International NewsNational NewsSports

സച്ചിനൊപ്പം കോഹ്ലി. കോഹ്ലി തന്റെ 49 ആം സെഞ്ച്വറി നേടി ഏകദിന ക്രിക്കറ്റിൽ സച്ചിനൊപ്പം.

Keralanewz.com

കൊൽക്കത്ത: ഒടുവിൽ ഈഡൻ ഗാർഡനെ കോരിത്തരിപ്പിച്ച് സച്ചിൻ തെണ്ടുൽക്കറിന്റെ പടുകൂറ്റൻ റെക്കോഡിനൊപ്പമെത്തി വിരാട് കോഹ്ലി. ഏകദിനത്തിൽ ഏറ്റവുമധികം സെഞ്ചുറി നേടിയ താരം എന്ന സച്ചിന്റെ റെക്കോഡിനൊപ്പമാണ് കോലിയെത്തിയത്. തന്റെ പിറന്നാൾ ദിനത്തിൽ തന്നെ താരത്തിന് ഈ അപൂർവനേട്ടം സ്വന്തമാക്കാൻ കഴിഞ്ഞത് താരത്തിന് ഇരട്ടിമധുരമായ് മാറി.

2023 ലോകകപ്പ് ഏകദിന ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ സെഞ്ചുറി നേടിയതോടെയാണ് കോഹ്ലി ചരിത്രത്തിന്റെ ഭാഗമായത്. താരത്തിന്റെ 49-ാം ഏകദിന സെഞ്ചുറിയാണിത്. സച്ചിന്റെ അക്കൗണ്ടിലും 49 സെഞ്ചുറികളാണുള്ളത്. 290 ഏകദിന മത്സരങ്ങളിൽ നിന്നാണ് കോലി 49 സെഞ്ചുറി നേടിയത്. സച്ചിൻ 463 മത്സരങ്ങൾ കളിച്ചാണ് 49 സെഞ്ചുറികൾ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ശ്രദ്ധാപൂർവം കളിച്ച കോഹ്ലി119 പന്തുകളിൽ നിന്ന് 10 ഫോറിന്റെ അകമ്പടിയോടെയാണ് കോഹ്ലി തന്റെ 49 ആം സെഞ്ചുറി പൂർത്തിയാക്കിയത്

തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി കുറിച്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽത്തന്നെയാണ് കോലി 49-ാം സെഞ്ചുറി നേടിയത് എന്ന പ്രത്യേകത കൂടിയുണ്ട് ഈ ഇന്നിങ്സിന് .
അന്താരാഷ്ട്ര ക്രിക്കറ്റിലെ കോലിയുടെ 79-ാം സെഞ്ചുറി കൂടിയാണിത്. ടെസ്റ്റിൽ 29 സെഞ്ചുറിയും ട്വന്റി 20യിൽ ഒരു ശതകവുമാണ് കോലിയ്ക്കുള്ളത്. 100 സെഞ്ചുറികളുള്ള സച്ചിൻ തെണ്ടുൽക്കർ മാത്രമാണ് കോഹ്ലിയ്ക്ക് മുന്നിലുള്ളത്. സച്ചിന് ടെസ്റ്റിൽ 51 സെഞ്ചുറികളുണ്ട്.

Facebook Comments Box