Kerala News

കുഴൽ നാടന്റെ നിർമ്മാണം റിസോർട്ട് തന്നെ. മുറിവാടക 5000 . നിർമ്മാണം കുന്നിടിച്ച് നിരത്തി. വിസ്തീർണ്ണം 6000 ച.അടി .

Keralanewz.com

കുന്നിടിച്ചുനിരത്തി നിര്‍മിച്ചതാണ് 6000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള റിസോര്‍ട്ട്. ചിന്നക്കനാല്‍ പഞ്ചായത്ത് ആറാം വാര്‍ഡായ പാപ്പാത്തിച്ചോല ഷണ്‍മുഖവിലാസം സര്‍വേ നമ്ബര്‍ 34/1 ലെ 57 സെന്റ് കുഴല്‍നാടൻ ഉള്‍പ്പെടെ മൂന്ന് പേരുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുഴല്‍നാടൻ പ്ലോട്ട്വാങ്ങുമ്ബോഴുള്ള ‘അല്‍ഫോൻസ് കപ്പിത്താൻസ്’ എന്ന പേര് അടുത്തിടെ ‘എറ്റേണോ കപ്പിത്താൻസ് ഡേല്‍’ എന്നാക്കിമാറ്റി. നിലവില്‍ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാ സൗകര്യങ്ങളുമുള്ള മുറിയൊന്നിന് ദിവസ വാടക ശരാശരി അയ്യായിരത്തിലധികമാണ്.

പതിനഞ്ചോളം വര്‍ഷം പഴക്കമുള്ള കെട്ടിടസമുച്ചയം ആവശ്യമായ നിയമസാധുതയില്ലാതെയാണ് കെട്ടി ഉയര്‍ത്തിയത്. ഒരു കെട്ടിടത്തിന് നിരാക്ഷേപ പത്രത്തിനായി (എൻഒസി) 2023 മാര്‍ച്ച്‌ 24നാണ് കുഴല്‍നാടൻ ഉടുമ്ബൻചോല തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കിയത്. തഹസില്‍ദാര്‍ എൻഒസി അപേക്ഷ കലക്ടറേറ്റിലേക്ക് അയച്ചു. പ്രഥമദൃഷ്ട്യാ അനധികൃതമാണെന്ന് ബോധ്യപ്പെട്ടതിനാല്‍ എൻഒസി നല്‍കിയില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്ബാണ് കോടികള്‍ മൂല്യംവരുന്ന ഭൂമി വില കുറച്ചുകാട്ടി ആധാരംചെയ്തത്. സമയബന്ധിതമായി പോക്കുവരവ് ചെയ്യാനായില്ല. ഏറെ നൂലാമാലകളും നിയമക്കുരുക്കുകളും ഉണ്ടായിരുന്നതിനാല്‍ മൂന്നുവര്‍ഷത്തിനുശേഷമാണ് രണ്ട് കെട്ടിടസമുച്ചയത്തിന് പോക്കുവരവ് തരപ്പെടുത്തിയത്.

പരിസ്ഥിതി പ്രധാനമായ കുന്നിൻചരിവ് ഇടിച്ചുനികത്തി നിര്‍മിച്ച ആഡംബര കെട്ടിടമാണ് കുഴല്‍നാടൻ വാങ്ങിയത്. ഉയര്‍ന്ന പ്രദേശത്തുനിന്നുള്ള വിദൂര–-താഴ്വാര കാഴ്ചകള്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുമെന്നതിനാല്‍ കൂടുതല്‍ പണം ഉണ്ടാക്കാമെന്ന കച്ചവടക്കണ്ണും ഇതിനുപിന്നിലുണ്ട്.

മറുപടിയില്ലാതെ 
കുഴല്‍നാടൻ
ചിന്നക്കനാലില്‍ ഭൂമിയും ആഡംബര റിസോര്‍ട്ടും വാങ്ങിയതിലെ നികുതി വെട്ടിപ്പിലും ബിനാമി ഇടപാടിലും ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടിയില്ലാതെ മാത്യു കുഴല്‍നാടൻ എംഎല്‍എ. ന്യായവിലയേക്കാള്‍ ഉയര്‍ന്ന വിലയ്ക്കാണ് ആധാരം രജിസ്റ്റര്‍ ചെയ്തതെന്ന വാദം ഉയര്‍ത്തി തടിതപ്പാനായിരുന്നു നോട്ടം. വാര്‍ത്താസമ്മേളനത്തില്‍ വ്യക്തവും വിശ്വസനീയവുമായ മറുപടി പറയാതെ ഉരുണ്ടുകളിച്ചു.

