Mon. Apr 29th, 2024

നവകേരള ബസിനെ വെല്ലുന്ന ആഡംബര ബസ് , ലിഫ്റ്റിൽ ഉയർന്നുവന്ന് ബസിന് മുകളിൽ നിന്ന് രാഹുൽ പ്രസംഗിക്കും.

By admin Jan 15, 2024 #congress #priyanka #Rahul Gandhi
Keralanewz.com

ഇംഫാല്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ തുറുപ്പു ചീട്ടാണ്

തെലുങ്കാന രജിസ്‌ട്രേഷനുള്ള ബസില്‍ കോണ്‍ഫറൻസ് റൂമും ശുചിമുറിയും അടക്കമുള്ള സൗകര്യങ്ങള്‍; ഇനിയുള്ള രണ്ട് മാസം രാഹുല്‍ ഗാന്ധി ഉറങ്ങുക കണ്ടെയ്‌നറുകളില്‍; പൊതു തിരഞ്ഞെടുപ്പില്‍ ‘ഭാരത് ജോഡോ ന്യായ് യാത്ര’ ഊര്‍ജ്ജമാകുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്

രാഹുൽ നടത്തിയ ഒന്നാം ഘട്ട ഭാരത് ജോഡോ യാത്ര വൻ വിജയമായിരുന്നു യാത്ര പോയ വഴികളിലെല്ലാം ആയിരങ്ങൾ തിങ്ങി നിറഞ്ഞിരുന്നു എന്നാൽ അതൊന്നും വോട്ടായി മാറിയില്ല എന്നത് ഒട്ടൊന്നുമല്ല കോൺഗ്രസിനെ പ്രതിസന്ധിയിലാഴ്ത്തിയത്. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനം ഇല്ലാതാക്കിയത് രാഹുലിന്റെ പ്രധാനമന്ത്രി പദം എന്ന മോഹമാണ്.

ലോക്സഭാ ഇലക്ഷൻ അടുത്തിരിക്കുന്ന സമയത്ത് നടക്കുന്ന ജാഥയ പൊതു ജനം ഏറ്റെടുത്താൽഅത് തെരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസിന് പുത്തൻ ഊര്‍ജ്ജം പകരും എന്ന പ്രതീക്ഷയിലാണ് യാത്ര മുന്നോട്ടു പോകുന്നത്. 100 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയാണ് രാഹുലിന്റെ യാത്ര മുന്നോട്ടു പോകുന്നത്. പക്ഷേ ഇതില്‍ കോണ്‍ഗ്രസിനുള്ളത് പത്തില്‍ താഴെ സീറ്റുകള്‍ മാത്രമാണ് .

കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ കാല്‍നടയായി സഞ്ചരിച്ച രാഹുലിന്റെ ഇത്തവണത്തെ യാത്ര ബസിലാണ്. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കായി രാഹുല്‍ സഞ്ചരിക്കുന്ന ബസില്‍ ലിഫ്റ്റ് മുതല്‍ കോണ്‍ഫറൻസ് റൂം വരെയുണ്ട്. നേരത്തെ കേരള യാത്രക്കായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമായി ഒരുക്കിയ ബസിന്റെ വിശേഷങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ രാഹുലിന്റെ ബസിന്റെ വിവരങ്ങളും കേരളത്തില്‍ ചര്‍ച്ചയാകുന്നുണ്ട്.

