Sat. May 4th, 2024

ഡോളര്‍ കടത്ത് കേസ്; സ്വപ്ന സുരേഷിനും ശിവശങ്കറിനും 65 ലക്ഷം രൂപ പിഴ ചുമത്തി കസ്റ്റംസ്, സന്തോഷ് ഈപ്പന് ഒരു കോടിയും

By admin Nov 7, 2023
Keralanewz.com

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്വപ്ന സുരേഷിനും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനും 65 ലക്ഷം രൂപ വീതം പിഴ ചുമത്തിയതായി കസ്റ്റംസ് അറിയിച്ചു.

ഒപ്പം യൂണിറ്റാക്ക് എം ഡി സന്തോഷ് ഈപ്പന് ഒരു കോടിയും യു എ ഇ കോണ്‍സുലേറ്റിന്റെ മുൻ സാമ്ബത്തിക വിഭാഗം മേധാവി ഖാലിദിന് 1.30 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ രാജേന്ദ്ര കുമാറാണ് ഉത്തരവിട്ടത്.

കോണ്‍സുലേറ്റ് കേന്ദ്രീകരിച്ചുള്ള നിയമവിരുദ്ധ പ്രവര്‍ത്തനളെല്ലാം ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഡോളര്‍ കടത്തില്‍ സന്ദീപ്, സരിത്ത്, സ്വപ്ന, എം ശിവശങ്കര്‍ എന്നിവ‌ര്‍ക്കാണ് 65 ലക്ഷം രൂപ പിഴയായി ചുമത്തിയത്. തിരുവനന്തപുരം വിമാനത്താവളം വഴി ഖാലിദ് വൻതോതില്‍ വിദേശ കറൻസി നിയമവിരുദ്ധമായി കടത്തിയെന്ന് കസ്റ്റംസ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലുണ്ട്. ഇയാള്‍ക്ക് മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും ഹാജരായില്ലെന്നാണ് കസ്റ്റംസിന്റെ വാദം.

എം ശിവശങ്കറും ഖാലിദുമായി അടുത്ത ബന്ധമുണ്ടെന്നും യു എ ഇ കോണ്‍സുലേറ്റ് വഴി നടന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എല്ലാ പ്രതികള്‍ക്കും അറിയാമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണക്കടത്തിലും ഡോളര്‍ കടത്തിയതിലും അന്വേഷണം പൂര്‍ത്തിയാക്കുന്നതിന്റെ തുടര്‍ നടപടിയായിട്ടാണ് പിഴ ചുമത്തിയത്. പ്രതികള്‍ക്ക് മൂന്നു മാസത്തേയ്ക്ക് അപ്പീല്‍ സമര്‍പ്പിക്കാൻ സമയം അനുവദിച്ചിട്ടുണ്ട്. അതിന് ശേഷം സ്വത്ത് കണ്ടുകെട്ടുന്ന നടപടികളിലേയ്ക്ക് നീങ്ങും.

Facebook Comments Box

By admin

Related Post