LawNational News

ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് അടുത്ത ആഴ്ചയോടെ നടപ്പാക്കുമെന്ന് റിപ്പോര്‍ട്ട്; ലിവ് ഇൻ ബന്ധത്തിനു രജിസ്ട്രേഷൻ നിര്‍ബദ്ധം

Keralanewz.com

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡില്‍ ഏക സിവില്‍ കോഡ് അടുത്ത ആഴ്ചയോടെ നടപ്പാക്കുമെന്ന് റിപ്പോര്‍ട്ട് പുറത്ത്. ദീപാവലിക്ക് ശേഷം നടക്കുന്ന ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ബില്‍ പാസായാല്‍ ഇന്ത്യയില്‍ ഏക സിവില്‍ കോഡ് നടപ്പാക്കുന്ന ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.

ബഹുഭാര്യത്വം പൂര്‍ണമായി നിരോധിക്കണമെന്ന് കരട് ബില്ലിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലിവ് ഇൻ ബന്ധം ആവാം. പക്ഷേ, ബന്ധം മുന്നോട്ടുകൊണ്ടുപോകാൻ രജിസ്റ്റര്‍ ചെയ്യണമെന്നും കരട് ബില്ലിലുണ്ട്.

അതേസമയം, ഏക സിവില്‍ കോഡിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം മാറിയിരുന്നു. ഇക്കൊല്ലം ഓഗസ്റ്റിലാണ് പ്രമേയം പാസാക്കിയത്. ഭരണഘടനയിലുള്ള സിവില്‍ കോഡല്ല സംഘപരിവാറിന്റെ മനസിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര സര്‍ക്കാര്‍ നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്ന് കേരള നിയമസഭ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ ഒരുമയെ ഛിദ്രീകരിക്കാനുള്ള വര്‍ഗ്ഗീയ നീക്കമാണ് ഏക സിവില്‍ കോഡെന്നും രാഷ്ട്രത്തിന്റെ ഐക്യത്തിന് ഇത്‌ ഹാനികരമാണെന്നും പ്രമേയം പറയുന്നു. രാജ്യത്തെ ജനങ്ങളെയാകെ ബാധിക്കുന്ന വിഷയങ്ങളില്‍ വിവിധ മതവിഭാഗങ്ങളുമായി ചര്‍ച്ച നടത്തി പൊതുസമീപനം ഉരുത്തിരിയുന്നതുവരെ, തിടുക്കത്തിലുള്ള നീക്കങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് കേരള നിയമസഭ ഏകകണ്‌ഠേന ആവശ്യപ്പെട്ടു.

നേരത്തെ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ഇന്ത്യയിലെ ആദ്യത്തെ നിയമസഭയയും കേരള നിയമസഭയായിരുന്നു. 2019 ഡിസംബറിലാണ് പൗരത്വ നിയമ ഭേദഗതിക്ക് എതിരെ കേരള നിയമസഭ ഏകകണ്‌ഠേന പ്രമേയം പാസാക്കിയത്.

Facebook Comments Box