International NewsSports

ഞങ്ങള്‍ക്ക് വേണ്ടി ആരും ജയ് വിളിച്ചില്ല !! തോല്‍വിയ്ക്ക് പിന്നാലെ പരാതിയുമായി പാകിസ്ഥാൻ ടീം ഡയറക്ടര്‍ മിക്കി ആര്‍തര്‍

Keralanewz.com

അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഐസിസി ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ തോല്‍വി ഏറ്റുവാങ്ങിയതിന് പുറകെ പരാതിയുമായി പാകിസ്ഥാൻ ടീം ഡയറക്ടര്‍ മിക്കി ആര്‍തര്‍.

ഒരു ലക്ഷത്തിലധികം കാണികള്‍ ഒഴുകിയെത്തി നീലകടലായി മാറിയ മത്സരം തനിയ്ക്ക് ബിസിസിഐ ഇവൻ്റ് പോലെയാണ് തോന്നിയതെന്നും ആര്‍തര്‍ തുറന്നടിച്ചു.

ഇതിന് മുൻപ് ലോകകപ്പിലെ രണ്ട് മത്സരങ്ങളും ഹൈദരാബാദിലാണ് പാകിസ്ഥാൻ കളിച്ചത്. വലിയ പിൻതുണയാണ് അവിടെ നടന്ന മത്സരങ്ങളില്‍ പാകിസ്ഥാന് ലഭിച്ചത്. തനിയ്ക്ക് റാവല്‍പിണ്ടിയ്ക്ക് സമാനമായാണ് തോന്നിയതെന്നുപോലും കഴിഞ്ഞ മത്സരത്തിന് ശേഷം മൊഹമ്മദ് റിസ്വാൻ പറഞ്ഞിരുന്നു.

പക്ഷേ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ എത്തിയപ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. കയ്യടി ലഭിച്ചില്ലെന്ന് മാത്രമല്ല പലപ്പോഴും കൂവിയാണ് പാക് താരങ്ങളെ കാണികള്‍ എതിരേറ്റത്.

ഈ മത്സരം ഒരു ഐസിസി ഇവൻ്റ് പോലെയല്ല തോന്നിയതെന്നും ബിസിസിഐ ഇവൻ്റോ ഒരു പരമ്ബരയിലെ മത്സരം പോലെയാണ് തോന്നിയതെന്നും മൈക്രോഫോണ്‍ വഴി പാകിസ്ഥാന് വേണ്ടിയുള്ള ജയ് വിളികള്‍ താൻ കേട്ടില്ലയെന്നും ഇതൊരു എക്സ്ക്യൂസായല്ല താൻ പറയുന്നതെന്നും പക്ഷേ ഇതെല്ലാം കളിക്കാരുടെ പ്രകടനത്തെ ബാധിക്കുമെന്നും മിക്കി ആര്‍തര്‍ മത്സരശേഷം പറഞ്ഞു.

മത്സരത്തിലേക്ക് വരുമ്ബോള്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 191 റണ്‍സ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടപെട്ടിരുന്നു. 50 റണ്‍സ് നേടിയ ബാബര്‍ അസമും 49 റണ്‍സ് നേടിയ മൊഹമ്മദ് റിസ്വാനും മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാൻ സാധിച്ചത്. ഇന്ത്യയ്ക്കായി ബുംറ, പാണ്ഡ്യ, കുല്‍ദീപ്, ജഡേജ, സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങില്‍ 36 പന്തില്‍ നിന്നും ഫിഫ്റ്റി നേടിയ രോഹിത് ശര്‍മ്മ 63 പന്തില്‍ 86 റണ്‍സും ശ്രേയസ് അയ്യര്‍ 62 പന്തില്‍ 53 റണ്‍സും നേടികൊണ്ട് അനായാസം ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചു.

Facebook Comments Box