Kerala NewsPolitics

ആരാകും യൂത്ത് കോണ്‍ഗ്രസിന്റെ അടുത്ത സംസ്ഥാന അധ്യക്ഷൻ? അവകാശവാദവുമായി ഉമ്മൻചാണ്ടി ബ്രിഗേഡും

Keralanewz.com

തിരുവനന്തപുരം: ലൈംഗികാരോപണങ്ങളില്‍പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷപദം രാജിവെച്ചതിന് പിന്നാലെ സംഘടനയ്ക്കുള്ളില്‍ ചരടുവലികള്‍ ശക്തം.
യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന സെക്രട്ടറിക്കായി ഗ്രൂപ്പുകള്‍ കരുനീക്കങ്ങള്‍ നടത്തുന്നതിനിടെ ഉമ്മൻ ചാണ്ടി ബ്രിഗേഡും സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന് പകരക്കാരനായി എത്തുന്നത് ഉമ്മൻ ചാണ്ടി ബ്രിഗേഡില്‍പെട്ട നേതാവാകണം എന്നാണ് ആവശ്യം.

രണ്ടു നേതാക്കളുടെ പേരാണ് ഉമ്മൻചാണ്ടി ബ്രിഗേഡ് മുന്നോട്ടുവെക്കുന്നത്. കെ എം അഭിജിത്ത്, വിഷ്ണു സുനില്‍ പന്തളം എന്നിവർക്കായാണ് ഉമ്മൻ ചാണ്ടി ബ്രിഗേഡ് രംഗത്തെത്തിയത്. സംസ്ഥാന അധ്യക്ഷന്റെ നിയമനം സംസ്ഥാന കമ്മിറ്റിയില്‍ നിന്നല്ലെങ്കില്‍ കെ എം അഭിജിത്തിനാണ് ഉമ്മൻചാണ്ടി ബ്രിഗേഡിൻറെ പിന്തുണ. ഇതിനൊപ്പം തന്നെ വിഷ്ണു സുനില്‍ പന്തളത്തിന്റെ പേരും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി ബ്രിഗേഡ് ഉന്നയിക്കുന്നുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിൻറെ പകരക്കാരൻ ഇവരില്‍ ഒരാളായിരിക്കണമെന്ന നിലപാടാണ് ഉമ്മൻചാണ്ടി ബ്രിഗേഡ് മുന്നോട്ട് വച്ചിരിക്കുന്നത്.

അധ്യക്ഷ സ്ഥാനത്തേക്ക് ദേശീയ സെക്രട്ടറി ബിനു ചുള്ളിയില്‍, നിലവിലെ വൈസ് പ്രസിഡൻറ് അബിൻ വർക്കി,കെ എസ്‍ യു മുൻ സംസ്ഥാന പ്രസിഡൻറ് കെ എം അഭിജിത്ത് എന്നിവർക്ക് വേണ്ടിയാണ് ആദ്യഘട്ടം മുതലേ ഗ്രൂപ്പുകള്‍ ചേരിതിരിഞ്ഞ് കരുനീക്കങ്ങള്‍ നടത്തുന്നത്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പക്ഷം ബിനു ചുള്ളിയിലിന് വേണ്ടി ശക്തമായി രംഗത്തുണ്ട്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കൂട്ടരുടെയും താത്പര്യം അബിൻ വർക്കി അധ്യക്ഷ സ്ഥാനത്തെത്തണം എന്നതാണ്. മുൻ സംഘടനാ തിരഞ്ഞെടുപ്പില്‍ അബിൻ വർക്കിക്ക് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു എന്ന വാദമാണ് ചെന്നിത്തല പക്ഷം ഉയർത്തുന്നത്. എം കെ രാഘവൻ എം പിയും എ ഗ്രൂപ്പിലെ ഒരു വിഭാഗവുമാണ് ആദ്യ ഘട്ടത്തില്‍ കെ എം അഭിജിത്തിനെ പിന്തുണച്ചത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിതാ നേതാവ് വരട്ടെ എന്നും ചില നേതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇതിനിടയിലേക്കാണ് ഇപ്പോള്‍ ഉമ്മൻ ചാണ്ടി ബ്രിഗേഡും കെ എം അഭിജിത്തിനായി സജീവമായി രംഗത്തെത്തിയത്. അവസാന നിമിഷം വരെ അപ്രതീക്ഷിത നീക്കങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതിനിടെ, രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെൻഡ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ചതിന് ശേഷമാണ് രണ്ടാം ഘട്ട നടപടിയായി പാർട്ടിയില്‍ നിന്നും സസ്‌പെൻഡ് ചെയ്തത്. ഇതോടെ രാഹുല്‍ പാലക്കാട് എംഎല്‍എ സ്ഥാനം രാജി വയ്ക്കാതെ തുടരാനാണ് സാധ്യത. നിയമസഭ സമ്മേളനം തുടങ്ങുമ്ബോള്‍ രാഹുല്‍ പാലക്കാട് എംഎല്‍എ ആണെങ്കിലും കോണ്‍ഗ്രസ് പ്രതിനിധി ആയിരിക്കില്ല. അതിനാല്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ പങ്കെടുക്കാൻ സാധ്യതയില്ല. അവധിയെടുക്കാൻ നിർദ്ദേശിച്ചേക്കുമെന്നും പാർട്ടി വൃത്തങ്ങളില്‍ നിന്നും സൂചനയുണ്ട്.
ആറു മാസത്തേക്കാണ് നടപടി

രാഹുല്‍ എംഎല്‍എ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയില്‍ ശക്തമായിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പ് ഭീതിയില്‍ രാജിയില്ലെന്നും സസ്പെൻഷനില്‍ ഒതുക്കുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഒടുവിലാണ് രാഹുലിനെ സസ്പെൻഡ് ചെയ്തുകൊണ്ടുളള നടപടി പാർട്ടിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

Facebook Comments Box