Thu. Apr 25th, 2024

കേരളത്തിലെ റബർതോട്ടങ്ങളിൽ 90 ശതമാനവും സുരക്ഷിതമേഖലയിൽ

By admin Jul 27, 2021 #news
Keralanewz.com

റബ്ബർ ഗവേഷണകേന്ദ്രം ഉപഗ്രഹ സാങ്കേതികവിദ്യയുടെ സഹായത്തോടെ റബ്ബർകൃഷി ചെയ്യുന്ന സ്ഥലങ്ങളിലെ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളുടെ മാപ്പിങ്‌ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് റബർകൃഷിയുള്ള വിവിധ ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യത എത്രത്തോളമുണ്ടെന്ന് കണ്ടെത്തിയത്.

ഇതനുസരിച്ച് മൊത്തം റബ്ബർകൃഷിയുടെ(തോട്ടങ്ങളുടെ പ്രായം മൂന്നു വർഷത്തിൽ കൂടുതൽ) ഏകദേശം 1.6 ശതമാനം (9485 ഹെക്ടർ) ഉരുൾപൊട്ടൽ സാധ്യത കൂടുതലുള്ള പ്രദേശങ്ങളിലും ആറു ശതമാനം (32398 ഹെക്ടർ) ഇടത്തരം ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിലും രണ്ടു ശതമാനം (13072 ഹെക്ടർ) ഉരുൾപൊട്ടൽ സാധ്യത കുറഞ്ഞ പ്രദേശങ്ങളിലുമായാണ് സ്ഥിതിചെയ്യുന്നത്.

ഇത് മൊത്തം റബ്ബർകൃഷിയുടെ 9.7 ശതമാനത്തോളം വരും. 90.3 ശതമാനവും സ്ഥിതിചെയ്യുന്നത് ഉരുൾപൊട്ടൽ സാധ്യത തീർത്തും ഇല്ലാത്ത സ്ഥലങ്ങളിലാണെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വികസിപ്പിച്ച ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളുടെ ഭൂപടത്തിലൂന്നിയ വിവരങ്ങളാണ് ഈ പഠനത്തിന് സഹായകരമായത്. റബ്ബർ ഗവേഷണകേന്ദ്രം കേരള ഡിജിറ്റൽ സർവകലാശാലയുമായി ചേർന്നാണ്‌ പോർട്ടൽ വികസിപ്പിച്ചെടുത്തത്‌.

https://lsz.rubberboard.org.in എന്ന പോർട്ടലിൽ ഈ വിവരങ്ങൾ ലഭ്യമാണ്. കർഷകർക്ക്‌ തങ്ങളുടെ തോട്ടങ്ങൾ നിൽക്കുന്ന സ്ഥലം ഉരുൾപൊട്ടൽ സാധ്യതയുള്ളതാണോ എന്നും അവിടെ സ്വീകരിക്കേണ്ട കാർഷികരീതികളെക്കുറിച്ചുള്ള വിവരങ്ങളും മാർഗനിർദേശങ്ങളും ഈ പോർട്ടലിൽ നിന്ന് ലഭിക്കും. കോട്ടയം, ഇടുക്കി, കണ്ണൂർ ജില്ലകളിലാണ്‌ ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ റബർകൃഷിയുള്ളത്‌.

കോട്ടയം ജില്ലയിൽ 2371 ഹെക്ടർ റബർകൃഷിഭൂമി ഉയർന്ന ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയിലും 7491 ഹെക്ടർ ഇടത്തരം സാധ്യതയുള്ള പ്രദേശത്താണ്. ഇടുക്കിയിൽ 2132 ഹെക്ടറും കണ്ണൂരിൽ 2121 ഹെക്ടറും ഹൈറിസ്ക് മേഖലയിലാണ്.

Facebook Comments Box

By admin

Related Post