Kerala NewsTravel

കെ.എസ്.ആര്‍.ടി.സിക്ക് പോറലേല്‍ക്കാൻ സമ്മതിക്കില്ല -മന്ത്രി ആന്‍റണി രാജു

Keralanewz.com

കൊല്ലം: കെ.എസ്.ആര്‍.ടി.സിക്ക് പോറലേല്‍ക്കാൻ പോലും സര്‍ക്കാര്‍ സമ്മതിക്കില്ലെന്ന് മന്ത്രി ആന്‍റണി രാജു. കേരളത്തിന്‍റെ വികാരമായ കെ.എസ്.ആര്‍.ടി.സിയെ നിലനിര്‍ത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആര്‍.ടി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടിയു) സംസ്ഥാന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പുറത്താക്കേണ്ടി വന്ന 3500ഓളം എംപാനല്‍ ജീവനക്കാരില്‍ തിരിച്ചെടുക്കാൻ ബാക്കിയുള്ള 500ഓളം പേര്‍ക്കും കരാര്‍ അടിസ്ഥാനത്തിലോ ദിവസക്കൂലിക്കോ ഉടൻ നിയമനം നല്‍കും. കോടതി ഉത്തരവ് പ്രകാരം പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് ആദ്യപരിഗണന നല്‍കി. താല്‍ക്കാലിക നിയമനത്തിന് താല്‍പര്യമുള്ളവര്‍ 30നുള്ളില്‍ അപേക്ഷിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. അവരുടെ നിയമനം കഴിഞ്ഞാലുടൻ നിയമത്തിന്‍റെ സാധ്യമായ പഴുതുകള്‍ കണ്ടെത്തി, ബാക്കിയുള്ള എംപാനല്‍ ജീവനക്കാരെ തിരിച്ചെടുക്കാൻ മാനേജ്മെന്‍റിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

10 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ജീവനക്കാര്‍ക്ക് കോര്‍പറേഷന്‍റെ വക യൂനിഫോം അടുത്തദിവസങ്ങളില്‍ വിതരണം ചെയ്യും. ജീവനക്കാര്‍ക്ക് എതിരെ വിജിലൻസ് ഉള്‍പ്പെടെ കേസ് നടപടികള്‍ എത്രയും പെട്ടെന്ന് തീര്‍പ്പാക്കി നിലവിലുള്ള കേസുകളുടെ എണ്ണം വൈകാതെ 500ന് താഴെ എത്തിക്കും.

ചില ജീവനക്കാര്‍ സ്വിഫ്റ്റ് സംവിധാനത്തോട് ചിറ്റമ്മനയം പുലര്‍ത്തുന്നത് ഒഴിവാക്കണം. സ്വിഫ്റ്റ് കെ.എസ്.ആര്‍.ടി.സിയുടെ നവീകരണത്തിന്‍റെ ഭാഗമാണ്. സ്വിഫ്റ്റ് എത്ര വിജയിക്കുന്നോ കെ.എസ്.ആര്‍.ടി.സിക്ക് അത്രയും നല്ലതാണെന്നും മന്ത്രി പറഞ്ഞു. തൊഴിലാളിവിരുദ്ധ നിലപാടുകളെടുത്താല്‍ സര്‍ക്കാര്‍ മാനേജ്മെന്‍റിന്‍റെ കൂടെ നില്‍ക്കില്ല. ഏറെ പരാതി ഉയര്‍ന്ന ട്രാൻസ്ഫര്‍ മരവിപ്പിച്ചത് അതുകൊണ്ടാണ്. സിംഗ്ള്‍ ഡ്യൂട്ടി സമ്ബ്രദായം അംഗീകൃത യൂനിയനുകളുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച്‌ മാത്രം നടപ്പാക്കിയാല്‍ മതിയെന്ന കര്‍ശന നിര്‍ദേശവും മാനേജ്മെന്‍റിന് നല്‍കിയതായി മന്ത്രി അറിയിച്ചു.

Facebook Comments Box