International News

നാടിനെ കാത്ത് നായകള്‍; അവര്‍ക്ക് ക്ഷേത്രം പണിത് ഗ്രാമവാസികള്‍

Keralanewz.com

മനുഷ്യനെ ദുഷ്ടശക്തികളില്‍ നിന്നും കാക്കുന്നവരാണ് ദൈവങ്ങള്‍. എന്നാല്‍ ആ ദൈവങ്ങള്‍ മനുഷ്യര്‍ക്ക് കാവലായ നായകള്‍ ആണെങ്കിലോ ?

അതെ നായകളെ ദൈവങ്ങളായി കണ്ട് പൂജിക്കുന്ന ക്ഷേത്രം അങ്ങ് കര്‍ണാടകയില്‍ ഉണ്ട്. കര്‍ണാടകയിലെ ചന്നപട്ടണയില്‍ ആണ് ഈ ക്ഷേത്രം ഉള്ളത്. നായസ്നേഹികള്‍ തീര്‍ച്ചയായും ഈ ക്ഷേത്രത്തെക്കുറിച്ച്‌ അറിഞ്ഞിരിക്കണം.

വിചിത്രമെന്നോ അവിശ്വസനീയമെന്നോ പറഞ്ഞ് ആചാരങ്ങളെ, ആരാധന രീതികളെ തളളിക്കളയുവാന്‍ വരട്ടെ. ഹിന്ദു വിശ്വാസത്തില്‍ നായ്ക്കള്‍ പലയിടങ്ങളിലും പരാമര്‍ശിക്കുന്നുണ്ട്. സ്വര്‍ഗത്തിനും നരകത്തിനും കാവല്‍ നില്‍ക്കുന്നവരായും ഭൈരവന്‍, യമന്‍, മുത്തപ്പന്‍ എന്നീ അവതാരങ്ങളുമായി ബന്ധപ്പെടുത്തിയും വിശ്വാസങ്ങളുണ്ട്. ചന്നപട്ടണയില്‍നിന്നു പതിനാലു കിലോമീറ്റര്‍ ദൂരെ അഗ്രഹാര വലഗെരെ ഹളളി എന്ന കൊച്ചു ഗ്രാമത്തിലാണ് നായ്ക്കള്‍ പൂജിക്കപ്പെടുന്ന ക്ഷേത്രം. താരതമ്യത്തിനതീതമായ ഈ സവിശേഷ ക്ഷേത്രത്തില്‍ മനുഷ്യന്‍റെ ഏറ്റവും വിശ്വസ്തനായ നായയാണ് പ്രതിഷ്ഠ.

നായ ദേവസ്ഥാന എന്നറിയപ്പെടുന്ന ക്ഷേത്രം

വീരമസ്തി കെമ്ബമ്മ ദേവീക്ഷേത്രമാണ് ഗ്രാമത്തിലെ മുഖ്യ ക്ഷേത്രം. തലമുറകളായി ഗ്രാമവാസികള്‍ ആരാധിക്കുന്ന കെമ്ബമ്മ ദേവിയുടെ പ്രതിഷ്ഠ. പതിനഞ്ചു വര്‍ഷം മുമ്ബ് ക്ഷേത്രം പുതുക്കിപ്പണിയുവാന്‍ തീരുമാനിച്ചു. ക്ഷേത്ര നിര്‍മാണം നടന്നുകൊണ്ടരിക്കെ രണ്ട് നായ്ക്കള്‍ എവിടെനിന്നോ ഇവിടെ വന്നു ചേര്‍ന്നു. നിര്‍മാണഘട്ടങ്ങളിലെല്ലാം നായകള്‍ കാവലായി ഇവിടെത്തന്നെയുണ്ടായിരുന്നു.

