International News

വംശനാശ ഭീഷണിക്കിടെ സന്തോഷ വാര്‍ത്ത; ശുഭസൂചനയായി സുമാത്രൻ കാണ്ടാമൃഗത്തിനന്റെ ജനനം

Keralanewz.com

എണ്ണം കുറയല്‍ മൂലം ഭീഷണിനേരിടുന്ന സുമാത്രൻ കാണ്ടാമൃഗത്തിന്റെ ജനനം രേഖപ്പെടുത്തി ഇൻഡൊനീഷ്യ. ഐയുസിഎൻ പട്ടികപ്രകാരം ഗുരുതരവംശനാശ ഭീഷണി നേരിടുന്ന കാണ്ടാമൃഗ വിഭാഗമായ സുമാത്രൻ കാണ്ടാമൃഗത്തിന്റെ ജനനം ശുഭസൂചന നല്‍കുന്നതായി അധികൃതര്‍ പ്രതികരിച്ചു.
പെണ്‍വിഭാഗത്തില്‍പ്പെടുന്ന സുമാത്രൻ കാണ്ടാമൃഗമാണ് വേ കംബാസിലെ സുമാത്രൻ റൈനോ സാങ്ച്വറിയില്‍ പിറന്നത്.

റാറ്റു എന്ന പെണ്‍കാണ്ടാമൃഗത്തിനും ആൻഡലാസ് എന്ന ആണ്‍കാണ്ടാമൃഗത്തിനും ജനിച്ച കുഞ്ഞിന് 27 കിലോഗ്രാമോളം ഭാരമുണ്ട്. ലോകത്താകമാനമുള്ള അഞ്ച് കാണ്ടാമൃഗ വിഭാഗങ്ങളില്‍ വെച്ചേറ്റവും ചെറിയ ഇനമാണ് സുമാത്രൻ കാണ്ടാമൃഗം. വനപ്രദേശങ്ങളില്‍ 34-47 സുമാത്രൻ കാണ്ടാമൃഗങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്.
ഇത് തീര്‍ച്ചയായും സന്തോഷം പകരുന്ന വാര്‍ത്തയാണ്. ഇൻഡൊനീഷ്യയിലെ ജനങ്ങള്‍ക്ക് മാത്രമല്ല, ലോകത്തിനാകെ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്ത”, ഇൻഡൊനീഷ്യയിലെ പരിസ്ഥിതിമന്ത്രി പ്രതികരിച്ചു. സാങ്ച്വറിയിലെ ജീവനക്കാരെ അഭിനന്ദിക്കാനും അധികൃതര്‍ മറന്നില്ല.

സുമാത്രൻ റൈനോ സാങ്ച്വറിയില്‍ സുമാത്രൻ കാണ്ടാമൃഗങ്ങള്‍ക്കായി ബ്രീഡിങ് പ്രോഗ്രാം പോലുളളവ നടത്തുന്നുണ്ട്. 2018-ല്‍ വനപ്രദേശങ്ങളിലുള്ള സുമാത്രൻ കാണ്ടാമൃഗങ്ങളെ പിടികൂടി കാപ്റ്റീവ് ബ്രീഡിങ് പ്രോഗ്രം നടത്താനൊരു പദ്ധതിയും ഇൻഡൊനീഷ്യ പ്രഖ്യാപിച്ചിരുന്നു. ഇതുവരെ ഒരെണ്ണത്തെ മാത്രമാണ് പിടികൂടാനായത്.

രണ്ടു കൊമ്ബുകളുള്ള ഒരേ ഒരു ഏഷ്യൻ കാണ്ടാമൃഗമാണ് സുമാത്രൻ കാണ്ടാമൃഗം. ആവാസവ്യവസ്ഥാ നാശം പോലുളള ഭീഷണികള്‍ ഇവയുടെ എണ്ണം കുറയാനുള്ള പ്രധാന കാരണമായി. 1996-ലാണ് ഐയുസിഎൻ ഗുരുതര വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിലേക്ക് സുമാത്രൻ കാണ്ടാമൃഗങ്ങളെ ചേര്‍ക്കുന്നത്.

Facebook Comments Box