ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗം: ഇനി വാദം മാറ്റില്ല; ഡല്‍ഹി പൊലീസിന് താക്കീത്
ഡല്‍ഹി> വിദ്വേഷപ്രസംഗം നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനും ബിജെപി എംപി പര്‍വേഷ് വര്‍മയ്ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഇനി മാറ്റിവയ്ക്കില്ലെന്ന് ഡല്‍ഹി പൊലീസിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്.
തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ മൂന്നാമതും മാറ്റിവയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടതാണ് ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, പങ്കജ് മിത്തല്‍ എന്നിവരുടെ ബെഞ്ചിനെ ചൊടിപ്പിച്ചത്. ഇനി മാറ്റിവയ്ക്കാനുള്ള അപേക്ഷയുമായി വരരുതെന്ന് ഡല്‍ഹി പൊലീസിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിനോട് കോടതി വ്യക്തമാക്കി. കേസ് ഒക്ടോബര്‍ മൂന്നിലേക്ക് മാറ്റി. 2020 ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന റാലികളില്‍ തീവ്ര വര്‍ഗീയപ്രസംഗങ്ങള്‍ നടത്തിയ കേന്ദ്രമന്ത്രിക്കും എംപിക്കുമെതിരെ കേസെടുക്കണമെന്നാണ് ബൃന്ദ കാരാട്ട്, സിപിഐ എം ഡല്‍ഹി സംസ്ഥാന സെക്രട്ടറി കെ എം തിവാരി എന്നിവരുടെ ഹര്‍ജിയിലെ പ്രധാന ആവശ്യം.