ക്ഷേത്ര പരിസരത്ത് ചുറ്റി നടന്നിരുന്ന നായകള്‍ ഗ്രാമവാസികളുമായി സഹവര്‍ത്തിത്വത്തില്‍ ആയിരുന്നു. അവ ഗ്രാമജീവിതത്തിന്‍റെ ഭാഗമായി. ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ നായ്ക്കളെ കാണാനില്ല. യാതൊരു സൂചനയും നല്‍കാതെ അവ അപ്രത്യക്ഷമായി. കുറച്ചു നാളുകള്‍ക്കുശേഷം ഗ്രാമവാസികളിലൊരാള്‍ക്ക് കെമ്ബമ്മ ദേവി സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു. അപ്രത്യക്ഷരായ നായ്ക്കളെ കണ്ടുപിടിക്കാനും ക്ഷേത്രത്തിനു കാവലായി കൊണ്ടവരുവാനും ദേവി ആവശ്യപ്പെട്ടു. ഗ്രാമവാസികള്‍ എല്ലായിടത്തും അന്വേഷിച്ചുവെങ്കിലും നായ്ക്കളെ കണ്ടെത്തുവാൻ കഴിഞ്ഞില്ല. വിശ്വാസികള്‍ കൂട്ടം ചേര്‍ന്നു. നായ്ക്കളെ കണ്ടെത്തുവാൻ കഴിയാത്ത സാഹചര്യത്തില്‍ രണ്ടു നായ്ക്കളെ പ്രതിഷ്ഠിച്ചു കൊണ്ട് ഒരു ക്ഷേത്രം പണിയുക. ബിസിനസുകാരനായ രമേഷിന്‍റെ നേതൃത്വത്തില്‍ ഗ്രാമവാസികള്‍ കെമ്ബമ്മ ദേവിയുടെ ക്ഷേത്രത്തിനടുത്ത് തന്നെ ഒരു ചെറിയ മാര്‍ബിള്‍ ക്ഷേത്രം നിര്‍മിച്ചു.

ദുഷ്ടശക്തികളില്‍നിന്ന് ഗ്രാമത്തെ നായ്ക്കള്‍ സംരക്ഷിക്കുന്നുവെന്നു വിശ്വസിക്കുന്നവരാണ് ഗ്രാമത്തിലുള്ളത്. ഞായര്‍, തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ വൈകിട്ട് പൂജയുണ്ട്. പഴങ്ങളും പൂക്കളും നിവേദിക്കുന്നു. എല്ലാ വര്‍ഷവും ഓഗസ്റ്റ് പകുതിയോടെ നടക്കുന്ന ഉത്സവത്തില്‍ ആടുകളെ ബലിയര്‍പ്പിച്ച്‌ അവിടെയുളള നായ്ക്കള്‍ക്കു ഭക്ഷണമായി നല്‍കുന്നു. ഉത്സവത്തിന് അടുത്തുളള ഗ്രാമങ്ങളില്‍നിന്നും ആളുകള്‍ എത്താറുണ്ട്. ധാരാളം നായ പ്രേമികളും ഇവിടെ വരാറുണ്ട്. ചിലര്‍ വളര്‍ത്തു നായകളെയും കൊണ്ടാണു വരുന്നത്. തങ്ങളുടെ അരുമകള്‍ക്കു പേരിടുവാനും അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കുവാനുമാണ് ഈ വരവ്.

നായ്ക്കളെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ ഉത്തര്‍ പ്രദേശില്‍ ഇനിയുമുണ്ട്. ബുലന്ദ്ഷഹറില്‍ നിന്ന് പതിനഞ്ച് കിലോമീറ്റര്‍ ദൂരമുളള ക്ഷേത്ത്രിലെ നായയുടെ ശവകുടീരം, ഗൗതെ ബുദ്ധാ നഗറിലെ ചിപിയാന ഗ്രാമത്തിലെ ഭൈരവ ക്ഷേത്ര പരിസരത്ത് പണിത നായയുടെ ശവകൂടീരം, ജാന്‍സിയില്‍ നിന്ന് അറുപത്തിയഞ്ച് കിലോ മീറ്റര്‍ ദൂരെ രേവാന്‍ ഗ്രാമത്തിലെ പെണ്‍നായ രാജ്ഞിയുടെ ക്ഷേത്രം, ഹരിയാനയിലെ ഖാപി ഗ്രാമത്തിലെ കുകുര്‍ദേവ് നായ് ക്ഷേത്രം. നായകള്‍ക്ക് വലിയ സ്ഥാനമുളള കേരളത്തിലെ പറശ്ശിനിക്കടവ് മുത്തപ്പന്‍റെ ക്ഷേത്രം തുടങ്ങിയവ ഇക്കൂട്ടത്തില്‍പെടുന്നു.

Facebook Comments Box