ചിന്നക്കനാലില്‍ വാങ്ങിയ 46.43 ആര്‍ ഭൂമിക്ക് ന്യായവില പ്രകാരം 1.17 കോടി രൂപ പ്രമാണത്തില്‍ കാട്ടിയാല്‍ മതിയായിരുന്നു. എന്നാല്‍, 1.93 കോടി രൂപ കാണിക്കുകവഴി ആറുലക്ഷം രൂപ അധികമായി നികുതി ഒടുക്കി. ഇടപാട് പൂര്‍ണമായും കണക്കില്‍പ്പെട്ട പണത്താല്‍ ആയിരിക്കണമെന്നതിനാലാണ് ഇത്തരത്തില്‍ നികുതി ഒടുക്കിയെതെന്നായി വിശദീകരണം. തൊട്ടടുത്ത ദിവസം തെരഞ്ഞെടുപ്പുകമീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഇതേ വസ്തുവിന് മൂന്നരക്കോടി രൂപ വില കാട്ടിയത് സംബന്ധിച്ച വിചിത്രമായ അവകാശവാദവും നിരത്തി. നേരത്തേ നടന്ന രണ്ടു ഭൂമി ഇടപാടുകളും ആറേഴ് മാസംമുമ്ബ് വാങ്ങിയ ഭൂമിയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുമെല്ലാം ചേര്‍ത്തതെന്നായി വാദം.

ആരോപണങ്ങള്‍ തന്റെ നിയമസ്ഥാപനത്തിന് കളങ്കംവരുത്തി. പ്രമുഖ അഭിഭാഷകരാണ് പങ്കാളികള്‍. ബ്രിട്ടനിലും സിംഗപ്പൂരിലുമൊക്കെയുള്ള ആളുകള്‍ക്ക് സ്ഥാപനവുമായി ബന്ധമുണ്ട്. ഇവര്‍വഴി വിദേശപണം എത്തിയിട്ടുണ്ട്. തിരുവിതാംകൂര്‍ രാജകുടുംബമടക്കം കക്ഷികളാണ്. ഇക്കാലയളവില്‍ രണ്ടരക്കോടിയോളം രൂപ സ്ഥാപനം നികുതി ഒടുക്കിയിട്ടുണ്ട്. ഇതിന്റെ കണക്കുകള്‍ ആര്‍ക്കും പരിശോധിക്കാം. ഇതുപോലെ മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തിന്റെ കണക്കുകളും പുറത്തുവിടണമെന്ന വാദമാണ് പ്രതിരോധമായി ഉയര്‍ത്തിയത്. സത്യവാങ്മൂലത്തിലെയും തഹസില്‍ദാര്‍ക്ക് നല്‍കിയ അപേക്ഷയിലെയും ഒപ്പുകളിലെ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മറുപടി നല്‍കി.

ഗസ്റ്റ് ഹൗസെന്ന് കുഴല്‍നാടൻ
ചിന്നക്കനാലിലെ ഭൂമിയിലുള്ള കൂറ്റൻ ആഡംബര റിസോര്‍ട്ട് കെട്ടിടം ഗസ്റ്റ് ഹൗസാണെന്ന് കുഴല്‍നാടൻ അവകാശപ്പെട്ടു. ലാൻഡ് അസൈൻമെന്റ് ആക്ടുപ്രകാരം ഈ മേഖലയിലെ ഭൂമിയില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കാൻ പാടില്ലെന്നത് കുഴല്‍നാടൻ അംഗീകരിച്ചു. എന്നാല്‍, തന്റെ ഭൂമിയിലെ മുഴുവൻ കെട്ടിടവും അംഗീകാരമുള്ളതും ഗസ്റ്റ് ഹൗസ് ഉപയോഗത്തിനുള്ളതുമാണെന്നത് മനസ്സിലാക്കിയാണ് വാങ്ങിയത്. ഇതേ കെട്ടിടം നിലവിലുള്ളപ്പോള്‍ വീട് വയ്ക്കാൻ അനുവാദം തേടിയതെന്തിനെന്ന ചോദ്യത്തിന് ഒരു ഭൂമിയില്‍ ഒന്നോ രണ്ടോ വീട് വയ്ക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോയെന്നായിരുന്നു മറുപടി.

