Kerala NewsReligion

നാളെ ശ്രീകൃഷ്ണ ജന്മാഷ്ടമി: പുണ്യം നല്കുന്ന സുദിനം, കേരളത്തിലെ 5 ശ്രീകൃഷ്ണ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം:

Keralanewz.com

മഹാവിഷ്ണു ശ്രീകൃഷ്ണന്‍റെ അവതാരമെടുത്ത് ഭൂമിയില്‍ അവതരിച്ച ദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി. ഭൂമിയില്‍ ധര്‍മ്മം പുന:സ്ഥാപിക്കാനും അനീതി ഇല്ലാതാക്കി നീതി കൊണ്ടുവരുവാനും അവതാരമെടുത്ത ഈ ദിനം വിശ്വാസികളെ സംബന്ധിച്ച്‌ അതീവ പ്രാധാന്യമുളള ദിവസമാണ്.

ജന്മാഷ്ടമി ദിവസം അര്‍ധരാത്രിയിലാണ് ശ്രീകൃഷ്ണൻ ജനിച്ചതെന്ന വിശ്വാസത്തില്‍ രാത്രി മുതല്‍ തന്നെ കൃഷ്ണ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടത്തുന്ന പതിവും നിലനില്‍ക്കുന്നു.

കേരളത്തിലെ ക്ഷേത്രങ്ങളിലും ശ്രീകൃഷ്ണന ജയന്തി വിപുലമായ ചടങ്ങുകളോടെ നടത്തുന്നു. കൃഷ്ണ ക്ഷേത്രങ്ങളിലെ പ്രാര്‍ത്ഥനകളും പൂജകളും മാത്രമല്ല, ശോഭായാത്രയും ഇതിന്റെ ഭാഗമായുണ്ട്. ഇതാ ജന്മാഷ്ടമിയുടെ ഐശ്വര്യത്തിനായി കേരളത്തില്‍ സന്ദര്‍ശിക്കാവുന്ന പ്രധാന കൃഷ്ണ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം.

  1. മലയൻകീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ് തിരുവനന്തപുരത്തെ മലയൻകീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. തിരുവനന്തപുരത്തു നിന്നും 15 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ തിരുവല്ലയിലെ പഞ്ചലലോഹ വിഗ്രഹമാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. ഇവിടെ ക്ഷേത്രഗോപുരത്തില്‍ വെച്ചാണ് കണ്ണശ്ശകവികളില്‍ മാധവപണിക്കര്‍ ഭാഷാ ഭഗവദ്ഗീത എഴുതിയത്‌ എന്നാണ് വിശ്വാസം. വ്യത്യസ്തമായ രീതികളാലും ആചാരങ്ങളാലും ക്ഷേത്രം പ്രസിദ്ധമാണ്.

  1. മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

കൊല്ലം ജില്ലയിലെ മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം കേരളത്തിലെ പേരുകേട്ട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രങ്ങളിലൊന്നാണ്. അയ്യായിരത്തിലധികം വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രം ഏക വിഗ്രഹ പ്രതിഷ്ഠയ്ക്ക് പ്രസിദ്ധമാണ്. മുഖത്തല മുരഹരി എന്ന പേരിലാണ് ശ്രീകൃഷ്ണനെ ആരാധിക്കുന്നത്. ഇവിടെ വെച്ചാണ് മുരനെന്ന അസുരനെ മഹാവിഷ്ണു വധിച്ചതെന്നാണ് പറയപ്പെടുന്നത്. അതീവ ശക്തിയുള്ള പ്രതിഷ്ഠയായതിനാലാണ് ഇവിടെ ഉപദേവതകള്‍ ഇല്ലാത്തത് എന്ന ഒരു വിശ്വാസവു നിലനില്‍ക്കുന്നു. അതിപുരാതനമായ കേരളീയ വാസ്തുവിദ്യയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്നും 8 കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.

  1. ചേലാമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

പെരിയാറിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന ചേലാമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം കേരളത്തിലെ പുരാതനമായ ശ്രീകൃഷ്ണ ക്ഷേത്രമാണ്. ദക്ഷിണ കാശി എന്നറിയപ്പെടുന്ന ഇവിടെ എല്ലാ ദിവസവും പിതൃബലി തര്‍പ്പണം നടത്താനും സാധിക്കും. ക്ഷേത്രത്തിനു സമീപത്തു കൂടിയൊഴുകുന്ന പെരിയാര്‍ ഗംഗാ നദിക്ക് തുല്യമാണെന്നാണ് വിശ്വാസം. ശ്രീകൃഷ്ണനൊപ്പം നരസിംഹ മൂര്‍ത്തിയും പ്രധാന ദേവതയായി വാഴുന്ന ക്ഷേത്രമാണിത്. രണ്ട് ശ്രീകോവിലുകളും ഇവിടെ കാണാം.

4 .തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം

വടക്കിന്‍റെ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രമാണ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം. മലബാറിലെ ഏറ്റവും പേരുകേട്ട ശ്രീകൃഷ്ണ ക്ഷേത്രമായ ഇത് കണ്ണൂരിലെ തളിപ്പറമ്പിലാണ് സ്ഥിതി ചെയ്യുന്നത്. രൗദ്രഭാവത്തിലാണ് ഇവിടെ ശ്രീകൃഷ്ണനെ ആരാധിക്കുന്നത്. കംസവധത്തിനു ശേഷം നില്‍ക്കുന്ന രൂപമായതിനാലാണ് ഈ ഭാവം എന്നാണ് വിശ്വാസം. നിര്‍മ്മാല്യദര്‍ശനം ശുഭകരമല്ലാത്ത കേരളത്തിലെ ക്ഷേത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇവിടുത്തെ ചുവര്‍ ചിത്രങ്ങള്‍ അതിമനോഹരവും പേരുകേട്ടതുമാണ്.

  1. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം അമ്ബലപ്പുഴ

അമ്ബലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം എന്നറിയപ്പെടുന്ന ഈ ക്ഷേത്രം കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ 7 വിഷ്ണു ക്ഷേത്രങ്ങളില്‍ ഒന്നാണ്. പാര്‍ത്ഥസാരഥി സങ്കല്പത്തില്‍ ശ്രീകൃഷ്ണനെ ആരാധിക്കുന്ന ഇവിടെ വലതുകൈയ്യില്‍ ചമ്മട്ടിയും ഇടതുകൈയ്യില്‍ പാഞ്ചജന്യവുമായി നില്‍ക്കുന്ന പരബ്രഹ്മസ്വരൂപനായ ശ്രീ കൃഷ്ണഭഗവാന്റെ രൂപമാണുള്ളത്. ഇവിടുത്തെ നിവേദ്യമായ അമ്പലപ്പുഴ പാല്‍പ്പായസം ലോകപ്രസിദ്ധമാണ്.

Facebook Comments Box