മെറ്റലിന് പകരം പാറപ്പൊടി, അതും റോഡ് നിർമാണത്തിന്; നിർമിച്ചത് 83 റോഡുകൾ; വിജിലൻസ് അന്വേഷണം തുടങ്ങി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്തിൽ കോടികളുടെ ക്രമക്കേട്. മുൻ ഭരണസമിതിയുടെയും നിലവിലെ ഭരണസമിതിയുടെയും വിവിധ പദ്ധതികളിൽ വ്യാപക ക്രമക്കേട് നടന്നതായുള്ള പരാതിയിൽ വിജിലൻസ് അന്വേഷണം. പ്രാഥമിക പരിശോധനയിൽ കോടികളുടെ അഴിമതി നടന്നതായി കണ്ടെത്തി. യു.ഡി.എഫിന്റെ നേതൃത്വത്തിൽ മുൻ ഭരണസമിതിക്കും എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ഇപ്പോഴത്തെ ഭരണസമിതിക്കും എതിരേയാണ് ആരോപണം ഉയർന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം പഞ്ചായത്തിൽ പരിശോധനയ്ക്കെത്തിയ വിജിലൻസ് സംഘം വിവിധ പദ്ധതികളുടെ രേഖകൾ പിടിച്ചെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി പഞ്ചായത്ത് സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കെട്ടിടങ്ങൾക്ക് പെർമിറ്റ് അനുവദിക്കൽ, റോഡ് നിർമാണം, നികുതി പിരിവ്, കംപ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങളിൽ കാട്ടിയ തിരിമറി എന്നിവയാണ് വിജിലൻസ് പരിശോധിക്കുന്നത്.

2018 മുതൽ പഞ്ചായത്തിൽ നടന്ന വിവിധ പ്രവൃത്തികളിലും പദ്ധതികളിലുമാണ് വ്യാപക ക്രമക്കേട് നടന്നതായി പരാതി ഉയർന്നത്. പഞ്ചായത്ത് ഡയറക്ടർക്കും വിജിലൻസിനും ലഭിച്ച പരാതികളെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ അഴിമതി നടന്നതായുള്ള കണ്ടെത്തലുള്ളത്. പഞ്ചായത്തിൽ അനധികൃതമായി നിരവധി കെട്ടിടങ്ങൾക്ക് പെർമിറ്റ് അനുവദിച്ചെന്നുള്ള പരാതിയിൽ പരാതിക്കാരുടെയും ജീവനക്കാരുടെയും ആരോപണവിധേയരായവരുടെയും മൊഴികൾ രേഖപ്പെടുത്തി. കഴിഞ്ഞ 20-ന് വിജിലൻസ് സംഘം നെടുങ്കണ്ടത്തെത്തി പരാതി ഉയർന്ന കെട്ടിടങ്ങൾ നേരിട്ട് പരിശോധിച്ചിരുന്നു. ഇതിൽ നാല് കെട്ടിടങ്ങൾക്ക് അനധികൃതമായി പെർമിറ്റ് നൽകിയതായാണ് പ്രാഥമിക കണ്ടെത്തൽ.

2018-19 വർഷം നൂറുശതമാനം നികുതി പിരിച്ചെടുത്ത പഞ്ചായത്ത് എന്നുള്ള ബഹുമതി നേടുന്നതിനായി വ്യാപക ക്രമക്കേട് പഞ്ചായത്ത് സെക്രട്ടറിയുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ നടന്നുവെന്നുള്ളതാണ് മറ്റൊരു പരാതി. ജനങ്ങളിൽനിന്ന്‌ നേരിട്ട് സ്വീകരിക്കേണ്ട നികുതി കൃത്രിമമായി ചെക്കിലൂടെ വാങ്ങി ക്രമക്കേട് നടത്തി സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അന്വേഷണം നടത്തി ജീവനക്കാർക്ക് മുമ്പ് മെമ്മോ നൽകിയിരുന്നു. ഇതിലും വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. 83 റോഡുകളുടെ നിർമാണത്തിൽ, ആവശ്യമായ അര ഇഞ്ച്, ഒരിഞ്ച് മെറ്റൽ, എം സാൻഡ് എന്നിവയിൽ വ്യാപകമായി കൃത്രിമം നടത്തി. പകരം പാറപ്പൊടി ഉപയോഗിച്ചാണ് മിക്ക റോഡുകളും ടാറിങ് ജോലികൾ പൂർത്തീകരിച്ചത്. ഇതിൽമാത്രം കോടികളുടെ അഴിമതിയാണ് നടന്നതെന്നാണ് ആരോപണം.

പഞ്ചായത്തിലെ കംപ്യൂട്ടർ റൂമിൽ വ്യാജമായി തീപിടിത്തം ഉണ്ടാക്കി ഉപകരണങ്ങൾ പൂർണമായും മാറ്റി പുതിയത് വാങ്ങിയെന്നും ആരോപണമുണ്ട്. പുതിയ ഉപകരണങ്ങൾ എത്തിച്ചപ്പോൾ പഴയവ സെക്രട്ടറിയും ജീവനക്കാരും കടത്തിയതായാണ് ആക്ഷേപം.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •