ഇടുക്കിയില്‍ കാട്ടാന റോഡില്‍; സ്കൂട്ടര്‍ മറിഞ്ഞ് യാത്രക്കാര്‍ക്കു പരിക്ക്
ഇടുക്കി: വണ്ണപ്പുറത്ത് റോഡിലിറങ്ങിയ കാട്ടാനയെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്കേറ്റു.
ശനിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. ഇവര്‍ പൈങ്ങോട്ടൂരില്‍നിന്നു മുള്ളരിങ്ങാടിന് വരുന്ന വഴി ചാത്തമറ്റത്താണ് റോഡില്‍ കാട്ടാന നില്‍ക്കുന്നത് കണ്ടത്. ആനയെ കണ്ടു ഭയന്ന ഇവര്‍ പെട്ടെന്ന് വാഹനം എതിര്‍വശത്തേക്ക് വെട്ടിച്ചതോടെ റോഡരികില്‍ കൂട്ടിയിട്ടിരുന്ന ജലവിതരണ പൈപ്പില്‍ കയറി മറിയുകയായിരുന്നു.
വാഹനത്തിനും സാരമായ കേടുപാടു സംഭവിച്ചു. കുറേ സമയം റോഡില്‍ നിന്നശേഷമാണ് ആന മാറിപ്പോയത്. മുള്ളരിങ്ങാട് മേഖലയില്‍ കാട്ടാനശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. ആനശല്യം നിയന്ത്രിക്കാൻ വനംവകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.
മാസങ്ങള്‍ക്കുമുന്പ് പ്രദേശവാസികള്‍ വനംവകുപ്പ് ഓഫീസിനു മുന്പില്‍ നടത്തിയ പ്രതിഷേധ സമരത്തെത്തുടര്‍ന്ന് മൂന്നു കിലോമീറ്റര്‍ ഭാഗത്ത് ആനയെ പ്രതിരോധിക്കാൻ വേലി കെട്ടിയിരുന്നു. എന്നാല്‍, ഒരു ഭാഗത്തു മാത്രം വേലി കെട്ടിയതുകൊണ്ട് കാര്യമായ പ്രയോജനം ഉണ്ടായില്ല.
കൂടാതെ റോഡില്‍ വെളിച്ചമില്ലാത്തതിനാല്‍ ആന ഇറങ്ങിയാല്‍ വാഹനം അടുത്തെത്തിയാല്‍ മാത്രമേ കാണാൻ കഴിയൂ. സോളാര്‍ ലൈറ്റും ഇരുവശവും വേലിയും നിര്‍മിച്ച് വനവും റോഡും വേര്‍തിരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തെങ്ങും റബറും ഉള്‍പ്പെടെ എല്ലാ കൃഷികളും കാട്ടാനയും കാട്ടുപന്നിയും കുരങ്ങുകളും നശിപ്പിച്ചിട്ടും ഇവയെ നിയന്ത്രിക്കാൻ തയാറാകാത്ത വനംവകുപ്പിന്‍റെ നടപടിയില്‍ വീണ്ടും പ്രതിഷേധത്തിനൊരുങ്ങുകയാണ് കര്‍ഷകര്‍.