അന്തരിച്ച ഉമ്മന്‍ ചാണ്ടിയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കരുത്: ഇ.പി ജയരാജൻ .
കണ്ണൂര്‍: ഗണേഷ് കുമാര്‍ എംഎല്‍എയ്‌ക്കെതിരായ ആരോപണങ്ങള്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു.
സോളാര്‍ കേസിലെ ഗണേഷ് കുമാറിനെതിരായ ആരോപണത്തിലായിരുന്നു ജയരാജന്റെ പ്രതികരണം. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ആണ് കേസ് സിബിഐക്ക് കൈമാറിയതെന്നും മരിച്ചുപോയ ഉമ്മന്‍ ചാണ്ടിയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കരുതെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതീക്ഷിക്കാത്ത വിജയമാണ് പുതുപ്പള്ളിയില്‍ യുഡിഎഫിന് ഉണ്ടായത്. പുതുപ്പള്ളിയില്‍ സഹതാപം നിലനിര്‍ത്താനും ഉണ്ടാക്കാനും ആസൂത്രിത ശ്രമം നടന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സാധാരണ ഇത്തരം നിലപാട് എടുക്കാറില്ലെന്നും ഒരു പാര്‍ട്ടിയോടും കൂടി ആലോചിക്കാതെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നും ഇപി ജയരാജന്‍ ആരോപിച്ചു. ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് ഒരു മാസത്തിനകം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് യുഡിഎഫിന് പ്രയോജനപ്പെടുത്താന്‍ സാധിച്ചുവെന്നും ജയരാജന്‍ പറഞ്ഞു.
അതേസമയം, ഉമ്മൻ ചാണ്ടിയെ കുടുക്കാൻ നടത്തിയ ഗൂഡാലോചനയില്‍ ഗണേഷിന്റെ ബന്ധു ശരണ്യ മനോജ്, വിവാദ ദല്ലാള്‍ എന്നിവരും ഉള്‍പ്പെട്ടതായാണ് സി.ബി.ഐ കണ്ടെത്തല്‍. ക്ലിഫ് ഹൗസില്‍വച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ തെളിവില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങള്‍ സി.ബി.ഐ വിശദീകരിക്കുന്നത്. പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ല. ഇത് പിന്നീട് എഴുതിച്ചേര്‍ത്തതാണെന്നും സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. ക്ലിഫ്ഹൗസില്‍ വച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സി.ബി.ഐ പറയുന്നു.