നിയമനം സിപിഎം അറിഞ്ഞില്ല; ഗതാഗത മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പുറത്ത്
കൊച്ചി ; സിപിഎം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിനൊപ്പം പ്രാധാന്യം നല്‍കി ഘടകകക്ഷിമന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിലും സിപിഎം ഇടപെടല്‍.ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ വരുത്തി വച്ച പ്രശ്‌നങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടു കൊണ്ടാണ് ഇടപെടല്‍.
പാര്‍ട്ടി അറിയാതെ ഇത്തവണ പേഴ്സണല്‍ സ്റ്റാഫ് നിയമനം വേണ്ട എന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഐഎന്‍എല്ലില്‍ നിന്നുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ സിപിഎം തീരുമാനിച്ച് നിയമനം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പി.കെ.ശ്രീവത്സ കുമാറിനെ മാറ്റി.മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് പി.കെ.ശ്രീവത്സ കുമാറിനെ സ്ഥാനത്തുനിന്നും ഒഴിവാക്കിയത്.
ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെ പേഴ്സണല്‍ സ്റ്റാഫിലെ അംഗമായിരുന്നു ശ്രീവത്സ കുമാര്‍. ചട്ടങ്ങള്‍ മറികടന്നു മറ്റൊരു വകുപ്പിലെ കാര്യത്തില്‍ ഇടപെട്ടതിനെത്തുടര്‍ന്ന് പേഴ്സണല്‍ സ്റ്റാഫില്‍നിന്നു മന്ത്രി ഒഴിവാക്കി.രണ്ടാം പിണറായി സര്‍ക്കാരില്‍ ഇയാളെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ച് ഈ മാസമാണ് ഉത്തരവിറങ്ങിയത്. പാര്‍ട്ടിയുടെ അനുമതിയില്ലാതെയാണു നിയമനമെന്നു മുഖ്യമന്ത്രിയുടെ ഓഫിസില്‍ വിവരം ലഭിച്ചതിനെത്തുടര്‍ന്നു നിയമനം റദ്ദാക്കി ഉത്തരവിറക്കുകയായിരുന്നു.
നേരത്തെ മുന്‍ സഹപ്രവര്‍ത്തകയെ സ്റ്റാഫില്‍ ഉള്‍പ്പെടുത്താനുള്ള ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നീക്കം സിപിഎം നേതൃത്വം തടഞ്ഞിരുന്നു മുന്‍ സഹപ്രവര്‍ത്തകയും സുഹൃത്തുമായ മാധ്യമപ്രവര്‍ത്തകയെ ഔദ്യോഗിക പിആര്‍ഒ ആക്കാനായിരുന്നു ആരോഗ്യമന്ത്രിയുടെ നീക്കം. ആറന്മുളയില്‍ മത്സരിക്കുമ്പോള്‍ പിആര്‍ സഹായങ്ങള്‍ നല്‍കിയ മാധ്യമപ്രവര്‍ത്തകയെ മന്ത്രിയായതിന് ശേഷവും വീണാ ജോര്‍ജ് ഒപ്പം കൂട്ടി. എന്നാല്‍ പാര്‍ട്ടി തീരുമാനം വരും മുന്നെ സ്വന്തം നിലയില്‍ എടുത്ത തീരുമാനമാണ് തിരിച്ചടിയായത്