Sat. Apr 20th, 2024

ചവറക്കാരുടെ വിജയണ്ണന്‍ വിടവാങ്ങി….

Keralanewz.com

കൊല്ലം: ചവറക്കാര്‍ക്ക് എന്‍ വിജയന്‍പിള്ള എന്നാല്‍ വിജയണ്ണനും വിജയന്‍ കൊച്ചേട്ടനുമായിരുന്നു. അതിപ്പോള്‍ കൊച്ചുകുട്ടികളായാലും പ്രായമുള്ളവരായാലും അവര്‍ക്കെല്ലാം അദ്ദേഹം വിജയണ്ണനൊ വിജയന്‍ കൊച്ചേട്ടനൊ ആയിരുന്നു.

പഞ്ചായത്ത് അംഗമായി തുടങ്ങിയതാണ് ചവറയില്‍ വിജയന്‍ പിള്ളയുടെ രാഷ്ട്രീയ പ്രവര്‍ത്തനം. രാഷ്ട്രീയം തുടങ്ങിയത് മുതല്‍ മരിക്കും വരെ ചവറയായിരുന്നു കര്‍മ്മമണ്ഡലം. ചവറയുടെ അടിവേരുകളില്‍ നിന്നും തുടങ്ങിയ പ്രവര്‍ത്തനം അദ്ദേഹത്തെ ചവറ എം.എല്‍എ പദവിയില്‍വരെ എത്തിച്ചു. 1979 മുതല്‍ 2000 വരെ വിജയന്‍ പിള്ള ചവറ പഞ്ചായത്ത് അംഗമായിരുന്നു. പിന്നീട് 2000 മുതല്‍ 2005 വരെ ജില്ലാ പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചു.

2000 വരെ തികഞ്ഞ ആര്‍എസ്പിക്കാരായിരുന്നു. പിന്നീട് ആര്‍.എസ്.പി വിട്ട് കോണ്‍ഗ്രസ് പാളയത്തിലെത്തി. ഇക്കാലത്ത് കെ. കരുണാകരനുമായിട്ടായിരുന്നു വിജയന്‍പിള്ളയ്ക്ക് അടുപ്പം. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ചപ്പോള്‍ വിജയന്‍ പിള്ള അതിന്റെ ഭാഗമായി. കെ. കരുണാകരന്‍ തിരിച്ച്‌ കോണ്‍ഗ്രസിലെത്തിയപ്പോള്‍ വിജയന്‍ പിള്ളയും മടങ്ങി. എന്നാല്‍ മദ്യനയത്തില്‍ വി.എം സുധീരനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് അദ്ദേഹം കോണ്‍ഗ്രസ് വിടുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതു സ്വതന്ത്രനായി മത്സരിക്കുമ്ബോള്‍ ഷിബു ബേബി ജോണ്‍ ആയിരുന്നു അദ്ദേഹത്തിന്റെ എതിരാളി. മന്ത്രിയുടെ പരിവേഷത്തോടെ വിജയം ആവര്‍ത്തിക്കാന്‍ കളത്തിലിറങ്ങിയ ഷിബു ബേബി ജോണിനെ മലര്‍ത്തിയടിച്ചാണ് വിജയന്‍ പിള്ള ഏവരേയും ഞെട്ടിച്ചത്. സിഎംപിയിലെ അരവിന്ദാക്ഷന്‍ വിഭാഗത്തിന്റെ പ്രതിനിധിയായി ഇടത് സ്വതന്ത്രനായിട്ടാണ് അദ്ദേഹം മത്സരിച്ചത്‌

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറികളില്‍ ഒന്നായിരുന്നു വിജയന്‍ പിള്ളയുടെ വിജയവും ഷിബുവിന്റെ തോല്‍വിയും. മുന്‍വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പില്‍ ഷിബുബേബി ജോണിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ച വിജയന്‍പിള്ള തന്നെ അദ്ദേഹത്തെ മലര്‍ത്തിയടിച്ച അപൂര്‍വ്വ കാഴ്ചയയ്ക്കും 2016ലെ തിരഞ്ഞെടുപ്പ് സാക്ഷിയായി.

21 വര്‍ഷം പഞ്ചായത്ത് അംഗമായി പ്രവര്‍ത്തിച്ച അനുഭവ സമ്ബത്തും വ്യക്തി ബന്ധങ്ങളുമാണ് ആര്‍എസ്പി വിട്ട് കോണ്‍ഗ്രസ് ടിക്കറ്റില്‍ തേവലക്കര ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്ത് അംഗമായി വിജയിക്കാന്‍ സഹായിച്ചത്. അത് തന്നെയാണ് കന്നി നിയമസഭാ അങ്കത്തിലും ചവറയുടെ മനസ്സ് അനുകൂലമായത് ജനകീയതയുടെ തുണയിലായിരുന്നു.

ഏതു സമയത്തും ജനങ്ങള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന നേതാവായിരുന്നു. വിജയന്‍പിള്ള പാര്‍ട്ടിയില്‍ നിന്ന് പാര്‍ട്ടികളിലേക്ക് കൂടുമാറിയപ്പോള്‍ പോലും ചവറക്കാരുടെ ഇഷ്ടത്തിന് ഒരു കുറവുമുണ്ടായില്ല.

രാഷ്ട്രീയം വിജന്‍ പിള്ളയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. കാരണം രാഷ്ട്രീയ പാരമ്ബര്യമുള്ള ഒരു കുടുംബത്തിന്റെ പിന്മുറക്കാരനായിരുന്നു അദ്ദേഹം. മെമ്ബര്‍ നാരായണപ്പിള്ള എന്ന ചവറയുടെ പൊതുമണ്ഡലത്തില്‍ സുപരിചിതനായ രാഷ്ട്രീയ പ്രവര്‍ത്തകന്റെ മകനായിരുന്നു അദ്ദേഹം. എന്‍ ശ്രീകണ്ഠന്‍നായര്‍ക്കും ബേബി ജോണിനും ഒപ്പം ആര്‍എസ്പിയുടെ സ്ഥാപക കാലം മുതല്‍ നേതൃനിരയിലെ സജീവ സാന്നിധ്യമായിരുന്നു മെമ്ബര്‍ നാരായണപിള്ള.

26 ാമത്തെ വയസ്സിലാണ് വിജയന്‍പിള്ള പഞ്ചായത്ത് അംഗമായത്‌.

Facebook Comments Box

By admin

Related Post