എന്നോട് ക്ഷമിക്കണം,’ യുകെ തിരഞ്ഞെടുപ്പില്‍ പരാജയം സമ്മതിച്ചുകൊണ്ട് ഋഷി സുനക്; രാജ്യത്തെ നയിക്കാൻ ഇനി കെയര്‍ സ്റ്റാര്‍മര്‍
ലണ്ടൻ:യുകെയിലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് കെയർ സ്റ്റാർമർ നേതൃത്വം നല്‍കുന്ന ലേബർ പാർട്ടി വൻ വിജയത്തിലേക്ക് നീങ്ങുന്നു.
14 വർഷത്തിന് ശേഷം ലേബർ പാർട്ടി അധികാരത്തില്‍ തിരിച്ചെത്തുകയാണ്, അതും ചരിത്ര വിജയത്തോടെ. ലേബർ പാർട്ടി ഇതുവരെ 373 സീറ്റുകള്‍ നേടിയപ്പോള്‍ നിലവിലെ പ്രധാനമന്ത്രി ഋഷി സുനക്കിൻ്റെ കണ്‍സർവേറ്റീവ് പാർട്ടിക്ക് 90 സീറ്റുകള്‍ മാത്രമാണ് നേടാനായുളളു. ബ്രിട്ടനിലെ ആകെയുള്ള 650 സീറ്റുകളില്‍ സർക്കാർ രൂപീകരിക്കാൻ 326 സീറ്റുകളാണ് വേണ്ടത്. ലേബർ പാർട്ടി ഇതിനോടകം കേവല ഭൂരിപക്ഷം മറികടന്നിരിക്കുന്നു.
ലേബർ പാർട്ടി ഭൂരിപക്ഷം നേടുന്നതിന് തൊട്ടുമുമ്പ് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്ക് പരാജയം സമ്മതിച്ചു. പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘ഈ പൊതുതെരഞ്ഞെടുപ്പില്‍ ലേബർ പാർട്ടി വിജയിച്ചു, വിജയത്തില്‍ അഭിനന്ദിക്കാൻ ഞാൻ സാർ കെയർ സ്റ്റാർമറെ വിളിച്ചിരുന്നു. സമാധാനപരമായും ചിട്ടയായും നല്ല മനസോടെയും അധികാരം കൈ മാറും. അത് നമ്മുടെ രാജ്യത്തിൻ്റെ സുസ്ഥിരതയിലും ഭാവിയിലും നമുക്കെല്ലാവർക്കും ആത്മവിശ്വാസം നല്‍കുന്ന ഒന്നാണ്’, അദ്ദേഹം പറഞ്ഞു.
തൻ്റെ ഹ്രസ്വ പ്രസംഗത്തിനിടെ കണ്‍സർവേറ്റീവ് സ്ഥാനാർത്ഥികളോടും സുനക് ക്ഷമാപണം നടത്തി. ‘ബ്രിട്ടീഷ് ജനത ഇന്ന് രാത്രിയില്‍ ഗൗരവമേറിയ ഒരു വിധി കല്‍പ്പിച്ചു. ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. തോല്‍വിക്ക് ഞാൻ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. നിരന്തരമായ പരിശ്രമങ്ങള്‍ക്കും, പ്രാദേശിക പ്രവർത്തനങ്ങള്‍ക്കും, ജനങ്ങള്‍ക്കായുള്ള സമർപ്പണത്തിനും ഇടയില്‍, തോറ്റുപോയ നിരവധി നല്ല, കഠിനാധ്വാനം ചെയ്യുന്ന കണ്‍സർവേറ്റീവ് സ്ഥാനാർത്ഥികളോട് ഞാൻ ഖേദിക്കുന്നു’, അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുവരെയുള്ള വോട്ടെണ്ണലില്‍ ലിബറല്‍ ഡെമോക്രാറ്റിക് പാർട്ടി 52 സീറ്റുകള്‍ നേടി. എസ്‌എൻപിക്കും റിഫോം യുകെ പാർട്ടിക്കും ഏഴ് സീറ്റ് വീതമാണ് ലഭിച്ചത്. എക്‌സിറ്റ് പോളുകള്‍ പ്രകാരം ലേബർ പാർട്ടിക്ക് 410 സീറ്റുകളും കണ്‍സർവേറ്റീവ് പാർട്ടിക്ക് 131 സീറ്റുകളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തുടനീളമുള്ള മണ്ഡലങ്ങളില്‍ കണ്‍സർവേറ്റീവ് പാർട്ടി കനത്ത പരാജയം ഏറ്റുവാങ്ങുമ്ബോള്‍, മുതിർന്ന നേതാവ് കോമണ്‍സ് നേതാവ് പെന്നി മൊർഡോണ്ടും പരാജയത്തിന്റെ രുചിയറിഞ്ഞു. പ്രതിരോധ സെക്രട്ടറി ഗ്രാൻ്റ് ഷാപ്‌സ് വെല്‍വിൻ ഹാറ്റ്‌ഫീല്‍ഡിലും ജസ്റ്റിസ് സെക്രട്ടറി അലക്സ് ചോക്ക് ചെല്‍ട്ടൻഹാമിലും പരാജയപ്പെട്ടു. വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ, സയൻസ് സെക്രട്ടറി മിഷേല്‍ ഡൊണലൻ, സാംസ്കാരിക സെക്രട്ടറി ലൂസി ഫ്രേസർ, വെറ്ററൻസ് മന്ത്രി ജോണി മെർസർ എന്നിവരും തോറ്റു.
