ഹമാസ് അനുകൂലികൾക്കെതിരെ കടുത്ത നിലപാടുമായി ഫ്രാൻസ് ; ഇസ്രായേലിനെതിരെ പ്രതിഷേധിച്ചവരുടെ വിസ റദ്ദാക്കി പുറത്താക്കാനൊരുങ്ങി ഫ്രാൻസ്
പാരിസ്: ഇസ്രായേലില്‍ ഹമാസ് നടത്തിയ ഭീകരാക്രമണം ആഘോഷിച്ച വിദേശികളെ നാടുകടത്താനൊരുങ്ങി ഫ്രാൻസ് ഭരണകൂടം. പാലസ്തീൻ പതാകയുമായി തെരുവിലിറങ്ങി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരും കുടുങ്ങും.
വിസ റദ്ദാക്കി തിരികെ നാട്ടിലേക്ക് അയക്കാൻ ഫ്രാൻസ് നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രതിഷേധക്കാരായ വിദേശികളെ തിരിച്ചറിയാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്ത് പാലസ്തീൻ അനുകൂല പ്രകടനങ്ങള്‍ ഫ്രാൻസ് പൂര്‍ണമായും നിരോധിച്ചിരുന്നു. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡെര്‍മെയിൻ ഉത്തരവ് പുറത്തിറക്കി. പാലസ്തീൻ അനുകൂലികള്‍ ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. പാരീസില്‍ കഴിഞ്ഞ ആഴ്ച നടത്തിയ പ്രതിഷേധത്തെ പോലീസ് ശക്തമായാണ് നേരിട്ടത്. കണ്ണീര്‍ വാതകം പ്രയോഗിച്ചിട്ടും പിരിഞ്ഞുപോകാൻ കൂട്ടാക്കാത്ത പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ബലംപ്രയോഗിച്ചു. പോലീസിനോട് ശക്തമായി നിലകൊള്ളാനാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ നല്‍കിയിരിക്കുന്ന സന്ദേശം. വെറുപ്പിനെതിരെ രാജ്യം ഒന്നിച്ചു നില്‍ക്കേണ്ട സാഹചര്യമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ഹമാസ് ഭീകര സംഘടന തന്നെയാണെന്നും അതാണ് ഫ്രാൻസിന്റെ നിലാപാടെന്നും എക്സിലൂടെ മാക്രോണ്‍ വ്യക്തമാക്കിയിരുന്നു. ഇസ്രായേലിന്റെ തകര്‍ച്ചയും ഒടുക്കവുമാണ് ഹമാസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം എക്സ് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. മാക്രോണ്‍ നല്‍കുന്ന പിന്തുണയ്‌ക്ക് ഇസ്രായേല്‍ സായുധ സേന നന്ദി അറിയിച്ച് രംഗത്തുവന്നു.