ബസിനു മുകളിലേക്ക് ഉയര്‍ന്നുവരുന്ന ലിഫ്റ്റ് ആണ് സജ്ജമാക്കിയിരിക്കുന്നത്. ലിഫ്റ്റില്‍ ഉയര്‍ന്നുവന്ന്, ബസിനു മുകളില്‍ നിന്ന് രാഹുല്‍ പ്രസംഗിക്കും. 8 പേര്‍ക്കു യോഗം ചേരാവുന്ന കോണ്‍ഫറൻസ് റൂമാണ് ബസിനു പിന്നിലുള്ളത്. യാത്രയ്ക്കിടെ ജനങ്ങളുമായി ഇവിടെ രാഹുല്‍ ചര്‍ച്ച നടത്തും. ബസിനു പുറത്ത് സ്ഥാപിച്ചിട്ടുള്ള സ്‌ക്രീനിലൂടെ അത് പുറത്തുള്ളവര്‍ക്കു തല്‍സമയം കാണാനാകും. ബസില്‍ ശുചിമുറിയും സജ്ജമാക്കിയിട്ടുണ്ട്.

ഇനിയുള്ള 2 മാസക്കാലം എ സി കണ്ടെയ്‌നറായിരിക്കും രാഹുലിന്റെ വീട്. കിടക്ക സജ്ജമാക്കിയ കണ്ടെയ്‌നറിലായിരിക്കും അദ്ദേഹം രാത്രി ഉറങ്ങുക. മണിപ്പുരിലെ തൗബാലിലെ ഖാങ്‌ജോം യുദ്ധ സ്മാരകത്തില്‍ പ്രണാമമര്‍പ്പിച്ച ശേഷമാണ് യാത്രയ്ക്കു തുടക്കമിട്ടത്. ഇന്ന് നാഗാലാൻഡിലേക്കു കടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ, രാഹുലിനെ കാത്തിരിക്കുന്ന വെല്ലുവിളി ചെറുതല്ല.

യാത്ര കടന്നുപോകുന്ന ഭൂരിഭാഗം സംസ്ഥാനങ്ങളിലും സംഘടനാപരമായി കോണ്‍ഗ്രസ് തീര്‍ത്തും ദുര്‍ബലമാണ് ജനങ്ങളെ ചേര്‍ത്തുപിടിച്ചുള്ള യാത്രയിലൂടെ കോണ്‍ഗ്രസിനു പുതുജീവൻ നല്‍കാൻ രാഹുലിനു സാധിക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ മുൻപ് നടത്തിയ ഭാരത് ജോഡോ പദയാത്രയിലൂടെ കര്‍ണാടക, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് അനുകൂലമായ വികാരം സൃഷ്ടിക്കാൻ സാധിച്ചെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ ഫലം കണ്ടില്ല.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളില്‍ നിന്നാരംഭിച്ച്‌ ഉത്തര, മധ്യ ഇന്ത്യയിലൂടെ പടിഞ്ഞാറുള്ള മഹാരാഷ്ട്രയിലേക്കു സഞ്ചരിക്കുന്ന ന്യായ് യാത്ര, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു മുന്നിലുള്ള പിടിവള്ളിയും പ്രതീക്ഷയുമാണ്. സംഘടനാദൗര്‍ബല്യം മറികടന്ന് ജനങ്ങളെ കോണ്‍ഗ്രസിലേക്ക് അടുപ്പിക്കാനുള്ള രാഷ്ട്രീയമാജിക് രാഹുലില്‍ നിന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നു. യാത്ര നീതിക്കും ന്യായത്തിനും വേണ്ടിയുള്ളതാണെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതല്ലെന്നും പുറമേ പറയുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് മുന്നില്‍ക്കാണുന്ന ഏക ലക്ഷ്യം തിരഞ്ഞെടുപ്പ് വിജയം തന്നെ.
നവകേരള സദസ്സിനായി മുഖ്യമന്ത്രി ഉപയോഗിച്ച ബസിന്റെ പേരിൽ ആഴ്ചകളോളം കോലാഹലം സൃഷ്ടിച്ച കോൺഗ്രസ് നേതാക്കൾ, വെറും MP മാത്രമായ രാഹുലിന്റെ ആഡംബര യാത്രയെ എങ്ങനെ ന്യായീകരിക്കും എന്നറിയാൻ കാത്തിരിക്കുകയാണ് കേരള സമൂഹം .

Facebook Comments Box

By admin

Related Post