Kerala NewsPolitics

കോണ്‍ഗ്രസില്‍ തുടരാന്‍ ആഗ്രഹം; സിപിഎം സെമിനാറിലേക്കില്ല: ആര്യാടൻ ഷൗക്കത്ത്

Keralanewz.com

അന്ത്യംവരെ കോണ്‍ഗ്രസില്‍ തുടരാനാണ് തന്റെ ആഗ്രഹമെന്ന് കെപിസിസി ജനസെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്. പലസ്തീൻ ഐക്യദാര്‍ഢ്യ പരിപാടി പാര്‍ട്ടി വിലക്ക് ലംഘിച്ച്‌ സംഘടിപ്പിച്ചത് നിലപാടാണെന്നും അതില്‍ മാറ്റമില്ലെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

വിലക്കുള്ളതിനാല്‍ നാളത്തെ കോണ്‍ഗ്രസ് കണ്‍വന്‍ഷനില്‍ പങ്കെടുക്കില്ല. സിപിഎം സെമിനാറിലേക്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുണ്ടായ തെറ്റിദ്ധാരണ മാറ്റുും. താൻ അച്ചടക്കം ലംഘിച്ചോ എന്നത് മാധ്യമങ്ങളോട് പറയുന്നില്ല. കെപിസിസി ജനറല്‍ സെക്രട്ടറിയാണ് താനെന്ന് പറഞ്ഞ ആര്യാടൻ ഷൗക്കത്ത് അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും പ്രതികരിച്ചു.

കെപിസിസി അച്ചടക്കസമിതിക്കുമുന്‍പാകെ ഹാജരായ ഷൗക്കത്ത് കെപിസിസിക്ക് നല്‍കിയ വിശദീകരണത്തിന് പാര്‍ട്ടിക്ക് തെറ്റിദ്ധാരണയുണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് പറഞ്ഞു. ഇത് കണക്കിലെടുത്ത് നടപടി ഒഴിവാക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ കൂടിയാണ് ഇന്ന് നേരിട്ടുള്ള ഹിയറിങില്‍ ആര്യാടൻ ഷൗക്കത്ത് പങ്കെടുത്തത്. പലസ്തീൻ റാലി വിഷയത്തില്‍ നടപടിയെടുത്താല്‍ ന്യൂനപക്ഷ വികാരം എതിരാകുമെന്നും, സിപിഎം അവസരം മുതലാക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു. എന്നാല്‍ പാര്‍ട്ടിയുടേയും മലപ്പുറത്തെ ഷൗക്കത്ത് വിമര്‍ശകരായ ഡിസിസിയുടെയും നേതാക്കളുടെയും മുഖം രക്ഷിക്കണമെന്നതും കോണ്‍ഗ്രസിന് മുന്നിലുണ്ട്.

ഷൗക്കത്ത് വിശദീകരണത്തില്‍ പാര്‍ട്ടിയെ വെല്ലുവിളിച്ചിട്ടില്ലെന്നും പാര്‍ട്ടിക്ക് തെറ്റിദ്ധാരണ ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നുമാണ് വ്യക്തമാക്കിയത്. അതേസമയം, കുറച്ചുകാര്യങ്ങളില്‍ക്കൂടി വ്യക്തത വരാനുണ്ടെന്നും മലപ്പുറത്തുനിന്നുള്ള നേതാക്കളെ മറ്റന്നാള്‍ കേള്‍ക്കുമെന്നും കെപിസിസി അച്ചടക്കനടപടി സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

Facebook Comments Box