Kerala NewsPolitics

രാഹുൽ ഗാന്ധി പത്തനംതിട്ടയിൽ മത്സരിച്ചേക്കും. പ്രിയങ്ക വയനാട്ടിലേക്ക് ?

Keralanewz.com

പത്തനംതിട്ട : ശബരിമല ഉൾപ്പെടുന്ന പത്തനം തിട്ട പാർലമെന്റ് മണ്ഡലത്തിൽ ജനവിധി തേടുവാൻ രാഹുൽ ഗാന്ധി തയ്യാറായേക്കും എന്ന് റിപ്പോർട്ട്. കോൺഗ്രസിന് മൃദുഹിന്ദുത്വ സമീപനമാണെന്നുള്ള ബി ജെ പി യുടെ ആരോപണത്തെ ചെറുക്കുവാൻ ഇത് ഉപകരിക്കും എന്നാണ് പാർട്ടിയിൽ അഭിപ്രായം ഉയരുന്നത്. മാത്രവുമല്ല നിലവിൽ മൂന്ന് പ്രാവശ്യം എം പി യായ ആന്റോ ആന്റണിക്കെതിരായി മണ്ഡലത്തിലുയർന്നിട്ടുള്ള ജനവികാരവും പാർട്ടി ചർച്ച ചെയ്തു.എം പിയായതിനുശേഷം മണ്ഡലത്തിൽ തിരിഞ്ഞു നോക്കിയിട്ടില്ല എന്ന് നേതാക്കൾ കുറ്റപ്പെടുത്തി.

കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ മുഴുവൻ സീറ്റിലും എൽ ഡി എഫ് വിജയിച്ചിരുന്നു. സി പി എമ്മിനും കേരള കോൺഗ്രസ്‌ എം നും മൂന്ന് സീറ്റ് വീതം ലഭിച്ചു.മുൻ കാലങ്ങളിൽ യു ഡി എഫിനോട് അനുഭാവം പുലർത്തിയിരുന്ന മണ്ഡലത്തിൽ കോൺഗ്രസിലെ പടല പിണക്കവും ഗ്രൂപ്പ് വഴക്കും യു ഡി എഫ് സ്വാധീനം ഇല്ലാതാക്കി. അടുത്ത നാളിൽ നടന്ന ജില്ലാ കമ്മിറ്റിയിലും നേതാക്കൾ ഗ്രൂപ്പ് തിരിഞ്ഞ് അങ്കം വെട്ടിയതിൽ കോൺഗ്രസ്‌ നേതൃത്വം അസ്വസ്ഥരാണ്.

കഴിഞ്ഞ പ്രാവശ്യം കോൺഗ്രസ്‌ അഖിലേന്ത്യാ സെക്രട്ടറി കെ സി വേണുഗോപാൽ മത്സരിക്കാനിരുന്ന മണ്ഡലമായിരുന്നു പത്തനംതിട്ട. എന്നാൽ സമുദായ സമവാക്യങ്ങൾ ആന്റോ ആന്റണിക്ക് അനുകൂലമായി അന്ന് മാറുകയായിരുന്നു. ഇപ്രാവശ്യം രാഹുൽ ഗാന്ധി ഇവിടെ മത്സരിച്ചാൽ തൊട്ടടുത്ത ആലപ്പുഴ,കോട്ടയം മണ്ഡലങ്ങളിൽ യു ഡി എഫിന് വിജയിക്കാനാവുമെന്നാണ് കണക്കു കൂട്ടൽ.അതല്ലെങ്കിൽ ആലപ്പുഴയും കോട്ടയവും തിരിച്ചു പിടിക്കുക പ്രയാസമായി മാറും എന്നും കോൺഗ്രസ്‌ നേതൃത്വം വിലയിരുത്തുന്നു. ഈ മണ്ഡലങ്ങളിലുള്ള പൊതു സ്വീകാര്യതയും,നൂറു ശതമാനം ഫണ്ട് ചെലവഴിച്ചതും ഈ എം പി മാരുടെ ജനസമ്മതി ഉയർത്തി എന്നും പാർട്ടി വിലയിരുത്തി.

രാഹുൽ ഗാന്ധി അമേട്ടി യിലും മത്സരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ അവിടെ ജയിച്ചാൽ പത്തനംതിട്ടയിൽ വരുന്ന ഉപ തെരഞ്ഞെടുപ്പിൽ തനിക്ക് മത്സരിക്കാൻ കളമൊരുങ്ങുമെന്ന് വേണു ഗോപാൽ കണക്കു കൂട്ടുന്നു.ബി ജെ പിക്ക് ശക്തമായ അടിത്തറ ഉണ്ടെങ്കിലും,
രാഹുൽ ഗാന്ധി മത്സരിച്ചാൽ ശബരിമല ഉൾപ്പെടുന്ന പത്തനം തിട്ട മണ്ഡലം ബി ജെ പി ക്ക് വീണ്ടും കിട്ടാക്കനിയാകും.

രാഹുൽ ഗാന്ധി പത്തനം തിട്ടയിലേക്ക് മാറും എന്ന പ്രതീക്ഷയിൽ വയനാട്ടിൽ മത്സരിക്കുവാൻ ഒരു ഡസനിലേറെ കോൺഗ്രസ്‌ നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്. പ്രിയങ്കക്ക് വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുക്കുവാൻ ഈ നേതാക്കൾ തയ്യാറുമാണ്. എന്നാൽ പ്രിയങ്ക ഇതുവരെ മനസ്സ് തുറന്നിട്ടില്ല.പ്രിയങ്ക മത്സരിക്കാത്ത പക്ഷം വയനാട് സീറ്റിൽ മുസ്ലീം ലീഗിനും ഒരു കണ്ണുണ്ട്.കോൺഗ്രസ്സിനെക്കാൾ സ്വാധീനം തങ്ങൾക്ക് വയനാട്ടിൽ ഉണ്ടെന്ന് അവകാശപ്പെടുന്ന ലീഗ് നേതൃത്വം വയനാട് ഉൾപ്പെടെ മൂന്ന് സീറ്റ് തങ്ങൾക്ക് വേണമെന്ന നിലപാടിലാണ്. എന്നാൽ മുൻപ് ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം നൽകിയപോലെ ഇനിയും മുസ്ലീം ലീഗിനെ പ്രീണിപ്പിച്ചാൽ അത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് കോൺഗ്രസ്സിലെ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.

Facebook Comments Box