Kerala NewsNational News

മഹുവ മൊയ്ത്രയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ വൈറല്‍, രഹസ്യ കൂടിക്കാഴ്ചയെങ്കില്‍ പടമെടുത്തത് ആരെന്ന് ശശി തരൂര്‍

Keralanewz.com

കോട്ടയം: തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ അധിക്ഷേപാര്‍ഹമായ തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്ത്.

ഇത് വെറും തരംതാണ രാഷ്ട്രീയമാണെന്ന് തരൂര്‍ പ്രതികരിച്ചു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശശി തരൂര്‍.

”വല്ലാത്തൊരു താണതരത്തിലുളള രാഷ്ട്രീയമാണിത്. എന്നെക്കാളും പത്തിരുപത് വയസ്സ് താഴെയുള്ളൊരു കുട്ടിയാണ് അവരുടെ ജന്മദിനാഘോഷ പാര്‍ട്ടിയില്‍ പതിനഞ്ച് പേരുണ്ടായിരുന്നു. എന്റെ സഹോദരിയേയും വിളിച്ചിട്ടുണ്ടായിരുന്നു. ചിത്രത്തിലെ മറ്റ് ആളുകളെ വെട്ടിക്കളഞ്ഞ് അവരുടെ പടം കാണിക്കാതെ രഹസ്യമായൊരു സ്വകാര്യ കൂടിക്കാഴ്ച പോലെ കാണിക്കുകയാണ്”, തരൂര്‍ പറഞ്ഞു.

Image Credit: @rose_k01/Twitter

”അവരുടെ മനസ്സില്‍ ബുദ്ധിയുണ്ടെങ്കില്‍ ചോദിച്ചുകൂടെ ആരാണ് പടം എടുത്തത് എന്ന്. രണ്ട് പേര്‍ ഒറ്റയ്ക്ക് വല്ലതും ചെയ്യുകയാണ് എങ്കില്‍ പടം എടുത്തിട്ടുണ്ടാകുമോ. മൂന്നാമതൊരാള്‍ക്കല്ലേ എടുക്കാന്‍ സാധിക്കുകയുളളൂ. മഹുവയുടെ പിറന്നാള്‍ ആയിരുന്നു. അതിന്റെ ആവേശത്തില്‍ ആളുകള്‍ കുറച്ച്‌ റിലാക്‌സ് ചെയ്തു. അവരുടെ സ്വകാര്യ ബന്ധത്തിലെ വിഷയം കാരണമാണ് പടം പുറത്ത് വന്നത്. അതില്‍ തനിക്ക് ഇടപെടേണ്ട ആവശ്യമേ ഇല്ല”, ശശി തരൂര്‍ വ്യക്തമാക്കി.

നാല് ചിത്രങ്ങളാണ് സോഷ്യല്‍ പ്ലാറ്റ്‌ഫോം ആയ എക്‌സില്‍ അടക്കം പ്രചരിക്കുന്നത്. രണ്ട് ചിത്രങ്ങള്‍ ശശി തരൂരും മഹുവ മെയ്ത്രയും ഒരുമിച്ചുളളതും രണ്ടെണ്ണം മഹുവയുടെ തനിച്ചുളളതുമാണ്. മഹുവ ശശി തരൂരിനൊപ്പം ഷാംപെയ്ന്‍ കുടിക്കുന്നതും ഒരുമിച്ച്‌ പോസ് ചെയ്യുന്നതുമായ ചിത്രങ്ങളുണ്ട്. തനിച്ചുളള ചിത്രങ്ങളില്‍ മഹുവ ചുരുട്ട് വലിക്കുന്നതും ഷാംപെയ്ന്‍ കുടിക്കുന്നതുമാണ് ഉളളത്.

തരൂരിനും മഹുവയ്ക്കുമിടയില്‍ എന്താണ് നടക്കുന്നത് എന്ന ചോദ്യത്തോടെയാണ് ഈ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. മഹുവ മൊയ്ത്രയും നേരത്തെ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ബിജെപിയുടെ ട്രോള്‍ സേന തന്റെ ചില സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് മഹുവ മൊയ്ത്ര എക്‌സില്‍ കുറിച്ചു. വെളള നിറത്തിലുളള വേഷത്തേക്കാള്‍ പച്ചയാണ് തനിക്കിഷ്ടം. എന്തിനാണ് പടം ക്രോപ് ചെയ്തിരിക്കുന്നത്, ബാക്കിയുളളവരെ കൂടി കാണിക്കൂ. ബെംഗാളിലെ സ്ത്രീകള്‍ ജീവിതം ജീവിക്കുന്നവരാണ്, അതൊരു നുണയല്ല, മഹുവ കുറിച്ചു.

Facebook Comments Box