേച്ചു മിനുക്കി. ഇതിനും കുപ്പികൾ സെറ്റ് ചെയ്യാൻ ഉപയോഗിച്ച മിശ്രിതം തന്നെയാണ് ഉപയോഗിച്ചത്.1000 സ്ക്വയർ ഫീറ്റുള്ള വീടിന് 5 ലക്ഷം രൂപയാണു ചെലവ്. 2 ബെഡ്‌ റൂം, ഓപ്പൺ കിച്ചൺ, ഡൈനിങ് ഹാൾ, ബാത്ത് റൂം, വരാന്ത ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഉള്ളത്. ഭോപാൽ കോളജിലെ വിദ്യാർഥികൾ ചുമരുകളിൽ ആർട് വർക്ക് നടത്തുന്നുണ്ട്. ഒരു മാസം കൊണ്ട് നിർമാണം പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണിവർ. സൈന്യം ഉപയോഗിച്ചിരുന്ന എർത്ത് ബാഗ് നിർമിതിയുടെ മാതൃകയിലാണ് ഈ പ്രകൃതി സൗഹൃദ വീടൊരുങ്ങുന്നത്

Facebook Comments Box