കുഴല്‍നാടനെ വെള്ളപൂശി മാധ്യമങ്ങള്‍
ചിന്നക്കനാലിലെ ഭൂമിയുടെ മറവില്‍ മാത്യു കുഴല്‍നാടൻ നടത്തിയ നികുതി വെട്ടിപ്പിന്റെയും ബിനാമി ഇടപാടുകളുടെയും വിവരങ്ങള്‍ നേരത്തെ ലഭിച്ചിട്ടും മൂടിവച്ച്‌ മാധ്യമങ്ങള്‍. കഴിഞ്ഞദിവസം സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ വാര്‍ത്താസമ്മേളനത്തിലൂടെ വിഷയം പരസ്യപ്പെടുത്തിയപ്പോഴാണ് ചില മാധ്യമങ്ങളെങ്കിലും വാര്‍ത്തയാക്കാൻ തയ്യാറായത്.

ആരോപണങ്ങള്‍ക്ക് മറുപടി പറയാനെന്ന പേരില്‍ കുഴല്‍നാടൻ തലസ്ഥാനത്ത് കെപിസിസി ആസ്ഥാനത്ത് വിളിച്ച വാര്‍ത്താസമ്മേളനത്തിലും മാധ്യമങ്ങളുടെ അനുകമ്ബയും അമിത വിധേയത്വവും പ്രകടമായി. വിഷയത്തില്‍ നിഷ്പക്ഷതയുടെ മുഖംമൂടി അണിയുന്ന മാധ്യമസംഘങ്ങള്‍ക്ക് ചോദ്യം ഉയര്‍ത്താൻ ആര്‍ജവമുണ്ടായില്ല. പ്രീ ഡിഗ്രിക്ക് കോപ്പിയടിച്ച്‌ പിടിക്കപ്പെട്ട് ഡീബാര്‍ ചെയ്യപ്പെട്ട കുഴല്‍നാടന്റെ ചരിത്രം നിയമസഭയില്‍ പരാമര്‍ശിക്കപ്പെട്ടപ്പോഴും ഈ ആനുകൂല്യം കുഴല്‍നാടന് അനുവദിച്ചുകിട്ടിയിരുന്നു. ഒരു അന്വേഷണവും വാര്‍ത്തയാക്കലുമുണ്ടായില്ല.

വമ്ബൻ തട്ടിപ്പാണ് ചിന്നക്കനാലില്‍ അരങ്ങേറിയത്. വസ്തുവിനും കെട്ടിടത്തിനും നല്‍കിയ തുകയുടെ പകുതിപോലും കാണിക്കാതെ രജിസ്ട്രേഷൻ നികുതി വെട്ടിച്ചതാണ് ആദ്യതട്ടിപ്പ്. വസ്തുവിലെ അനധികൃത നിര്‍മാണത്തിന് നിയമസാധുത ഉണ്ടാക്കാനായി വീട് നിര്‍മാണത്തിനായി നിരാക്ഷേപ പത്രത്തിന് അപേക്ഷിച്ചത് രണ്ടാമത്തെ തട്ടിപ്പ്. ആ അപേക്ഷയിലും തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ സത്യവാങ്മൂലത്തിലും വ്യത്യസ്ത ഒപ്പിട്ടു. പിന്നീട് കള്ളപ്പണം വെളുപ്പിക്കുന്നതിന് ഭൂമി ഇടപാടിനെ ഉപയോഗിച്ചു. രജിസ്ട്രേഷനായി 1,92,60,000 രൂപ ഭൂവുടമയ്ക്ക് അക്കൗണ്ടുവഴി കൈമാറിയതായി രേഖയുണ്ട്. എന്നാല്‍, മൂന്നര കോടിയാണ് ഇടപാടിലെ വിലയെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

കുഴല്‍നാടന് അമ്ബതും മറ്റുള്ളവര്‍ക്ക് ഇരുപത്തഞ്ചും ശതമാനം വീതമാണ് ഇടപാടിലെ പങ്കാളിത്തം. മറ്റുള്ളവര്‍ ഉടമയ്ക്ക് പണം കൈമാറിയതായി രേഖയില്ല. ഏഴ് കോടിയുടെ ഭൂമി ഇടപാടെന്നാണ് ആക്ഷേപം. ആധാരത്തിലെ ഭൂമി വിലയായ 1,92,60,000 രൂപയില്‍ 1,91,15,549 രൂപയും കുഴല്‍നാടന്റെ അക്കൗണ്ടില്‍നിന്ന് ഉടമയ്ക്ക് കൈമാറിയിട്ടുമുണ്ട്.

Facebook Comments Box