റിഫോം യുകെ നേതാവ് നൈജല്‍ ഫാരേജ് ഏഴ് തവണ തോറ്റതിന് ശേഷം ആദ്യമായി എംപിയായി. മുൻ ലേബർ നേതാവ് ജെറമി കോർബിൻ പാർട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം സ്വതന്ത്ര സ്ഥാനാർത്ഥിയായി ഇസ്ലിംഗ്ടണ്‍ നോർത്ത് സീറ്റില്‍ വിജയിച്ചു. ലേബർ പാർട്ടിയുടെ ജോനാഥൻ ആഷ്‌വർത്ത് ലെസ്റ്റർ സൗത്തില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. എന്നിരുന്നാലും, റിച്ച്‌മണ്ടിലെയും നോർത്തല്ലെർട്ടണിലെയും സീറ്റില്‍ സുനക്കിന് വിജയിക്കാൻ കഴിഞ്ഞു.
‘മാറ്റം ഇപ്പോള്‍ ആരംഭിക്കുന്നു’: സ്റ്റാർമർ
മാറ്റം ഇപ്പോള്‍ ആരംഭിക്കുന്നുവെന്ന് തൻ്റെ പാർട്ടി വിജയിച്ചതിന് ശേഷം നടത്തിയ പ്രസംഗത്തില്‍ സ്റ്റാർമർ പറഞ്ഞു. ‘ഞങ്ങള്‍ അത് നേടി. നിങ്ങള്‍ അതിനായി പ്രചാരണം നടത്തി, അതിനായി പോരാടി, ഇന്നത്തെ രാത്രി ജനങ്ങള്‍ സംസാരിച്ചു. അവര്‍ മാറ്റത്തിന് സജ്ജരാണ്. മാറ്റം ഇവിടെ തുടങ്ങുകയാണ്’, അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം കടുത്ത വെല്ലുവിളികള്‍ നേരിടുന്ന സമയത്താണ് സ്റ്റാർമർ അധികാരമേല്‍ക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ബ്രിട്ടൻ്റെ നികുതിഭാരം ഏറ്റവും ഉയർന്ന നിരക്കില്‍ എത്തിയിരിക്കുകയാണ്. കടം വാർഷിക സാമ്ബത്തിക ഉല്‍പ്പാദനത്തിന് ഏതാണ്ട് തുല്യമാണ്, ജീവിതനിലവാരം ഇടിഞ്ഞു, പൊതുസേവനങ്ങള്‍ തകർന്നു, പ്രത്യേകിച്ച് പണിമുടക്കില്‍ ആരോഗ്യ സേവനങ്ങളും താറുമാറായി കിടക്കുകയാണ്. 200 വർഷത്തിനിടയിലെ ഏറ്റവും പ്രായംകുറഞ്ഞ, വെള്ളക്കാരനല്ലാത്ത ആദ്യപ്രധാനമന്ത്രിയെന്ന നേട്ടമെഴുതിയാണ് സുനക് പടിയിറങ്ങുന്നത്