Thu. Apr 25th, 2024

യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍ അറസ്റ്റില്‍; അറസ്റ്റ് രേഖപ്പെടുത്തിയത് 15 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍

By admin Mar 8, 2020 #rbi #yes bank
Keralanewz.com

മുംബൈ: 15 മണിക്കൂറുകള്‍ നീണ്ട എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിനൊടുവില്‍ യെസ് ബാങ്ക് സ്ഥാപകന്‍ അറസ്റ്റില്‍. കള്ളപ്പണം വെളിപ്പിച്ചെന്ന കേസിലാണ് റാണ കപൂറിനെ ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം റാണ കപൂറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡും നടത്തിയിരുന്നു.

വഴിവിട്ട് വായ്പകളനുവദിച്ചതാണ് ബാങ്കിനെ തകര്‍ത്തതെന്നാണ് റിസര്‍വ് ബാങ്കിന്റെ കണ്ടെത്തല്‍. സ്വകാര്യ സ്ഥാപനത്തിന് വഴിവിട്ട് വായ്പ അനുവദിച്ചതിന് പിന്നാലെ റാണയുടേയും ഭാര്യയുടേയും അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയതിന്റെ രേഖ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് യെസ് ബാങ്കിന്റെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുത്തത്. യെസ് ബാങ്കിന് മുകളില്‍ ആര്‍ബിഐ നിയന്ത്രണം കൊണ്ടുവന്നതോടെ ഇടപാടുകാര്‍ കൂട്ടത്തോടെ പണം പിന്‍വലിക്കാനും എത്തി.

ഇതേ തുടര്‍ന്ന് പിന്‍വലിക്കാവുന്ന തുക 50,000 ആയി നിയന്ത്രിക്കുകയും ചെയ്തു. ഇതിനു പിന്നാലെ പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാന്‍ ആളുകള്‍ ഇരച്ചെത്തി. ഇതോടെ ഓണ്‍ലൈന്‍ സംവിധാനവും തകരാറിലായി. ബാങ്കിനെ വായ്പകള്‍ നല്‍കുന്നതില്‍ നിന്ന് ആര്‍ബിഐ വിലക്കിയിട്ടുണ്ട്. പണം പിന്‍വലിക്കുന്നതിന് ആര്‍ബിഐ നിയന്ത്രണങ്ങള്‍ കൊണ്ട് വന്നതോടെ യെസ് ബാങ്ക് എടിഎമ്മുകളും കാലിയാണ്. ബാങ്കിന്റെ ഓഹരിമൂല്യം കുത്തനെ ഇടിയുകയും ചെയ്തു.

Facebook Comments Box

By admin

Related Post