Mon. Apr 29th, 2024

പുതുപ്പള്ളി പിടിക്കാൻ ബി ജെ പി യും . മുൻ മുഖ്യമന്ത്രിയും , കേന്ദ്ര മന്ത്രിയും ആയ എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ കളത്തിലിറക്കാൻ ബിജെപി.

By admin Aug 3, 2023
Keralanewz.com

ഉമ്മൻ ചാണ്ടിയുടെ മരണത്തിനു പിന്നാലെ പുതുപ്പള്ളിയില്‍ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ അനിൽ ആന്റണിയെ ഇറക്കാൻ ബിജെപി നീക്കമെന്ന് സൂചന .
ഉമ്മന്‍ചാണ്ടിയുടെ മരണത്തിന് പിന്നാലെ സിപിഎം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളനീക്കം തുടങ്ങുകയും കോണ്‍ഗ്രസ് ആലോചനകള്‍ തുടങ്ങുകയും ചെയ്തിരിക്കെ ബിജെപിയും തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്.

പുതിയതായി പാര്‍ട്ടിയിലേക്ക് വന്നയാളും ബിജെപി ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തുകയും ചെയ്തിട്ടുള്ള അനില്‍ ആന്റണിയെ പുതുപ്പള്ളിയില്‍ മത്സരരംഗത്ത് കാണാന്‍ കഴിയുമോ എന്ന സംശയം ഉയരുന്നുണ്ട്. 53 വര്‍ഷമായി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സിപിഎമ്മുമായി മാത്രം ഏറ്റുമുട്ടിയിരുന്ന മണ്ഡലത്തില്‍ അനിലിനെ കൂടി നിര്‍ത്തി ശക്തമായ ത്രികോണ മത്സരത്തിന് ബിജെപി കളമൊരുക്കുമോ എന്നാണ് ഇനിയറിയാനുള്ളത്. കഴിഞ്ഞ ഏപ്രിലിലാണ് എ.കെ.ആന്റണിയുടെ മകന്‍ ബിജെപിയില്‍ എത്തിച്ചത്.

കഴിഞ്ഞദിവസമാണ് ബിജെപി അനില്‍ ആന്റണിയെ പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയായി നിയമിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി, കേരളത്തില്‍ ബിജെപിയുടെ വോട്ടുവിഹിതവും സ്വാധീനവും കൂട്ടാന്‍ ശ്രമിക്കുമെന്ന് പിന്നാലെ അനില്‍ ആന്റണി പറഞ്ഞിരുന്നു. ഈ വര്‍ഷം ഏപ്രിലിലാണ് കോണ്‍ഗ്രസില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ല എന്ന് ആരോപിച്ച്‌ കൊണ്ട് അനില്‍ ആന്റണി പാര്‍ട്ടി വിട്ടത്. പിന്നാലെ ബിജെപിയില്‍ ചേരുന്നതായി പ്രഖ്യാപനം നടത്തി. 2002 1 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയില്‍ പ്രധാനമന്ത്രി മോദിയെയും കേന്ദ്രസര്‍ക്കാരിനെയും പിന്തുണച്ച്‌ രംഗത്തെത്തിയതിന് പിന്നാാലെയാണ് അനില്‍ ആന്റണി കോണ്‍ഗ്രസ് വിട്ടത്.

സിപിഎം സംസ്ഥാന സമിതി അംഗം എം.അനില്‍കുമാറാണ് ഇത്തരത്തിലൊരു ഊഹാപോഹത്തിന് തുടക്കമിട്ടത്. മക്കള്‍ രാഷ്ട്രീയത്തെ തളളിപ്പറഞ്ഞ ഇരുനേതാക്കളുടെയും മക്കള്‍ പരസ്പരം ഏറ്റുമുട്ടുമോ എന്ന ചോദ്യമുയര്‍ത്തി സിപിഎം സംസ്ഥാന സമിതി അംഗം ചെയ്ത ഫേസ്ബുക്ക് പോസ്റ്റാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുന്നത്. ഉമ്മന്‍ചാണ്ടിക്കു കിട്ടിയ അപ്രതീക്ഷിത യാത്രയയപ്പിന് പിന്നാലെ പുതുപ്പള്ളി മണ്ഡലം നഷ്ടപ്പെടാതിരിക്കാന്‍ ചാണ്ടിയുമ്മനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്.

അതേസമയം, സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ തിടുക്കത്തില്‍ തീരുമാനം എടുക്കേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസിന്. ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ട ദു:ഖാചരണങ്ങള്‍ക്ക് ശേഷം പരസ്യമായ പ്രവര്‍ത്തനങ്ങളില്‍ ഇറങ്ങിയാല്‍ മതിയെന്നാണ് നിലപാട്. മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, കെ.സി.ജോസഫിനുമാണ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.

അതിനിടയില്‍ കോട്ടയത്തെ വിവിധ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലേക്ക് അനുശോചനയാത്ര പ്രവര്‍ത്തകര്‍ നടത്തുന്നുണ്ട്. ഇതിനെ ഉപതെരഞ്ഞെടുപ്പിനുളള കോണ്‍ഗ്രസിന്റെ സംഘടനാപരമായ ഒരുക്കമായി വിലയിരുത്തപ്പെടുന്നുണ്ട്. നാലു പഞ്ചായത്തുകള്‍ വീതമുളള രണ്ട് ബ്ലോക്കുകളായി തിരിച്ച്‌ താഴെ തട്ടില്‍ പ്രവര്‍ത്തനം തുടങ്ങാനാണ് കോണ്‍ഗ്രസിന്റെ ഉദ്ദേശം.

Facebook Comments Box

By admin

Related Post