രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ വന്നാല്‍ സംരക്ഷണം നല്‍കുമോ? മാധ്യമങ്ങളോട് പ്രതികരിച്ച് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ
പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയാല്‍ സംരക്ഷണം നല്‍കുമോ എന്ന ചോദ്യത്തിന് ഡിസിസി പ്രസിഡന്റ് എ.
തങ്കപ്പൻ പ്രതികരിച്ചു. “ഇപ്പോള്‍ രാഹുല്‍ കോണ്‍ഗ്രസിന്റെ ഭാഗമല്ലല്ലോ, അതിനാല്‍ ഇപ്പോള്‍ അതിനെ കുറിച്ച് പ്രതികരിക്കാൻ കഴിയില്ല. സംരക്ഷണം നല്‍കുന്നതിനെ കുറിച്ചുള്ള തീരുമാനം കെപിസിസി എടുക്കും” എന്നാണ് തങ്കപ്പന്റെ മറുപടി. രാഹുല്‍ കോണ്‍ഗ്രസുകാരനല്ലാത്തതിനാല്‍ നിലവില്‍ സംരക്ഷണം നല്‍കാനാവില്ലെന്നും, അദ്ദേഹം മണ്ഡലത്തില്‍ എത്തുമോ എന്ന കാര്യവും കെപിസിസി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ രാജിവെച്ചതിനെ തുടർന്ന് സ്ഥാനത്തേക്കുള്ള തർക്കം ഒഴിവാക്കാൻ എ ഗ്രൂപ്പ് ഫോർമുലയുമായി രംഗത്തെത്തി. കെഎസ്‌യുവിന്റെ മുൻ സംസ്ഥാന അധ്യക്ഷൻ കെ.എം. അഭിജിത്തിനെ പ്രസിഡന്റ് ആക്കുകയും, നിലവിലെ വൈസ് പ്രസിഡന്റ് അബിൻ വർക്കിയെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കുകയും ചെയ്യുന്ന മാതൃകയാണ് മുന്നോട്ട് വെച്ചത്. ഇതോടൊപ്പം, കെ.സി. വേണുഗോപാല്‍ ഗ്രൂപ്പില്‍ നിന്നുള്ള ബിനു ചുള്ളിയിലിനെയും ദേശീയ ജനറല്‍ സെക്രട്ടറിയാക്കണമെന്ന് എ ഗ്രൂപ്പ് നിർദേശിക്കുന്നു. സംഘടനാ തെരഞ്ഞെടുപ്പിലെ ചില ചട്ടങ്ങളില്‍ ഇരു ഗ്രൂപ്പുകള്‍ക്കും ഇളവ് നല്‍കിയാണ് പുതിയ ഫോർമുല മുന്നോട്ട് വച്ചിരിക്കുന്നത്.
സംഘടനയില്‍ പതിറ്റാണ്ടുകളായി മേല്‍ക്കൈ പുലർത്തുന്ന എ ഗ്രൂപ്പ്, അധ്യക്ഷ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ്. കെ.എം. അഭിജിത്തിന്റെ പേരാണ് അവർ ദേശീയ നേതൃത്വത്തെ അറിയിച്ചത്. ദേശീയ അധ്യക്ഷനെ തീരുമാനിക്കുന്ന മാതൃകയില്‍ പാനല്‍ തയ്യാറാക്കി അഭിമുഖത്തിലൂടെ അധ്യക്ഷനെ കണ്ടെത്തുകയെന്നതാണ് പോംവഴി. ഇതിലൂടെ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ബാധിക്കാതെയും ഐ ഗ്രൂപ്പിന്റെ അവകാശവാദത്തെയും നിരാശപ്പെടുത്താതെയും തീരുമാനമെടുക്കാൻ സാധിക്കുമെന്നാണ് കാണുന്നത്. മൂന്ന് യുവജന നേതാക്കളുടെയും പേരുകളുള്ള പാനലിനെ അടിസ്ഥാനമാക്കി തീരുമാനമെടുക്കുമെന്നും സൂചനയുണ്ട്. എ ഗ്രൂപ്പിന്റെ ഈ നീക്കത്തെ രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും നിഷേധിക്കില്ലെന്നാണ് വിലയിരുത്തല്‍. സംസ്ഥാനതലത്തിലുള്ള സമന്വയത്തിലൂടെയായിരിക്കും പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുക.