CRIMEKerala NewsReligion

‘കെ സുധാകരന്‍ എംപിയുടെ വീട്ടുപറമ്ബില്‍ നിന്നുള്ള കൂടോത്ര വീഡിയോയുടെ ഉറവിടം പറഞ്ഞാല്‍ പ്രതികരിക്കാം; അല്ലെങ്കില്‍ കമ എന്ന് മിണ്ടരുതെന്ന്’ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

Keralanewz.com

കാസര്‍കോട്: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിയുടെ വീട്ടുപറമ്ബില്‍ നിന്ന് കൂടോത്ര അവശിഷ്ടങ്ങള്‍ കണ്ടെടുക്കുന്ന വീഡിയോ കഴിഞ്ഞദിവസം വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
മാധ്യമങ്ങളും ഇതുസംബന്ധിച്ച്‌ വാര്‍ത്ത നല്‍കിയിരുന്നു.

കൂടോത്ര അവശിഷ്ടങ്ങള്‍ പുറത്തെടുക്കുന്നതിനിടെ കെ സുധാകരനൊപ്പം കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താനേയും കാണാമായിരുന്നു. ഇത്രയും ചെയ്തിട്ടും താന്‍ ബാക്കിയുണ്ടല്ലോയെന്ന് സുധാകരന്‍ ഉണ്ണിത്താനോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. അതിന് തനിക്ക് കൂടോത്രത്തില്‍ വിശ്വാസമുണ്ടെന്നും സൂക്ഷിക്കണമെന്നും ആയിരുന്നു ഉണ്ണിത്താന്‍ മറുപടി നല്‍കുന്നതും കേള്‍ക്കാം.

ഒന്നര വര്‍ഷം മുമ്ബെടുത്ത വീഡിയോ ആണ് ഇതെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തത്. ഇക്കാര്യത്തെ കുറിച്ച്‌ കാസര്‍കോട് പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിനിടെ രാജ്‌മോഹന്‍ ഉണ്ണിത്താനോട് മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി വീഡിയോയുടെ ഉറവിടം വെളിപ്പെടുത്താതെ പ്രതികരിക്കാനില്ലെന്നായിരുന്നു. ഉറവിടം വെളിപ്പെടുത്തിയാല്‍ താന്‍ എല്ലാം വിശദീകരിക്കാമെന്നും അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.

‘ആരാണ് വീഡിയോ തന്നതെന്ന് പറഞ്ഞാല്‍ സകല കാര്യങ്ങളും വിശദീകരിക്കാം. നിങ്ങള്‍ക്ക് ഈ സാധനം എവിടുന്ന് കിട്ടിയെന്ന് പറയൂ. അല്ലെങ്കില്‍ കമ എന്ന് മിണ്ടരുത്’ എന്നായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം. പറഞ്ഞകാര്യങ്ങളൊന്നും ജീവിതത്തില്‍ ഒരിക്കലും പിന്‍വലിച്ചിട്ടില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍, കോണ്‍ഗ്രസ് നേതാവ് എംസി പ്രഭാകരന്‍ എന്നിവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

കഴിഞ്ഞദിവസം സംഭവത്തില്‍ പ്രതികരണം ചോദിച്ചപ്പോള്‍ ഇക്കാര്യത്തെ കുറിച്ച്‌ ഉണ്ണിത്താനോട് ചോദിക്കൂ എന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ മറുപടി.

Facebook Comments Box